പ്രതിഷേധമുയർത്തി എഫ്‌എസ്‌ഇടിഒ
അന്യായ സ്ഥലമാറ്റ ഉത്തരവിറക്കി വീണ്ടും പകപോക്കൽ

സർക്കാർ ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റുന്നതിൽ പ്രതിഷേധിച്ച് പത്തനംതിട്ട ഡിഎംഒ ഓഫീസിനുമുന്നിൽ എൻജിഒ യൂണിയൻ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം

സ്വന്തം ലേഖകൻ
Published on May 13, 2026, 12:05 AM | 1 min read
പത്തനംതിട്ട
യുഡിഎഫ് സർക്കാർ സംസ്ഥാനത്ത് ഭരണമേറ്റെടുത്തിട്ടില്ലെങ്കിലും പിന്നാന്പുറത്ത് രാഷ്‌ട്രീയ പ്രേരിത സ്ഥലമാറ്റം തുടരുന്നു. പത്തനംതിട്ട ഡിഎംഒ ഓഫീസിൽനിന്നും രണ്ടു ജീവനക്കാരെയാണ് ചൊവ്വാഴ്‌ച അന്യായമായി സ്ഥലംമാറ്റിയത്. ജില്ലാ മെഡിക്കൽ ഓഫീസിലെ (ആരോഗ്യം) സീനിയർ ക്ലർക്കുമാരായ എസ് സീനയെ തുന്പമൺ സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്കും കെ എസ് അനീഷയെ കോയിപ്രം കുടുംബാരോഗ്യകേന്ദ്രത്തിലേക്കും മാറ്റി. അന്യായ സ്ഥലംമാറ്റ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എഫ്‌എസ്‌ഇടിഒ നേതൃത്വത്തിൽ ജീവനക്കാർ ഡിഎംഒ ഓഫീസിനുമുന്നിൽ കുത്തിയിരുന്നു. ബുധനാഴ്‌ച ഡിഎംഒ എത്തിയശേഷം ചർച്ചചെയ്‌ത് പ്രശ്‌ന പരിഹാരമുണ്ടാക്കാമെന്നും അതുവരെ ഉത്തരവ് നടപ്പാക്കുകയില്ലെന്നുമുള്ള ഉറപ്പിലാണ് സമരം രാത്രി വൈകി അവസാനിപ്പിച്ചത്. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ജി ബിനുകുമാർ, ട്രഷറർ എസ് ബിനു, ജി അനീഷ്‌കുമാർ, ആദർശ്കുമാർ, എൽ അഞ്‌ജു, പി ബി മധു, ഷെറീന ബീഗം, എം ബി ഷൈബി, ശ്രീകുമാർ, കെ ബിജുരാജ് എന്നിവർ സംസാരിച്ചു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്പോൾ തന്നെ മാനദണ്ഡം ലംഘിച്ച് സ്ഥലംമാറ്റം ഉത്തരവുകൾക്കുള്ള അണിയറ നീക്കങ്ങൾ തുടങ്ങിയിരുന്നു. തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്‌ടർ ഓഫീസിലെ മൂന്ന് ജീവനക്കാരെ ഇങ്ങനെയാണ് സ്ഥലംമാറ്റിയത്. എൻജിഒ യൂണിയൻ തിരുവല്ല ഏരിയ പ്രസിഡന്റ് ദീപു ഗോപി ഉൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിലുണ്ട്. ഇവരെ മാറ്റിയ ഉടൻ ഇഷ്‌ടക്കാരെ പെടുന്നനെ നിയമിക്കുകയും ചെയ്‌തു. തിങ്കളാഴ്‌ച ജിഎസ്‌ടി വകുപ്പിലും അന്യായ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും എൻജിഒ യൂണിയന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇത് മരവിപ്പിക്കുകയാണുണ്ടയത്.









0 comments