ചുവക്കാനുറച്ച് ആറന്മുള

ആർ ഹരീഷ്
Published on Apr 05, 2026, 12:05 AM | 1 min read
പത്തനംതിട്ട
വോട്ടെടുപ്പിന് നാലുനാൾ ശേഷിക്കെ ആറന്മുളയിൽ ആധിപത്യമുറപ്പിച്ച പ്രചാരണവുമായി എൽഡിഎ--ഫ്. പത്തുവർഷം മണ്ഡലം സാക്ഷ്യംവഹിച്ച വികസനപ്രവർത്തനങ്ങൾ തന്നെയാണ് എങ്ങും ചർച്ച. ഇൗ മാറ്റങ്ങൾക്ക് തുടർച്ച വേണമെന്ന ജനങ്ങളുടെ അതിയായ ആഗ്രഹവും സ്ഥാനാർഥി വീണാ ജോർജിന്റെ പര്യടന പരിപാടികളിലെങ്ങും ദൃശ്യമാണ്. ഇലന്തൂർ പഞ്ചായത്തിലെയും ചെന്നീർക്കര മേഖലയിലെയും സ്വീകരണത്തോടെ പൊതുപര്യടനത്തിന് ഞായറാഴ്‌ച സമാപനമാകും. വികസനം എണ്ണിപ്പറഞ്ഞാണ് എൽഡിഎഫ് പ്രചാരണ രംഗത്ത് മുന്നേറുന്നത്. മാസങ്ങൾക്ക് മുൻപേ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നു. മണ്ഡലത്തിലെ 272 ബൂത്തുകൾ കേന്ദ്രീകരിച്ച് കമ്മിറ്റികൾ രൂപീകരിച്ചാണ് പ്രവർത്തനം. സ്ഥാനാർഥി പ്രഖ്യാപനത്തോടെ എൽഡിഎഫ് പ്രവർത്തകർ ആവേശത്തോടെ രംഗത്തിറങ്ങി. ചിട്ടയായ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് റാലി ആരംഭിച്ചതും ആറന്മുളയിൽനിന്നാണ്. 12 പഞ്ചായത്തും നഗരസഭയിലുമായി 27 മേഖല തെരഞ്ഞെടുപ്പ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. ആദ്യ ദിവസങ്ങളിൽ തന്നെ ബൂത്ത് കൺവൻഷൻ പൂർത്തിയായി. വിവിധതുറയിലുള്ളവർ പങ്കെടുത്ത് ആയിരത്തോളം കുടുംബയോഗങ്ങൾ ഇതിനോടകം ചേർന്നു. വിദ്യാർഥികളുടെയും യുവാക്കളുടെയും മഹിളകളുടെയും പ്രത്യേക സ്‌ക്വാഡുകളും വീടുവീടാന്തരം കയറി ജനങ്ങളുമായി സംവദിക്കുന്നുണ്ട്. എവിടെ ചെന്നാലും വീണാ ജോർജിന്റെ കൈയൊപ്പ് ചാർത്തിയ ‘മാറ്റങ്ങളിൽ’ ഏതെങ്കിലുമൊന്ന് കാണാം. തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നീക്കവും എഫ്‌സിആർഎ ഭേദഗതിയിലടക്കം കോൺഗ്രസ് കാണിക്കുന്ന ഇരട്ടത്താപ്പും അവസാനലാപ്പിലെ പ്രധാന ചർച്ചയാണ്. പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുടെ വികാരം മാനിക്കാതെയുള്ള യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം തീർത്ത പ്രതിസന്ധിയിൽനിന്ന് പാർടി നേതൃത്വത്തിന് ഇതുവരെ കരകയറാനായിട്ടില്ല. പെയ്‌മെന്റ് സീറ്റ് ആരോപണത്തിൽനിന്ന് രക്ഷനേടാനുള്ള പരിശ്രമത്തിലാണ് എൻഡിഎ. സൈബറിടങ്ങൾ കേന്ദ്രീകരിച്ച് വ്യക്തിഹത്യയും നുണപ്രചാരണവും ആയുധമാക്കിയിരിക്കുകയാണ് ഇരുകൂട്ടരും.










0 comments