ad
Deshabhimani

മുഖം മാറി; മനസ്‌ മാറാതെ...

Photo
avatar
ആർ ഹരീഷ്‌

Published on Mar 08, 2026, 12:05 AM | 2 min read

പത്തനംതിട്ട മണ്ഡല പുനഃക്രമീകരണത്തിലൂടെ പുതിയ ആറന്മുള രൂപീകൃതമാകുന്നത്‌ 2011ലാണ്‌. പഴയ ആറന്മുള മണ്ഡലവും പത്തനംതിട്ട മണ്ഡലവും ഭാഗികമായി തിരിച്ച മണ്ഡലത്തിൽ ജില്ലാ ആസ്ഥാനവുമുൾപ്പെടുന്നു. മണ്ഡല രൂപീകരണത്തിന്റെ ആദ്യകാല മുഖമല്ല, ഇന്ന്‌ ആറന്മുളയ്‌ക്ക്‌. വികസനത്തിന്‌ നേരെപിടിച്ച ‘കണ്ണാടിയായി’ അത്‌ മാറിയിരിക്കുന്നു. മണ്ഡലത്തിന്റെ ഒന്നര പതിറ്റാണ്ടിന്റെ ചരിത്രത്തിൽ വികസനച്ഛായ പടർന്ന പത്തുവർഷമാണ്‌ കടന്നുപോകുന്നത്‌. വലതുപക്ഷത്തിന്‌ സ്വാധീനമുണ്ടായിരുന്ന മണ്ഡലമാകെ മാറിച്ചിന്തിച്ചു തുടങ്ങിയത്‌ ഇ‍ൗ മാറ്റങ്ങൾ കണ്ടിട്ടാണ്‌. ഇരവിപേരൂർ, കോയിപ്രം, തോട്ടപ്പുഴശേരി, കോഴഞ്ചേരി, ആറന്മുള, കുളനട, മെഴുവേലി, മല്ലപ്പുഴശേരി‍, നാരങ്ങാനം, ഇലന്തൂർ, ചെന്നീർക്കര, ഓമല്ലൂർ എന്നീ പഞ്ചായത്തുകളും പത്തനംതിട്ട നഗരസഭയുമാണ്‌ മണ്ഡലത്തിലുള്ളത്‌. കോൺഗ്രസിന്റെ കൈയിൽനിന്നും 2016ൽ 7,646 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വീണാ ജോർജിലൂടെ എൽഡിഎഫ്‌ സീറ്റു പിടിച്ചെടുത്തു. വികസനത്തിന്റെ നാൾവഴികളിലൂടെയായിരുന്നു ആറന്മുളയുടെ പിന്നീടുള്ള യാത്ര. നാട്ടുവഴികൾ പോലുമിന്ന്‌ മിന്നിത്തിളങ്ങുന്നു. അവയെല്ലാം ഉയർന്ന നിലവാരത്തിലായി. ആരോഗ്യ മേഖലയ്‌ക്ക്‌ പുതുജീവൻവച്ചു. ആശുപത്രികളെല്ലാം സാങ്കേതിക മികവോടെ വിപുലപ്പെടുത്തി. ഹൃദയസംബന്ധ ചികിത്സയ്‌ക്ക്‌ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കാത്ത്‌ലാബ്‌. ഇവിടെത്തന്നെ രണ്ട്‌ ബഹുനില കെട്ടിടങ്ങൾ ആധുനിക സജ്ജീകരണത്തോടെ പൂർത്തിയാകുന്നു. ജില്ലാ ആസ്ഥാനത്തിന്‌ തിലകക്കുറിയായി അബാൻ മേൽപ്പാലവും ജില്ലാ സ്‌റ്റേഡിയവും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വീണാ ജോർജിന്റെ ഭൂരിപക്ഷം 19,003ലേക്കെത്തിയത്‌ ഇതിന്റെ പ്രതിഫലനമാണ്‌. അച്ചൻകോവിലാറും പന്പയും ഓരം പങ്കിടുന്ന പല ഇടങ്ങൾക്ക്‌ മീതെ പാലങ്ങൾ ഉയർന്നു. മാരാമൺ പാലം തീരുന്നതോടെ കോഴഞ്ചേരിയ്‌ക്ക്‌ ഒരു പുതിയ മുഖമാകും. വിദ്യാലയങ്ങളിലുണ്ടായ മാറ്റവും അന്പരിപ്പിക്കുന്നതാണ്‌. ജില്ലയ്‌ക്ക്‌ മാത്രമായി ഇലന്തൂരിൽ ഗവ. കോളേജ്‌. കണ്ണഞ്ചിപ്പിക്കുന്ന ഇ‍ൗ വികസന കാഴ്‌ചകൾ തുടർന്നും കാണാനാണ്‌ ആറന്മുള കാത്തിരിക്കുകയാണ്‌. തുടങ്ങിവച്ചവയുടെ പൂർത്തീകരണവും ജനങ്ങൾ ആഗ്രഹിക്കുന്നു. ആത്മവിശ്വാസത്തോടെ എൽഡിഎഫ്‌ മുന്നേറുന്പോൾ യുഡിഎഫ്‌ ക്യാന്പ്‌ നിരാശയിലാണ്‌. കെട്ടിയിറക്ക്‌ സ്ഥാനാർഥികളെ തുരത്തുമെന്ന്‌ പ്രഖ്യാപിച്ച്‌ തദ്ദേശീയ സ്ഥാനാർഥികൾ അരയും തലയും മുറുക്കി രംഗത്തുണ്ട്‌. ബിജെപി സ്ഥാനാർഥി പേയ്‌മെന്റ്‌ സീറ്റിലൂടെ വരാനാണ്‌ സാധ്യത. 2,13,732 വോട്ടർമാരാണുള്ളത്‌. 2021ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ 24,345 വോട്ടർമാർ കുറഞ്ഞു. ​ ​ വോട്ട്‌ നില ​ആകെ വോട്ടർമാർ– 2,13,732 സ്ത്രീകള്‍– 1,11,245 പുരുഷന്‍മാര്‍ – 1,02,487 ട്രാന്‍സ്ജെന്‍ഡര്‍– 0 ​ 2021 ആകെ വോട്ട്‌– 238077 പോൾ ചെയ്തത്‌–161291 ശതമാനം – 68.13 വീണാ ജോർജ്‌ (എൽഡിഎഫ്‌) – 74,950 (46.30%) കെ ശിവദാസൻ നായർ (യുഡിഎഫ്‌) – 55,947 (34.56%) ​ 2016 വീണാ ജോർജ്‌ (എൽഡിഎഫ്‌)– 64,523 (39.97 %) കെ ശിവദാസൻ നായർ (യുഡിഎഫ്‌)– 56,877 (35.23 %)



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home