ചക്ക ഉൽപ്പന്നങ്ങളുടെ നിർമാണത്തിന് സ്റ്റാർ ജാക്കിന് സംസ്ഥാന കർഷക ക്ഷേമ അവാർഡ്
മിന്നുംതാരമായി സ്റ്റാർ ജാക്ക് സ്റ്റാർ ജാക്ക്

ജി സതീശൻ
Published on Aug 14, 2025, 12:05 AM | 1 min read
പത്തനംതിട്ട
ആർക്കും വേണ്ടാതെ പറമ്പിൽ കിടന്നു പോകുന്ന ചക്കയുടെ ഗുണവും ഒൗഷധഗുണവും തിരിച്ചറിയുകയും വേണ്ടരീതിയിൽ ഉപയോഗിക്കുകയും ചെയ്‌ത സ്‌റ്റാർ ജാക്കിനെ തേടി സംസ്ഥാന കർഷക പുരസ്‌കാരം. ചക്ക സംസ്കരണത്തിനും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനത്തിനും ഉള്ള സംസ്ഥാന സർക്കാർ അവാർഡ് നേടിയ "സ്റ്റാർ ജാക്ക് കമ്പനിയുടെ ഉൽപ്പന്നങ്ങൾ എല്ലാം ജനശ്രദ്ധനേടിയവയാണ്. ചുക്ക് ചേരാത്ത കക്ഷായമില്ലെന്ന പഴഞ്ചൊല്ലു പോലെഉൽപ്പന്നങ്ങളും എല്ലാം ചക്ക ചേർത്താണ് നിർമിക്കുന്നത്. ചക്ക അധിഷ്ഠിതമായ 15 തരം കുക്കീസ് ബിസ്കറ്റുകൾ, വിവിധ തരം ബ്രഡുകൾ 15 തരം പുട്ടുപൊട്ടികൾ തുടങ്ങി നാൽപ്പതിലധികം ചക്കയുടെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഇവിടെ നിർമിക്കുന്നുണ്ട്. പ്രമേഹ രോഗികൾക്കുപയോഗിക്കാവുന്ന പ്രത്യേക ബ്രഡുകളുമുണ്ട് . സീസണിൽ ലഭിക്കുന്ന ചക്ക ഉണക്കിപ്പൊടിച്ച് സൂക്ഷിക്കും. അതുകൊണ്ട് വർഷം മുഴുവനും ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ കഴിയും. പത്തനംതിട്ട ഏഴംകുളം പാലമുക്കിലാണ് കമ്പനിയുടെ ആസ്ഥാനം, രണ്ടാം പിണറായി സർക്കാരിന്റെ പുതിയ വ്യവസായ സംരംഭങ്ങളുടെ കൂട്ടത്തിൽ ആരംഭിച്ചതാണിത്. പ്രവാസി സംരംഭകരനായ തങ്കച്ചൻ യോഹന്നാനാണ് ഉടമ. പ്രതിവർഷം 150 ടണ്ണിലധികം ചക്ക സംസ്കരിച്ചെടുക്കാൻ കഴിയുന്ന പ്ലാന്റാണ് കമ്പനിക്കുള്ളത്. മികച്ച സാങ്കേതികമേന്മയുള്ള സ്ഥാപനമാണിത്. ഡിഫൻസ് റിസർച്ച് ഡെവലപ്മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത ചക്ക സംസ്കരണത്തിനുള്ള സാങ്കേതിക വിദ്യയുടെ പേറ്റന്റുള്ള ഉല്പന്നങ്ങളാണ് കമ്പനിയ്ക്കുള്ളത്. ഇന്ത്യൻ ഹോർട്ടി കോർപ്പ് ഗവേഷണ സ്ഥാപനത്തിന്റെ ചക്ക അധിഷ്ഠിത ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനുള്ള പേറ്റന്റും സ്വന്തമായുണ്ട്. ഈ സാങ്കേതിക വിദ്യയിൽ സംസ്കരണവും ഉൽപ്പാദനവും നടത്തുന്ന അപൂർവ്വം സ്ഥാപനങ്ങളിലൊന്നാണിത്. നല്ലൊരു കർഷകൻ കൂടിയായ തങ്കച്ചൻ ഏഴ് ഏക്കറിലധികം പ്ലാവ് കൃഷി ചെയ്തിട്ടുണ്ട്. വെറുതെ പാഴായി പോകുന്ന ചക്ക ഉപയോഗപ്പെടുത്തി നാട്ടിൽ കുറേ പേർക്ക് തൊഴിൽ നൽകാനുതകുന്ന ഒരു സംരംഭം ആരംഭിക്കണമെന്ന ഏഴംകുളം പഞ്ചായത്തംഗം ബാബു ജോണിന്റെ നിർബ്ബന്ധമാണ് ഈ സംരംഭത്തിലേക്കിറങ്ങി തിരിക്കാൻ പ്രേരിപ്പിച്ചതെന്ന് തങ്കച്ചൻ പറഞ്ഞു.










0 comments