വെട്ടിക്കവല ഡിവിഷൻ എൽഡിഎഫ്‌  സ്ഥാനാർഥി അഡ്വ. സിതാര ലൂക്കോസ് പര്യടനത്തിനിടെ
avatar
സ്വന്തം ലേഖിക

Published on Nov 28, 2025, 01:46 AM | 2 min read

രാഷ്‌ട്രീയ ബോധ്യത്തെ രാകിമിനുക്കിയ നാളുകൾ

​കൊല്ലം

​തെരഞ്ഞെടുപ്പുകാലം ഓർമകളുടെ വേലിയേറ്റമാണ്‌ സിപിഐ എം ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള എസ്‌ ജയമോഹന്‌. അടിയന്തരാവസ്ഥയ്‌ക്കുശേഷം 1979ൽ കന്നി വോട്ടറായി പോളിങ്ബൂത്തിലേക്ക്‌ പോയ കാലം മുതലുള്ള ഓർമകൾ അദ്ദേഹം ഓർത്തെടുക്കുന്നു: 'അന്ന്‌ എസ്‌എഫ്‌ഐ പത്തനാപുരം താലൂക്ക്‌ സെക്രട്ടറിയായിരുന്നു. കോളേജ്‌ കുമാരനായിരിക്കെ ആദ്യമായി ക്യാന്പസിനുപുറത്ത്‌ പ്രസംഗിക്കാൻ അവസരം ലഭിക്കുന്നതും അന്നാണ്‌. അഞ്ചൽ പഞ്ചായത്തിലെ നെടിയറ വാർഡിലെ സിപിഐ എം സ്ഥാനാർഥിക്കുവേണ്ടിയായിരുന്നു അത്‌. ഓണാഘോഷങ്ങളെല്ലാം മാറ്റിവച്ച്‌ രാവിലെ സൈക്കിളിൽ മൈക്ക്‌ കെട്ടി ഓരോ ജങ്‌ഷനിലും എത്തിയായിരുന്നു പ്രസംഗം. ഗ്രാമീണരെ നേരിട്ടുകണ്ട്‌ സംസാരിക്കാൻ കിട്ടിയ അവസരമായിരുന്നു അത്‌. സിപിഐ എം നേതാവ്‌ എം കെ ഭാസ്‌കരൻ സഖാവിനൊപ്പം പ്രചാരണരംഗത്ത്‌ പോകുന്പോൾ 10 മിനിറ്റ്‌ സംസാരിക്കാൻ അവസരം തരുമായിരുന്നു. എന്നിലുള്ള പ്രാസംഗികനെ രാകിമിനുക്കിയെടുത്ത ഇ‍ൗ അവസരങ്ങൾ എക്കാലവും മനസ്സിൽ തങ്ങിനിൽക്കുന്ന വോട്ടോർമയാണ്‌. 2010–15ൽ ജില്ലാ പഞ്ചായത്ത്‌ കരവാളൂർ ഡിവിഷനിൽനിന്നാണ്‌ തദ്ദേശ തെരഞ്ഞെടുപ്പ്‌ രംഗത്തേക്ക്‌ വരുന്നത്‌. അന്ന്‌ യുഡിഎഫ്‌ ഭരണമായിരുന്നു. കരവാളൂർ ഡിവിഷൻ രൂപീകരിച്ചശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ വീടുകളിൽ കയറിയിറങ്ങിയായിരുന്നു വോട്ട്‌ തേടിയത്‌. കോർണർ മീറ്റിങ്ങുകളായിരുന്നു അന്ന്‌ ഉണ്ടായിരുന്നത്‌. തെരഞ്ഞെടുപ്പിൽ വിജയിച്ച്‌ വികസന സ്ഥിരംസമിതി ചെയർമാനായി. പിന്നീട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റുമായി. ഭരണസമിതി കാഴ്‌ചവച്ച നിരവധി വികസന പ്രവർത്തനങ്ങളിലൂടെ ജില്ലാ പഞ്ചായത്തിന്‌ ദേശീയ പുരസ്‌കാരം ലഭിച്ചു. ആദിവാസി ശിശുമരണമില്ലാത്ത ജില്ലയായി കൊല്ലത്തെ മാറ്റിയതും അന്നാണ്‌. കശുവണ്ടിപ്പരിപ്പ്‌ ഉൾപ്പെടെ 2000രൂപയുടെ പോഷകാഹാരങ്ങൾ അടങ്ങിയ കിറ്റ്‌ നൽകിയാണ്‌ ആദിവാസി സമൂഹത്തെ കൈപിടിച്ചുയർത്തിയത്‌. രാജ്യത്ത്‌ ആദ്യമായി ഇത്തരം പദ്ധതി നടപ്പാക്കിയ ജില്ലാ പഞ്ചായത്ത്‌ ഭരണസമിതി കൂടിയായിരുന്നു അത്‌.


തൊഴിലിടങ്ങളിലെ സ്‌നേഹവായ്‌പ്‌

കൃഷ്‌ണപ്രസാദ്‌

കുന്നിക്കോട്

ചെറുപുഞ്ചിരിയോടെ എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. സിതാര ലൂക്കോസ്‌ എത്തിയതോടെ പാലനിരപ്പ് കശുവണ്ടി ഫാക്‌ടറിയിലെ തൊഴിലാളികളെല്ലാം ഒത്തുചേർന്നു. എല്ലാവരും കുറച്ച്‌ നേരത്തേക്ക്‌ ജോലി നിർത്തി സ്ഥാനാർഥിയോട്‌ കുശലം പറഞ്ഞു. സിതാര അവരിൽ ഒരാളായി, സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെല്ലാം വിശേഷങ്ങളായി പങ്കുവച്ചു. നമ്മുടെ സർക്കാരിന്റെ കരുതലിലാണ് ഞങ്ങളുടെ ഈ തൊഴിൽ എന്ന് കടുവാപ്പാറ രജനിയുടെ വാക്കുകൾക്ക് എൽഡിഎഫിനെ ചേർത്തു പിടിക്കുന്നതിന്റെ ശക്തിയുണ്ടായിരുന്നു. ഇനിയും നമ്മൾ തുടരും.. നമ്മളേ തുടരൂ. ... സിതാര ലൂക്കോസ് പറഞ്ഞു. കിഴക്കേത്തെരുവ് ഓട്ടോ തൊഴിലാളികളുടെ പ്രകടനത്തോടെയായിരുന്നു വരവേൽപ്പ്. കടുവാപ്പാറ, തലച്ചിറ വൈദ്യശാല ജങ്‌ഷൻ, കോട്ടവട്ടം കൺവൻഷൻ, കിഴക്കേ തെരുവ് കൺവൻഷനുകളിലെല്ലാം സിതാര താരമായി. വെള്ളി രാവിലെ വാളകം ബ്ലോക്ക് ഡിവിഷനിലും തലച്ചിറയിലും , ശനി രാവിലെ ചക്കുവരയ്ക്കൽ മേലില ക്ഷേത്രഭാഗങ്ങളിലും പര്യടനം നടക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home