മുക്കുഴിയിൽ കാട്ടാന
ആശങ്കയിൽ നാട്ടുകാർ

കോന്നി
മലയാലപ്പുഴ മുക്കുഴിയിൽ കാട്ടാനയിറങ്ങിയത് ആശങ്ക പരത്തുന്നു. ബുധൻ രാവിലെ ഏഴിനാണ് മുക്കുഴി വട്ടത്തറ ഭാഗത്ത് മൂന്ന് കാട്ടാനകൾ റോഡിലൂടെ നടക്കുന്നത് നാട്ടുകാർ കാണുന്നത്. കൃഷിയിടങ്ങളിൽ ഇറങ്ങിയ കാട്ടാനകൾ റോഡിലേക്കെത്തുകയായിരുന്നു. മുക്കുഴി വട്ടത്തറ ഗവ. എൽപി സ്കൂളിന് സമീപം
കാട്ടാനകളെ കണ്ടവർ സമീപത്തെ വീട്ടുകാരെയും കൃഷിയിടങ്ങളിൽ പണിയെടുക്കുന്നവരെയും വിളിച്ചറിയിച്ചു. സമീപത്തെ റബർ തോട്ടങ്ങളിൽ രാവിലെ ടാപ്പിങ് നടക്കുന്ന സമയമായിരുന്നു. കുട്ടികൾ സ്കൂളിലേക്ക് പോകുന്ന പഞ്ചായത്ത് റോഡിലാണ് കാട്ടാനയിറങ്ങിയത്. പ്രദേശത്ത് ആറോളം കാട്ടാനകളുടെ സാന്നിധ്യം പതിവാണെന്ന് നാട്ടുകാർ പറയുന്നു.
റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിൽപ്പെട്ട വനമേഖലയിൽനിന്ന് കല്ലാർ മുറിച്ചുകടന്നാണ് കാട്ടാനകൾ ജനവാസ മേഖലയിലെത്തുന്നത്. സമീപപ്രദേശങ്ങളായ പുതുക്കുളം, കുമ്പഴ എസ്റ്റേറ്റ്, കുമ്പളത്താമൺ, തെക്കുംമല തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വന്യമൃഗശല്യം വർധിക്കുകയാണ്.
മുക്കുഴിയിൽ കാട്ടാനശല്യം വർധിച്ചതിനെതുടർന്ന് രണ്ടുവർഷം മുമ്പ് വനം വകുപ്പ് ഇവിടെ ക്യാമ്പ് ഷെഡ് തുടങ്ങിയിരുന്നു. സമീപത്തെ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴ എസ്റ്റേറ്റിലും കാട്ടാനകൾ പതിവായി എത്തുന്നുണ്ട്. വടശേരിക്കര റേഞ്ചിലെ തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ സ്ഥലത്തെത്തി ക്യാമ്പ് ചെയ്യുന്നുണ്ട്.









0 comments