ad
Deshabhimani

പൂർണസജ്ജമായി കൊടുമൺ റൈസ്‌ മിൽ

ദി റൈസിങ് ‘കൊടുമൺ റൈസ്‌’

Photo

കൊടുമൺ റൈസ് മില്ല്

avatar
ജി സതീശൻ

Published on Apr 01, 2026, 12:05 AM | 2 min read

കൊടുമൺ

കൊടുമണ്ണിന്റെ പേര്‌ രാജ്യമാകെ പ്രചരിപ്പിച്ച കൊടുമൺ റൈസ്‌ പൂർണതോതിൽ പ്രവർത്തനം തുടങ്ങി. ദിനംപ്രതി രണ്ട് ടൺ നെല്ല് പുഴുങ്ങി കുത്തരിയാക്കി മാറ്റാൻ കഴിയുന്ന ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മില്ല് പ്രവർത്തിക്കുന്നത്. എൽഡിഎഫ്‌ നേതൃത്വത്തിലുള്ള ജില്ലാ പഞ്ചായത്ത് ഭരണ സമിതിയാണ് കൊടുമൺ റൈസ് മില്ല് യാഥാർഥ്യമാക്കിയത്. 1 കോടി 25 ലക്ഷം രൂപ ചെലവഴിച്ചാണ് മില്ല് നിർമിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ തന്നെ ആദ്യ സംരംഭമാണിത്. കാർഷികവിളകൾ ഉപയോഗിച്ച് മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിന് ലക്ഷ്യമിട്ടാണ് റൈസ് മില്ല് സ്ഥാപിച്ചത്. അതിലൂടെ നെൽകൃഷിയെ പ്രോത്സാഹിപ്പിക്കുകയും കർഷകർക്ക് മികച്ച വില ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം. മധ്യതിരുവിതാംകൂറിൽ അപ്പർ കുട്ടനാട് കഴിഞ്ഞാൽ കൂടുതൽ നെൽകൃഷിയുള്ള രണ്ടു പഞ്ചായത്തുകളാണ് വള്ളിക്കോട് പഞ്ചായത്തും കൊടുമണ്ണും. അവിടങ്ങളിലെ കർഷകർ ഉൽപ്പാദിപ്പിക്കുന്ന നെല്ല് ഉപയോഗപ്പെടുത്തിയാണ് മില്ല് പ്രവർത്തിക്കുന്നത്. കൊടുമൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയാണ് നടത്തിപ്പ്‌.

നെല്ല്‌ പുഴുങ്ങിയെടുക്കുന്ന വെള്ളം ശുദ്ധീകരിക്കുന്നതിലെ ചില സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ഇടയ്‌ക്ക്‌ മില്ല്‌ ഭാഗികമായിരുന്നു പ്രവർത്തനം. എന്നാൽ കൂടുതൽ മെഷീനുകൾ എത്തിച്ച്‌ ജലശുദ്ധീകരണത്തിന്‌ കൂടുതൽ സംവിധാനം മില്ലിൽ ഏർപ്പെടുത്തി. തുടർന്ന്‌ അരി നിർമാണം പൂർണതോതിൽ ആരംഭിച്ചു.

‘കൊടുമൺ റൈസ്’ എന്ന ബ്രാൻഡിൽ കർഷകരിൽ നിന്ന് നെല്ല് ശേഖരിച്ച് അരിയാക്കി വിതരണം ചെയ്യുകയായിരുന്നു ആദ്യം. തുടക്കത്തിൽ നെല്ല് കൊടുമണ്ണിലെ ഗോഡൗണിൽ സൂക്ഷിക്കുകയും പിന്നീട് ആവശ്യാനുസരണം കോട്ടയത്തുള്ള ഫാമിങ് കോർപ്പറേഷന്റെ മില്ലിൽ കൊണ്ടുപോയി കുത്തി അരിയാക്കി പായ്ക്കറ്റുകളിലാക്കി വിതരണം ചെയ്യുകയായിരുന്നു. നെല്ല് കൊണ്ടുപോകുന്നതിനുള്ള വാഹന കൂലി, കയറ്റിയിറക്ക് ചെലവുകൾ എല്ലാം നാൾക്കുനാൾ വർദ്ധിക്കുന്നത് വ്യവസായത്തെ ദോഷകരമായി ബാധിക്കുമെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രാദേശികമായി മില്ല് സ്ഥാപിക്കണമെന്ന ആവശ്യം കർഷകർ മുന്നോട്ടുവച്ചത്. ത്രിതല പഞ്ചായത്തുകൾ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും ജില്ലാ പഞ്ചായത്ത് ഫാക്ടറിയുടെ പ്രവർത്തനത്തിനത്തിനാവശ്യമായ തുക വകയിരുത്തുകയായിരുന്നു.

വടിയരി, ഉണ്ടയിരി എന്നീ രണ്ട് ഉൽപ്പന്നങ്ങളാണ് പ്രധാനമായി ഉൽപ്പാദിപ്പിക്കുന്നത്. ഉപോൽപ്പന്നങ്ങളായ ഉമിയും,തവിടും, പൊടിയരിയുമെല്ലാം കാലിത്തീറ്റയും, കോഴിത്തീറ്റയുമായും വിപണിയിലിറക്കും. ജില്ലാ പഞ്ചായത്തംഗം എ എൻ സലീം ചെയർമാനായ കൊടുമൺ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിലാണ് കൊടുമൺ റൈസിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home