കുളനട കുടുംബശ്രീ പ്രീമിയം കഫേ
കോടി ക്ലബിലെ താരം

പത്തനംതിട്ട
പ്രവർത്തനമാരംഭിച്ച് ഒരുവർഷവും രണ്ടുമാസവും പിന്നിടുമ്പോൾ "കോടി ക്ലബി'ൽ കയറി താരമായി കുളനടയിലെ കുടുംബശ്രീ പ്രീമിയം കഫേ. 2024 സെപ്‌തംബർ 12ന് മന്ത്രി എം ബി രാജേഷാണ് ജില്ലയിലെ ആദ്യ കുടുംബശ്രീ പ്രീമിയം കഫേ ഉദ്‌ഘാടനം ചെയ്തത്. ഇക്കാലയളവിൽ 1.10 കോടി രൂപയാണ് സ്ഥാപനത്തിന്റെ വിറ്റുവരവ്.
സംസ്ഥാനത്തെ പ്രധാന പാതയായ എംസി റോഡില്‍ പന്തളം ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന് സമീപം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ അനിമിറ്റി സെന്ററിലാണ് കഫേയുടെ പ്രവര്‍ത്തനം. ആദ്യഘട്ടത്തില്‍ എറണാകുളം അങ്കമാലി, തൃശൂര്‍ ഗുരുവായൂര്‍, വയനാട് മേപ്പാടി എന്നിവിടങ്ങളില്‍ ആരംഭിച്ച കഫേയുടെ രണ്ടാംഘട്ടമാണ് കുളനടയിലേത്.
മികച്ച പരിശീലനം ലഭിച്ച വനിതകളുടെ നേതൃത്വത്തിലാണ് കഫേ പ്രവര്‍ത്തനം. പൂര്‍ണമായും ശീതീകരിച്ച റസ്‌റ്റോറന്റിനോട് ചേര്‍ന്ന് റിഫ്രഷ്മെന്റ് ഹാള്‍, മീറ്റിങ് നടത്താനുള്ള ഹാള്‍, കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ കിയോസ്‌ക്, ജ്യൂസ് കൗണ്ടര്‍, ഡോര്‍മിറ്ററി സംവിധാനം, റൂമുകള്‍, ശുചിമുറികള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ജില്ലയിലെ രണ്ടെണ്ണമടക്കം സംസ്ഥാനത്ത് 14 പ്രീമിയം കഫേകളാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നത്.








0 comments