ജില്ലയിൽ അർഹരായുള്ളത് മൂവായിരത്തിലധികം കുടുംബം
സർക്കാരെ ആ പതിനായിരം രൂപ എവിടെ?

സ്വന്തം ലേഖിക
Published on Sep 02, 2026, 12:04 AM | 1 min read
പത്തനംതിട്ട
അർഹതപ്പെട്ട പതിനായിരം രൂപയ്ക്കായി ഒരു മാസമായി കാത്തിരിക്കുകയാണ് ജില്ലയിലെ ആയിരക്കണക്കിന് കുടുംബങ്ങൾ. പ്രളയബാധിതർക്ക് അടിയന്തരസഹായമായി പ്രഖ്യാപിച്ച പതിനായിരം രൂപ ഇതുവരെ ലഭ്യമായിട്ടില്ല.
മിന്നൽ പ്രളയത്തിന് ഒരുമാസം പിന്നിട്ടു. വെള്ളം വിഴുങ്ങിയ വീടുകളിലേക്ക് ദുരന്തബാധിതർ മാറിയിട്ട് ആഴ്ചകളായി, അതിനിടെ ഓണം വന്നുപോയി. എന്നിട്ടും സർക്കാർ പ്രഖ്യാപിച്ച അടിയന്തിര സഹായമായ പതിനായിരം രൂപ മാത്രം കിട്ടിയില്ല. ആഗസ്ത് നാലിന് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ പ്രഖ്യാപനമായിരുന്നു ദുരിയബാധിതർക്കുള്ള പതിനായിരം രൂപ. എന്നാൽ പ്രഖ്യാപനത്തിന് ഒരു മാസമായിട്ടും പണം കിട്ടാതെ പ്രതിസന്ധിയിലാണ് ജില്ലയിലെ ദുരിതബാധിതർ.
വെള്ളം കയറിയ റാന്നിയിലെ കടയുടമകൾക്ക് സർക്കാർ വാഗ്‌ദാനം ചെയ്ത പതിനായിരം രൂപയും ഇതുവരെ ലഭ്യമായിട്ടില്ല. ജില്ലയിൽ 3313 കുടുംബങ്ങളെയാണ് പ്രളയം ബാധിച്ചത്. നൂറുകണക്കിന് വ്യാപാരസ്ഥാപനങ്ങളും വെള്ളത്തിലായി. മൂന്നരക്കോടിയോളം രൂപയാണ് സഹായത്തിനായി വേണ്ടത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഫണ്ടിൽനിന്ന് തുക നൽകുമെന്നായിരുന്നു പ്രഖ്യാപനം.
തിരുവല്ല അപ്പർ കുട്ടനാട് മേഖലയിൽ ഒരാഴ്ചയോളം വെള്ളം കയറിയ വീടുകളിലേക്ക് മടങ്ങിയവർക്ക് വീടിനെ പഴയ സ്ഥിതിയിലാക്കാൻ പതിനായിരക്കണക്കിന് രൂപയാണ് ചെലവായത്. ഗൃഹോപകരണങ്ങൾ അപ്പാടെ നശിച്ചുപോയ വീടുകളാണ് ഇവിടെ കൂടുതൽ. നൽകിയ അപേക്ഷയുടെയടിസ്ഥാനത്തിൽ ഓണത്തിനുമുമ്പ് വില്ലേജ് ഓഫീസുകളിൽ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നതായി ദുരിതബാധിതർ പറഞ്ഞു. ഓണത്തിനുമുമ്പ് തുക പ്രതീക്ഷിച്ചിരുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് ജില്ലയിൽ പറ്റിക്കപ്പെട്ടത്.










0 comments