ad
Deshabhimani

അഗ്നിരക്ഷാസേനയുടെ 50 അംഗ ടീം

രക്ഷാപ്രവർത്തനത്തിന്‌ ഇനി പ്രത്യേകസംഘം

Photo
avatar
ആർ ഹരീഷ്‌

Published on Sep 14, 2025, 12:05 AM | 1 min read


പത്തനംതിട്ട

രക്ഷാപ്രവർത്തന ദ‍ൗത്യത്തിന്‌ ഇനി അഗ്നരിരക്ഷാ സേനയുടെ പ്രത്യേകസംഘം. ഏത്‌ ദുരന്തത്തിലും അനായാസം രക്ഷാപ്രവർത്തനം നടത്തുന്ന 50 പേരടങ്ങുന്ന സംഘമാണ്‌ ജില്ലയിൽ രൂപീകരിക്കുന്നത്‌. ഇതിന്റെ ആദ്യബാച്ചിന്റെ പരിശീലനം തുടങ്ങി.

ജില്ലയിലെ അപകടസാധ്യതകൾ കൂടുതലും പരിഗണിച്ചാണ്‌ പരിശീലനം ക്രമീകരിച്ചിരിക്കുന്നത്‌. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, പാറമട അപകടം, മലയിടുക്കിലും കെട്ടിടത്തിലും കുടുങ്ങൽ, തീപിടിത്തം തുടങ്ങി എല്ലാ ദുരന്തങ്ങളിലും അകപ്പെടുന്നവരെ രക്ഷപ്പെടുത്താനുള്ള പ്രത്യേക സേനയാണ്‌ രൂപംകൊള്ളുന്നത്‌. ജില്ലാ ഫയർ ഓഫീസർ വിസി വിശ്വനാഥ്‌ മുൻകൈയെടുത്താണ്‌ പ്രത്യേക സംഘമുണ്ടാക്കുന്നത്‌. കൊക്കയിൽ വീണയാളെ മുകളിൽനിന്ന് കയറിൽ താഴേക്കിറങ്ങി രക്ഷപ്പെടുത്തുന്ന രീതിയും പാറയ്ക്ക് മുകളിൽ കുടുങ്ങിയയാളെ താഴേക്കെത്തിച്ച്‌ രക്ഷപ്പെടുത്തുന്ന രീതിയും പരിശീലിപ്പിക്കും. ഏത്‌ പാറയിടുക്കുകളിലുമെത്തി രക്ഷാപ്രവർത്തനം നടത്തുന്ന രീതിയിലും ജലാശയങ്ങളിൽ കുടുങ്ങി ഒറ്റപ്പെട്ട ആളുകളെ രക്ഷപെടുത്തുന്ന സിപ്പ് ലൈൻ റെസ്‌ക്യൂവിലും ബഹുനില കെട്ടിടങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കുന്ന പ്രവർത്തനങ്ങളിലും സംഘാംഗങ്ങൾ വൈദഗ്ധ്യം നേടും. രക്ഷാപ്രവർത്തനത്തിനുപയോഗിക്കുന്ന ആധുനിക ഉപകരണങ്ങൾ പരിചയപ്പെടുകയും അവ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്‌. സേനാംഗങ്ങൾക്ക്‌ നൽകുന്ന കാമാൻഡുകളും പരിശീലിപ്പിക്കുന്നു. മാസ്‌റ്റർ ട്രെയ്‌നർ കെ എസ്‌ സന്ദീപ്‌, ടി അഖിൽ, രമാകാന്ദ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ പരിശീലനം. പത്തനംതിട്ട സ്റ്റേഷൻ ഓഫീസർ വി വിനോദ് കുമാറിനാണ് പരിശീലന ചുമതല.

പത്തനംതിട്ട, അടൂർ, കോന്നി നിലയങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 14 അംഗങ്ങളെ ഉൾപ്പെടുത്തിയാണ്‌ കഴിഞ്ഞ ദിവസം കോന്നി അപ്പൂപ്പൻപാറയിൽ പരിശീലനം നൽകിയത്‌. ഇതിൽ രണ്ട്‌ വനിതകളുമുണ്ട്‌. മറ്റ്‌ നിലയങ്ങളിലെ അംഗങ്ങൾക്കുള്ള പരിശീലനം 23ഓടെ തുടങ്ങും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home