എൽപിജിക്ക് പിന്നാലെ ചൂടും
ഓടിത്തളർന്ന് ഓൺലൈൻ ഭക്ഷണ വിതരണരംഗം

പത്തനംതിട്ട
എൽപിജി ക്ഷാമത്തിനു പിന്നാലെ കനത്ത ചൂടുകൂടിയായതോടെ ഓൺലൈൻ ഭക്ഷണവിതരണ രംഗത്തെ തൊഴിൽ പ്രതിസന്ധി രൂക്ഷമായി. പാചകവാതകക്ഷാമം മൂലം പ്രധാന ഹോട്ടലുകളിൽ മെനു വീട്ടിക്കുറച്ചത് ഇതുവരെ പൂർവസ്ഥിതിയിലായിട്ടില്ല. ഓർഡറുകളുടെ എണ്ണത്തിലും വലിയ കുറവാണ്. അതിനിടെയാണ് ചൂട് വില്ലനായത്. പകൽ 11 മുതൽ വൈകിട്ട് മൂന്നുവരെ വെയിൽ നേരിട്ടേൽക്കുന്ന ജോലികൾക്ക് നിയന്ത്രണം വേണമെന്ന് തൊഴിൽ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും നിർദേശമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കമ്പനികളിൽനിന്ന് ഒരുവിധ മാർഗനിർദ്ദേശവും തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല. ചൂട് അതി കഠിനമായ സമയങ്ങളിൽ ഓർഡർ നിരക്കിൽ വർധന വരുത്തിയിരിക്കുകയാണ് മിക്ക ഓൺലൈൻ ഭക്ഷണവിതരണ കമ്പനികളും. അഞ്ച് മുതൽ പത്തുവരെയാണ് ഇത്തരത്തിൽ ഓർഡർ ഒന്നിന് വരുമാന നിരക്കിൽ വർധന വരുത്തിയത്. ഇതോടെ വെയിലിനെ വകവയ്‌ക്കാതെ പലരും ജോലിക്കിറങ്ങുന്ന സ്ഥിതിയുണ്ട്. ഉച്ചസമയങ്ങളിൽ 36 മുതൽ 39 വരെയാണ് അന്തരീക്ഷ താപനില. ഈർപ്പം കൂടുതൽ ആയതിനാൽ ദേഹാസ്വാസ്ഥ്യത്തിന് ഇടവരുത്തുന്ന കാലാവസ്ഥയാണുള്ളത്. ഉച്ചസമയത്ത് നിരക്കുകൂട്ടി നൽകുന്നത് തൊഴിലാളി താൽപര്യമല്ല, മറിച്ച് ചൂഷണമാണെന്നും ആക്ഷേപമുണ്ട്.









0 comments