കുടുംബശ്രീ പ്രീമിയം കഫേ റസ്‌റ്റോറന്റിന് ഒരുമാസം
ഹിറ്റാണീ പ്രീമിയം സ്വാദ്


അശ്വതി ജയശ്രീ
Published on Dec 04, 2025, 12:05 AM | 1 min read
പത്തനംതിട്ട
നഗരഹൃദയത്തിൽ രുചിവൈവിധ്യങ്ങളുമായെത്തിയ കുടുംബശ്രീ പ്രീമിയം കഫേ റസ്‌റ്റോറന്റിന് ഇന്ന് ഒരു മാസം പ്രായം. നവംബർ നാലിന് മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്ത കഫേ കുറഞ്ഞ സമയത്തിൽ പത്തനംതിട്ടയ്ക്ക് പ്രിയങ്കരമായി.
നവംബർ നാലുമുതൽ ഡിസംബർ മൂന്നുവരെ ഏകദേശം 11.70 ലക്ഷം രൂപയുടെ കച്ചവടമാണ് നടന്നത്. ഇവിടുത്തെ നാടൻ ഉൗണും ബിരിയാണിയും പ്രഭാതഭക്ഷണങ്ങളുമടക്കം ഭക്ഷണപ്രേമികൾക്കിടയിൽ ഹിറ്റാണ്. കെഎസ്‌ആർടിസി, സ്വകാര്യ ബസ് സ്റ്റാൻഡുകൾക്ക് സമീപമായതിനാൽ യാത്രക്കാർക്കും കഫേ ഗുണകരമാണ്. ജില്ലയിലെ രണ്ടാമത്തെ ഔട്ട്‌ലെറ്റാണ് ചൊവ്വാഴ്‌ച പത്തനംതിട്ടയിൽ പ്രവർത്തിക്കുന്നത്.
സ്വകാര്യ ബസ് സ്‌റ്റാൻഡിന് സമീപത്തെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ട്രാവലേഴ്സ് ലോഞ്ച് കെട്ടിടത്തിലാണ് പ്രവർത്തനം. ഒരു വർഷത്തേക്ക് വാടക പൂർണമായി ഒഴിവാക്കി നൽകി നഗരസഭയും കുടുംബശ്രീയ്‌ക്കൊപ്പം നിന്നു. പൂർണമായും ശീതീകരിച്ച റസ്‌റ്റോറന്റിൽ ഒരേസമയം 50 പേർക്കിരുന്ന് ഭക്ഷണം കഴിക്കാം. രാവിലെ ആറുമുതൽ പ്രവർത്തനമാരംഭിക്കും. വെജ്, നോൺവെജ് ഭക്ഷണങ്ങളും വിവിധതരം ജ്യൂസ്, ഷേക്കുകൾ എന്നിവയും ലഭിക്കും. ചായയും ചെറുകടികളും വിതരണം ചെയ്യാൻ പ്രത്യേക സ്ഥലവുമുണ്ട്.
ഭാവിയിൽ കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുകൂടി കഫേ സൗകര്യം വർധിപ്പിച്ചാൽ കൂടുതൽപേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാനാകും.








0 comments