ഉച്ചഭക്ഷണം വിഭവസമൃദ്ധം മെനുവാണ് മെയിൻ

ആർ ഹരീഷ്
Published on Aug 02, 2025, 12:16 AM | 1 min read
പത്തനംതിട്ട
"എടാ... ഇന്നെന്താ ഫ്രൈഡ് റൈസാണോ...' എന്ന് ക്ലാസ്‌മുറികളിൽ ചർച്ച നടക്കും. ഉച്ചയ്‌ക്ക് കഴിക്കാനുള്ള കുട്ടികളുടെ ഓട്ടത്തിന് അതിവേഗം കൈവരും. ഫ്രൈഡ് റൈസും വെജിറ്റബിൾ ബിരിയാണിയും ഉച്ചഭക്ഷണമായി.
തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ചോറിനൊപ്പം ഓരോ ദിവസവും വിവിധതരം കൂട്ടാനാണ് നിലവിലുണ്ടായിരുന്നത്. ആഴ്‌ചയിൽ രണ്ടുദിവസം ഇടസമയത്ത് പാലും നൽകും. ഇവ നിലനിർത്തിയാണ് മെനു പരിഷ്‌കരിച്ചത്. നെല്ലിക്ക, ഇഞ്ചി, പച്ചമാങ്ങ, പുതിന ഇവ ചേർത്ത ചമ്മന്തിയും ഇനി നിർബന്ധം. ഓരോ ദിവസവും നൽകേണ്ടത് സ്‌കൂളുകൾക്ക് നിശ്ചയിക്കാം.
വെള്ളിയാഴ്‌ച മുതലാണ് പുതുക്കിയ മെനു നിലവിൽ വന്നതെങ്കിലും കൈപ്പട്ടൂർ ഗവ. വൊക്കേഷണൽ സ്‌കൂളിൽ രണ്ടാഴ്‌ച മുമ്പേ തുടങ്ങി. ബുധനാഴ്‌ചകളിൽ ഫ്രൈഡ് റൈസിനൊപ്പം മുട്ടയുമാണ് നൽകുന്നത്. കൂടെ സലാഡും. മറ്റ് ദിവസങ്ങളിൽ ചോറിനൊപ്പം സാമ്പാർ, പരിപ്പ് കറി–- കോവയ്‌ക്ക തോരൻ, എരിശേരി–- സോയ കറി, കടലക്കറി –- തോരൻ, അവിയൽ –- സാമ്പാർ, പരിപ്പ് കറി –- വാഴയ്‌ക്ക തോരൻ, തീയൽ –- സലാഡ്, പച്ചടി –- കൂട്ടുകറി, തോരൻ –- എരിശേരി എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് പ്രത്യേക ഷെഡ്യൂളാക്കി തിങ്കൾ മുതൽ വെള്ളി വരെ നൽകും. നാട്ടിൻപുറങ്ങളിൽനിന്ന് വാങ്ങുന്ന പച്ചക്കറിയിനങ്ങളാണ് ഏറെയും ഉപയോഗിക്കുന്നത്. വാഴക്കൂമ്പും മുരിങ്ങയിലയും ഓമയ്‌ക്കയും ചീരയിലയുമെല്ലാം വിഭവങ്ങളിൽ ഉൾപ്പെടുത്തും. ഇവ അധ്യാപകരും സ്‌കൂൾ നിർവഹണ സമിതിയും ചേർന്ന് ശേഖരിക്കും. പ്രഥമാധ്യാപിക ടി രാധികാദേവിയുടെയും അധ്യാപികയായ വി മീരയുടെയും മേൽനോട്ടത്തിലാണ് ഇവിടെ ഉച്ചഭക്ഷണ വിതരണം നടക്കുന്നത്. സ്‌കൂളുകളിലെ ഒന്നാംക്ലാസ് മുതൽ എട്ടാംക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ഉച്ചഭക്ഷണം സൗജന്യമായി നൽകുന്നത്.
ചിത്രം:










0 comments