മുഖ്യമന്ത്രി ആര്?
തെരുവിൽ കാണിക്കാമെന്ന്...

പത്തനംതിട്ട നഗരത്തിൽ ഗാന്ധിപ്രതിമയ്‌ക്കുസമീപം കെ സി വേണുഗോപാലിന്റെ ചിത്രംവച്ച ബോർഡ് മറിച്ചിട്ട നിലയിൽ
ആർ രാജേഷ്
Published on May 09, 2026, 12:15 AM | 1 min read
പത്തനംതിട്ട
മുഖ്യമന്ത്രി ആരെന്നതിനെ ചൊല്ലി യുഡിഎഫിൽ ഉടലെടുത്ത പോര് പത്തനംതിട്ടയിലും തെരുവിലെത്തി. നിയുക്ത റാന്നി എംഎൽഎ പഴകുളം മധുവിനെതിരെ കോൺഗ്രസ് സൈബർ ഹാൻഡിലുകളിൽ അധിക്ഷേപവർഷം. ഫ്ലക്‌സ് ബോർഡുകളിൽ തുടങ്ങിയ ചേരിപ്പോരാണ് ജനങ്ങളുടെ സ്വൈര്യജീവിതത്തിനും ഭീഷണിയായത്. ‘പട നയിച്ചവൻ നയിക്കട്ടെ’ എന്നെഴുതിയ സാമൂഹിക കൂട്ടായ്‌മയുടെ പേരിലുള്ള ബാനറുമായി നൂറോളം വരുന്ന വി ഡി സതീശൻ അനുകൂലികൾ വെള്ളി രാവിലെ പത്തനംതിട്ട നഗരത്തിൽ പ്രകടനം നടത്തി. കെ സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്‌ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചായിരുന്നു സതീശന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. കെ സി വേണുഗോപാലിന്റെ ചിത്രംവച്ച് ‘നയിച്ചവൻ നായകൻ’ എന്നെഴുതി ദിവസങ്ങൾക്കു മുന്പ് ഗാന്ധിപ്രതിമയ്‌ക്കു സമീപം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പേരിൽവച്ച ബോർഡ് ഇതിനിടയിൽ മറിച്ചിടുകയും ചെയ്‌തു.
കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാകാൻ പിന്തുണയ്‌ക്കുമെന്ന പരാമർശമാണ് കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ പഴകുളം മധുവിനെതിരെയുള്ള സൈബർ ആക്രമണത്തിന് കാരണം. എംഎൽഎയുടെ പണി ഇഷ്‌ടക്കാരെ മുഖ്യമന്ത്രിയാക്കാൻ കൈപൊക്കലല്ലെന്ന് ഓർത്താൽ നന്ന് എന്നുപറയുന്ന പോസ്‌റ്റിൽ, അങ്ങനെയെങ്കിൽ കെ സി വേണുഗോപാലിന് മത്സരിക്കാൻ പഴകുളം മധു റാന്നി ഒഴിഞ്ഞുകൊടുക്കുമോയെന്നും ചോദിക്കുന്നു. കാര്യം കഴിഞ്ഞപ്പോൾ പ്രവർത്തകരെ മറന്നാൽ അനുഭവിക്കുമെന്ന് മുന്നറിയിപ്പുമുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് രൂപീകരിച്ച ‘യുഡിഎഫ് റാന്നി മീഡിയ’ വാട്ട്‌സാപ്പ് ഗ്രൂപ്പിലും മധുവിനെ പ്രതിരോധത്തിലാക്കി വീഡിയോ പ്രത്യക്ഷപ്പെട്ടു. 2025 ഫെബ്രുവരി നാലിന് കെ സി വേണുഗോപാൽ ചാനലിന് നൽകിയ ഇന്റവ്യൂവാണ് പ്രചരിപ്പിച്ചത്. മുഖ്യമന്ത്രിയാകാൻ കെ സി വേണുഗോപാൽ പറന്നിറങ്ങുന്നുവെന്നുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനാണ് ‘സ്ഥാനത്തിനായി കടിപിടികൂടാൻ താനില്ലെന്നും അത്തരം പ്രചാരണം തന്നെ വേദനിപ്പിക്കുന്നു’വെന്നുമുള്ള വേണുഗോപാലിന്റെ മറുപടിയാണ് വീഡിയോയിൽ. ഇത് പരമാവധി പ്രചരിപ്പിക്കാൻ ആഹ്വാനവുമുണ്ട്.
അതേസമയം പഴകുളം മധുവിന്റെ നിലപാട് കാര്യമാക്കേണ്ടെന്നും ജില്ലയിൽനിന്നുള്ള മന്ത്രിയാകാനുള്ള കളിയുടെ ഭാഗമായി ഇതിനെ കണ്ടാൽമതിയെന്നുമാണ് മുതിർന്ന നേതാക്കളുടെ നിലപാട്. ആ പരിപ്പ് ഇവിടെ വേവില്ലെന്നും സാമുദായിക പരിഗണന പ്രധാനമാകുന്നതോടെ സ്വാഭാവികമായി പഴകുളം മധു പുറത്തുപോകുമെന്നും ഡിസിസി ഭാരവാഹി "ആത്മവിശ്വാസം' പ്രകടിപ്പിച്ചു.









0 comments