ad
Deshabhimani

കൈമാറട്ടെ ഇ‍ൗ ‘ഫുട്‌ബോൾ ലഹരി ’

Photo
avatar
ബ്ലസൻ രാജു

Published on Apr 15, 2026, 12:05 AM | 1 min read

ഇരവിപേരൂർ
നാളത്തെ ലോകത്തിന്റെ ഭാവി പിറക്കുന്നയിടം ഇവിടെയാണ്. വേനലവധിക്കാലത്ത് ഈ ചൂട്‌ കാലാവസ്ഥയിലും ഇ‍ൗ കളിക്കളങ്ങൾ പകരുന്നത്‌ ഫുട്‌ബോൾ ലഹരി മാത്രമാണ്‌. നാളത്തെ റോണോൾഡോയും, മെസ്സിയും, നെയ്മറും ഈ ഗ്രൗണ്ടിൽ പിറക്കും. നാളേക്കുള്ള ആർപ്പു വിളികളും, ആവേശങ്ങളും ഞങ്ങൾക്ക്‌ വേണ്ടിയാകും. പറയുന്നത്‌ മുൻ ഇന്ത്യൻ ഗോൾ കീപ്പർ കെ ടി ചാക്കോയുടെ സ്കൂളായ കെ ടി ചാക്കോസ് സോക്കർ സ്കൂളിലെ കുട്ടികൾ. വേനലവധിക്ക് രണ്ട്‌ മാസം നീണ്ടുനിൽക്കുന്ന ഫുട്‌ബോൾ പരിശീലനത്തിന്റെ തിരക്കിലാണ്‌ ഇ‍ൗ കുട്ടികൾ.
രാവിലെ 7 മുതൽ 9 വരെയാണ്‌ പരീശീലനം. കഴിഞ്ഞ നാല്‌ വർഷമായി ദിവസവും ഇവിടെ പരിശീലനമുണ്ട്. അവധിക്ക് സോക്കർ സ്കൂളിന്റെ കുട്ടികളുടെ പരിശീലനവും സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും പ്രൊഫഷണൽ ക്ലബ്ബുകൾക്ക് വേണ്ടി കളിക്കുന്ന കുട്ടികളുടെ പരിശീലനവും നടക്കും. കുട്ടികളുടെ മനസിനും, ശരീരത്തിനും ഉന്മേഷം പകരുന്ന പ്രക്രിയ കൂടിയാണിത്. ഫുട്‌ബോളിന്റെ ബാലപാഠമടക്കം കുട്ടികൾക്ക് പകർന്ന്‌ നൽകുകയാണ്‌ ഇവിടെ. കൃത്യമായി കുട്ടികളെ ക്യാമ്പിലേക്ക് പറഞ്ഞു വിടാൻ ഇപ്പോൾ മാതാപിതാക്കൾക്ക് വളരെ ഉത്സാഹമാണ്. മറ്റു കൂട്ടുകെട്ടിലും ലഹരികൾക്കും ഇട കൊടുക്കാതെ കുട്ടികളും അത്മാർഥമായി പങ്കെടുത്തു വരുന്നു. മുഖ്യ പരിശീലകരായി ഇന്ത്യൻ ഫുട്ബോൾ താരവും, കേരള സ്റ്റേറ്റ് സന്തോഷ് ട്രോഫി ടീം സെലക്ടറും, ഗോൾകീപ്പർ കോച്ചുമായ കെ ടി ചാക്കോ, എഎഫ്സി ലൈസൻസ് കോച്ചും, എഐഎഫ്എഫ് റഫറിയും സ്പോർട്സ് മാനേജ്മെന്റ് കോഴ്സ് കഴിഞ്ഞ രോഹൻ ജിയോ ചാക്കോ, മുൻ സന്തോഷ് ട്രോഫി താരവും ഇന്ത്യൻ സർവീസ് ഫുട്ബോൾ താരവും എഐഎഫ്എഫ് ലൈസൻസ് കോച്ചുമായ ബിനു പുരുഷോത്തമൻ, ലിജോ കുറിയേടം, ആദ്യ നാഥ് പി, അഭിജിത്ത് രഞ്ജിത്ത് എന്നിവരാണ് ഇവിടെ കുട്ടികളുടെ പരിശീലകർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home