വേനൽ കത്തുന്നു
കുടിവെള്ളം മുട്ടി

വേനൽ കടുത്തതോടെ നീരൊഴുക്ക് നിലച്ച് മണൽപുറ്റ് തെളിഞ്ഞ അച്ചൻകോവിലാർ ഓമല്ലൂർ ആറാട്ട് കടവിൽ നിന്നുള്ള ദൃശ്യം
സ്വന്തം ലേഖകൻ
Published on Apr 15, 2026, 12:05 AM | 3 min read
പത്തനംതിട്ട
വേനൽ കനത്തതോടെ ജില്ലയിലെ മലയോര മേഖലകളിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. അച്ചൻകോവിലാറിന്റെ തീരത്തെ വാട്ടർ അതോററ്റിയുടെ പന്പുഹൗസുകളിലെ കിണറുകളും വറ്റിവരണ്ടതോടെ ഇവയുടെ പ്രവർത്തനവും ഭാഗികമായി. വളർത്തുമൃഗങ്ങളും വെള്ളംകിട്ടാതെ ദുരിതത്തിലാണ്. ജലക്ഷാമം ക്ഷീരകർഷകരെയും സാരമായി ബാധിച്ചിട്ടുണ്ട്. പാലുൽപാദനം ഗണ്യമായി കുറഞ്ഞു. കുടിവെള്ളമെത്തിച്ചു നൽകാൻ സർക്കാരും തദ്ദേശസ്ഥാപനങ്ങളും യുദ്ധകാലടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിച്ചു വരുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഇതിനായി സർക്കാർ പ്രത്യേക ഉത്തരവും പുറപ്പെടുവിച്ചു. എന്നാൽ അനങ്ങാപ്പാറ നയം തുടരുന്ന തദ്ദേശ സ്ഥാപനങ്ങളുമുണ്ട്. പന്തളം നഗരസഭ, കുളനട, കുന്നന്താനം, റാന്നി തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളുടെ നടപടികൾ മാതൃകാപരമാണ്. പത്തനംതിട്ട– അടൂർ നഗരസഭകൾ, മല്ലപ്പള്ളി, കല്ലൂപ്പാറ, ആനിക്കാട്, അരുവാപ്പുലം, പ്രമാടം, കോന്നി, പന്തളം തെക്കേക്കര പഞ്ചായത്തുകൾ ഗുരുതര അലംഭാവമാണ് കാണിക്കുന്നതെന്ന് പരാതി ഉയർന്നിട്ടുണ്ട്.
പന്തളത്ത് കുടിവെള്ളമെത്തിക്കുന്നത് ദ്രുതഗതിയിൽ
കുടിവെള്ളക്ഷാമം രൂക്ഷമായ പന്തളം നഗരസഭാ പ്രദേശങ്ങളിൽ ദ്രുതഗതിയിലാണ് വെള്ളമെത്തിക്കാൻ നടപടി കൈകൊണ്ടത്. 7, 8, 17,18 ഡിവിഷനുകളിലാണ് രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നത്. കുരമ്പാല ആതിരമല ഭാഗങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. 29, 30, 33 വാർഡുകളിലെ 20ലധികം വീടുകളിലും ജലക്ഷാമം നേരിടുന്നുണ്ട്. ഇവിടെ നഗരസഭ ടാങ്കർലോറിയിൽ കുടിവെള്ളമെത്തിച്ചു നൽകാൻ തുടങ്ങിയതായി ചെയർപേഴ്സൺ എം ആർ കൃഷ്‌ണകുമാരി അറിയിച്ചു. ആതിരമല മേഖലയിൽ ജപ്പാൻ കുടിവെള്ള പദ്ധതിയിലെ പോരായ്‌മകൾ പരിഹരിക്കുന്നതിന് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. കല്ലട ഇറിഗേഷൻ പ്രോജക്‌ട് വഴി വെള്ളം തുറന്നുവിടുന്നതിനുള്ള അടിയന്തര നടപടി സ്വീകരിച്ചതായും അവർ പറഞ്ഞു.
മുളമ്പുഴയിലെ വാട്ടർ ട്രീറ്റ്മെൻറ് പ്ലാന്റിൽനിന്ന് നഗരസഭയുടെ നേതൃത്വത്തിൽ 3000, 5000 വീതമുള്ള രണ്ട് ടാങ്കർ ഉപയോഗിച്ചാണ് കുടിവെള്ളം എത്തിക്കുന്നത്. സമീപ പഞ്ചായത്തായ പന്തളം തെക്കേക്കരയിൽ അടക്കം കുടിവെള്ള ടാങ്കറുകൾ എത്തുന്നതിനാൽ കാലതാമസം വരുത്തുന്നതായി ആക്ഷേപമുണ്ട്. കുളനട പഞ്ചായത്തിലെ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ പഞ്ചായത്ത് ബദൽ സംവിധാനങ്ങൾ ഒരുക്കി. തുമ്പമൺ താഴം, തുമ്പമൺ നോർത്ത്, പുന്നക്കുന്ന്, ഉള്ളന്നൂർ, മാന്തുക പ്രദേശങ്ങളിൽ പഞ്ചായത്ത് ടാങ്കർ ലോറിയിലാണ് കുടിവെള്ളമെത്തിക്കുന്നതെന്ന് പ്രസിഡന്റ് പോൾ രാജൻ അറിയിച്ചു
ഒളിച്ചോടി പത്തനംതിട്ട നഗരസഭ
പത്തനംതിട്ട നഗരസഭയിൽ വാളുവെട്ടുംപാറ, തേങ്ങാപ്പാറ, വഞ്ചികപ്പൊയ്‌ക, ആടിയാനി, പൂവൻപാറ, ഒറ്റുകൽ, ഉൗപ്പമല, തൈക്കാവ് മുരുപ്പ്, മൈലാടുപാറ, പനന്തോപ്പ് തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്. ഇവിടങ്ങളിൽ ടാങ്കറിൽ വെള്ളമെത്തിക്കണമെന്നാവശ്യം അധികൃതർ ചെവികൊള്ളുന്നില്ലെന്നാണ് പരാതി. രണ്ട് കൗൺസിൽ യോഗങ്ങളിലും ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും സർക്കാർ ഉത്തരവ് വരട്ടെ എന്നായിരുന്നത്രെ മറുപടി. കഴിഞ്ഞ അടിയന്തര കൗൺസിൽ യോഗത്തിലും ആവശ്യം ഉന്നയിച്ചപ്പോൾ സർക്കാർ ഉത്തരവ് വന്നുവെന്നറിയിച്ചതല്ലാതെ നടപടികളൊന്നും സ്വീകരിച്ചിലെന്ന് കൗൺസിലർമാർ പറഞ്ഞു.
അരുവാപ്പുലത്ത് അനങ്ങാപ്പാറനയം
അരുവാപ്പുലം പഞ്ചായത്തിലെ അതിരുങ്കൽ, കനകക്കുന്ന്, ഊട്ടുപാറ, കൊക്കാത്തോട്, നീരാമക്കുളം, അള്ളുങ്കൽ, മുതുപേഴുങ്കൽ, അയന്തി, ചിറത്തിട്ട മുരുപ്പ്, പ്രമാടം പഞ്ചായത്തിലെ വി കോട്ടയം, ചെമ്പിക്കുന്ന് ഉന്നതി, ഇളപ്പുപാറ,നെടുംപാറ, ആശാൻപറമ്പിൽ, കോന്നി പഞ്ചായത്തിലെ അതുമ്പുംകുളം, ആവോലിക്കുഴി, പയ്യനാമൺ തേക്കുമല, കാർമല, കിഴക്കുപുറം, നാടുകാണി, ചെങ്ങറ മിച്ചഭൂമി, അടുകാട്, കാളഞ്ചിറ, കൊട്ടകുന്നേൽ, വട്ടക്കാവ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കുടിവെള്ളക്ഷാമം രൂക്ഷമാണ്. സ്വകാര്യവ്യക്തികൾ ടാങ്കറുകളിലെത്തിക്കുന്ന വെള്ളം വൻതുക നൽകി വാങ്ങിക്കേണ്ട സ്ഥിതിയാണ് പ്രദേശവാസികൾക്ക്. മലയാലപ്പുഴ പഞ്ചായത്തിലെ പുതുക്കുളം, കുമ്പഴത്തോട്ടം, മൈലാടുംപാറ പ്രദേശങ്ങളിൽ ജലക്ഷാമമുണ്ട്. ഇവിടങ്ങളിൽ കുടിവെള്ളമെത്തിക്കാൻ പഞ്ചായത്ത് ഉൗർജിത നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.
പെരുനാട് പഞ്ചായത്തിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം തുടങ്ങി. അട്ടത്തോട്, നിലയ്‌ക്കൽ, കിസുമം, നാറാണംതോട്, അറയാഞ്ഞിലിമണ്ണ് തുടങ്ങിയ പ്രദേശങ്ങളിലാണ് പഞ്ചായത്ത് വെള്ളമെത്തിക്കുന്നത്. ചിറ്റാർ പഞ്ചായത്തിലെ 16 വാർഡിലും സീതത്തോട്ടിൽ16 വാർഡിലും കുടിവെള്ള വിതരണം തുടരുന്നു.
അടൂർ നഗരസഭയിലും സമീപ പഞ്ചായത്ത് പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുകയാണ്. പള്ളിക്കൽ, കടമ്പനാട്, ഏറത്ത് പഞ്ചായത്തുകളിലെ താഴ്‌ന്ന പ്രദേശങ്ങളിലും ജലക്ഷാമം നേരിടുന്നു. കിണറുകളും ജലസ്രോതസുകളും വറ്റിവരണ്ടു. കനാൽ തുറന്നുവിടുമ്പോൾ കിണറുകളിൽ വെള്ളമെത്തുന്നത് ഒരാശ്വാസമായിരുന്നു. എന്നാൽ മൂന്നും നാലും ദിവസത്തേക്ക് മാത്രം സബ് കനാലുകൾ തുറന്നുവിടുന്നത് മൂലം സമീപ സ്ഥലങ്ങളിലെ കിണറുകളിൽ വെള്ളമെത്തുന്നതിന് തടസമാകുന്നു. വളർത്തുമൃഗങ്ങളുടെ സ്ഥിതിയും പരിതാപകരമാണ്.
മല്ലപ്പള്ളിയിൽ താലൂക്കിലാകെ ജലക്ഷാമം
മല്ലപ്പള്ളി താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നുണ്ട്. കോട്ടാങ്ങല്‍, എഴുമറ്റൂര്‍, കൊറ്റനാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും കുന്നന്താനം പഞ്ചായത്തിന്റെ മാന്താനം, വള്ളിക്കാട്, വള്ളോക്കുന്ന്, പാലയ്‌ക്കല്‍തകിടി, തേക്കടമല ഉള്‍പ്പടെയുള്ളിടത്താണ് കനത്ത കുടിവെള്ളക്ഷാമം നേരിടുന്നത്. പഞ്ചായത്ത് നേതൃത്വത്തില്‍ ഇവിടങ്ങളില്‍ കുടിവെള്ളം എത്തിച്ചുനല്‍കുന്നുണ്ട്.
മല്ലപ്പള്ളി പഞ്ചായത്തില്‍ മണിക്കുഴി, നാരകത്താനി, കാട്ടാമല, കീഴ്‌വായ്‌പൂര് ഉള്‍പ്പടെയുള്ള പ്രദേശങ്ങൾ, ആനിക്കാട് പഞ്ചായത്തില്‍ പുളിക്കാമല, വെങ്ങളത്തുകുന്ന്, കാരിക്കാമല തുടങ്ങിയ സ്ഥലങ്ങളിലും കല്ലൂപ്പാറ പഞ്ചായത്തിലെ മുടിമല, കുംഭമല ഉള്‍പ്പടെ മിക്ക പ്രദേശത്തും കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്. എന്നാൽ പഞ്ചായത്ത് അധികൃതർ ഇങ്ങോട്ട് തിരിഞ്ഞു നോക്കുന്നില്ലെന്ന് ആരോപണമുണ്ട്.
കുടിവെള്ളമെത്തിച്ച് റാന്നിയും
റാന്നി പഞ്ചായത്തിന്റെ പുതുശേരിമല, ഉതിമൂട് ഭാഗങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്നത്. ഇവിടങ്ങളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനങ്ങൾക്ക് ആവശ്യമായ കുടിവെള്ളം എത്തിച്ചു നൽകുന്നുണ്ട്. വടശേരിക്കര പഞ്ചായത്തിന്റെ തലച്ചിറ, മുക്കുഴി, പേഴുംപാറ, ബംഗ്ലാകടവ്, മങ്ങാട്ടുമല മേഖലകളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. നാറാണംമൂഴി പഞ്ചായത്തിന്റെ പഞ്ചാരമുക്ക്, അടിച്ചിപ്പുഴ ഭാഗങ്ങളിലും ജലക്ഷാമമുണ്ട്. വെച്ചൂച്ചിറ പഞ്ചായത്തിലെ കുന്നം, അച്ചടിപ്പാറ, വാകമുക്ക്, വാറ്റുകുന്ന്, 68 ഏക്കർ പ്രദേശങ്ങളിലും ജലക്ഷാമം അനുഭവപ്പെടുന്നു.










0 comments