ലിബിയയിൽ റഷ്യൻ യുദ്ധക്കപ്പൽ ആക്രമിച്ചത് ഉക്രയ്‌നെന്ന് സെലൻസ്‌കി

ലിബിയയിലെ ബെൻഗാസി നാവികത്താവളത്തിൽ നങ്കൂരമിട്ട റഷ്യൻ യുദ്ധക്കപ്പൽ ഉക്രയ്ൻ ആക്രമണത്തിൽ മുങ്ങിയതിന്റെ ആകാശദൃശ്യം | Photo by Vantor/AP
ട്രിപോളി : ലിബിയയിലെ ബെൻഗാസി നാവികത്താവളത്തിൽ നങ്കൂരമിട്ട റഷ്യൻ യുദ്ധക്കപ്പൽ മെർക്കുറിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നിൽ ഉക്രയ്‌നെന്ന് പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്‌കി. ഏഴ് നാവിക ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ കപ്പൽ തകർന്നു. ആയുധങ്ങൾ കടത്തുന്ന മറ്റൊരു റഷ്യൻ കപ്പലിന് നേരെയും ആക്രമണം നടത്തിയതെന്നും റഷ്യയുടെ കെഎ27 ഹെലികോപ്റ്റർ നശിപ്പിച്ചതായും സെലൻസ്‌കി അവകാശപ്പെട്ടു.
അതേസമയം, ലിബിയയെ വിദേശ ശക്തികളുടെ പോർക്കളമാക്കരുതെന്നും സംഭവത്തിൽ ഉടൻ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ഐക്യരാഷ്‌ട്രസഭ ആവശ്യപ്പെട്ടു. ആക്രമണത്തെക്കുറിച്ച് റഷ്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഞായറാഴ്ച പുലർച്ചെ ബെൻഗാസിയിലെ താമസക്കാർ വലിയ സ്ഫോടന ശബ്ദം കേട്ടതായും, ബേസിൽ തീ പടരുന്നത് കണ്ടതായും വെളിപ്പെടുത്തിയിട്ടുണ്ട്. സിവിൽ ഡിഫൻസ് സ്ഥലത്തെത്തി തീ അണച്ചതായി അധികൃതർ പറഞ്ഞു.
റഷ്യയും ലിബിയയിലെ സർക്കാരും തമ്മിലുള്ള സഹകരണ കരാറിന്റെ ഭാഗമായി ഇന്ധനം നിറയ്ക്കുന്നതിനും സാധനങ്ങൾ കൊണ്ടുപോകുന്നതിനുമാണ് റഷ്യൻ യുദ്ധക്കപ്പൽ ബെൻഗാസിയിൽ നങ്കൂരമിട്ടത്. അതേസമയം, കപ്പലിനെക്കുറിച്ചോ അതിലെ ചരക്കിനെക്കുറിച്ചോ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.








0 comments