വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞം
അവലോകനയോഗം നടത്തി

റാന്നി
വനം ഡിവിഷന്റെ പരിധിയിൽ മനുഷ്യ, വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഒന്നാംഘട്ട അവലോകനയോഗം റാന്നി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിന്ദു റെജി ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ ആൻഡ്രൂസ് അധ്യക്ഷനായി.
റാന്നി, വടശ്ശേരിക്കര, ഗൂഡ്രിക്കൽ റേഞ്ചുകളുടെ കൊറ്റനാട്, നാറാണംമൂഴി, അങ്ങാടി, പഴവങ്ങാടി, റാന്നി, പെരുനാട്, വെച്ചൂച്ചിറ, ചിറ്റാർ, വടശ്ശേരിക്കര, തണ്ണിത്തോട്, സീതത്തോട്, പത്തനംതിട്ട നഗരസഭ എന്നിവിടങ്ങളിൽ പഞ്ചായത്തുകളുമായി സഹകരിച്ച് പരാതികൾ സ്വീകരിക്കാൻ ഹെൽപ്പ് ഡെസ്‌കുകൾ പ്രവർത്തിക്കുകയാണ്. വന്യജീവി ആക്രമണ നഷ്ടപരിഹാരം, വിളനാശനഷ്ട പരിഹാരം, ഇക്കോ ടൂറിസം, അടിസ്ഥാന സൗകര്യവികസനം, അപകട ഭീഷണിയുണ്ടാക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നത്, വനഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വന്യജീവി സംഘർഷ പ്രശ്ന ലഘൂകരണ പരിഹാര നിർദേശങ്ങൾ, വനസംബന്ധിയായ മറ്റിതര വിഷയങ്ങൾ എന്നിവ സംബന്ധിച്ച അപേക്ഷകൾ പൊതുജനങ്ങളിൽനിന്നും സ്വീകരിച്ച് പ്രാദേശിക തലത്തിൽ സ്വീകരിച്ച നടപടികൾ യോഗത്തിൽ വിശദീകരിച്ചു. 16 മുതൽ 22 വരെ റാന്നി വനം ഡിവിഷൻ പരിധിയിൽ വരുന്ന 11 പഞ്ചായത്തുകളിൽനിന്നും പത്തനംതിട്ട നഗരസഭയിൽ നിന്നുമായി 108 അപേക്ഷകൾ ലഭിച്ചു.
പ്രവർത്തനങ്ങൾ റാന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി ആർ ജയൻ വിശദീകരിച്ചു. അങ്ങാടി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ബി സുരേഷ്, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഷൈനി മാത്യൂസ് എന്നിവർ പങ്കെടുത്തു.








0 comments