ad
Deshabhimani

ഓടരുത്‌ എംഎൽഎ, ആളറിയും

CARTOON
avatar
ആർ രാജേഷ്​

Published on Jun 01, 2026, 12:15 AM | 2 min read



പത്തനംതിട്ട
ഓടുന്ന ബസിൽ ഓടരുതെന്ന്‌ അടുത്തിടെ മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത്‌ ആറന്മുള എംഎൽഎയെക്കുറിച്ചായിരുന്നുവോയെന്ന്‌ നാട്ടുകാർക്ക്‌ സംശയം. കഴിഞ്ഞദിവസം കലക്‌ടറുടെ ചേംബറിൽ ചേർന്ന വികസനസമിതി യോഗത്തിലെ അദ്ദേഹത്തിന്റെ ‘ഷോ’ കണ്ട്‌ അവർ താടിക്ക്‌കൈവച്ചു. നിർമാണം പൂർത്തീകരണ ഘട്ടത്തിലായ കോഴഞ്ചേരി പുതിയ പാലം, പത്തനംതിട്ട അബാൻ മേൽപാലം എന്നിവയുടെ കാര്യത്തിലായിരുന്നു അബിൻ വർക്കിക്ക്‌ ‘അകമഴിഞ്ഞ ആശങ്ക’. പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് നിർമാണ പുരോഗതിയെക്കുറിച്ച്‌ ചോദിച്ചറിഞ്ഞിട്ടും അദ്ദേഹത്തിന്‌ തൃപ്‌തി പോരാ. തിങ്കൾ ഉച്ചയ്‌ക്ക്‌ രണ്ടിന്‌ അബാൻ മേൽപാലവും ശനിയാഴ്‌ച കോഴഞ്ചേരി പുതിയ പാലവും താൻ സന്ദർശിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകളുടെ മേലുദ്യോഗസ്ഥരെല്ലാം അവിടെ കാണണമെന്നുമാണ്‌ കൽപന. ഇരുപാലങ്ങളും ഉദ്‌ഘാടനത്തിനൊരുങ്ങുകയല്ലേ, ‘വർക്കാ’ക്കാൻ വന്ന എംഎൽഎയ്‌ക്ക്‌ റോളില്ലായിരുന്നുവെന്ന്‌ ആരും കുറ്റപ്പെടുത്തരുതല്ലോ എന്ന വിചാരമാകാം പൊറോട്ടുനാടകത്തിന്‌ പിന്നിലെന്നാണ്‌ അടക്കംപറച്ചിൽ.
കോഴഞ്ചേരി പുതിയ പാലം
​കോഴഞ്ചേരി പാലത്തിന് സമാന്തരമായി പണിയുന്ന പുതിയ പാലത്തിന്റെ നിർമാണം ഏതാണ്ട്‌ 95 ശതമാനവും കഴിഞ്ഞു. പമ്പയാറിന് കുറുകെയുള്ള ഇ‍ൗ പാലത്തിന് 198.8 മീറ്റർ നീളവും ഇരുവശത്ത് നടപ്പാതയോടെ 12 മീറ്റർ വീതിയുമാണുള്ളത്‌. നദിക്ക് കുറുകെ 32 മീറ്റർ നീളത്തിൽ നാല്‌ സ്‌പാനുള്ള ആർച്ച് ബ്രിഡ്‌ജും ഇരുകരകളിലുമായി 23.6 മീറ്റർ നീളത്തിൽ മൂന്ന്‌ ലാൻഡ്‌ സ്‌പാനുകളും നദിയിൽ നാലു സ്‌പാനുകളുമായാണ് പാലത്തിന്റെ രൂപകൽപ്പന. സ്‌പാനുകളും ആർച്ചുകളുമെല്ലാം പൂർത്തിയായി. നാല്‌ ആർച്ചിലും പെയിന്റിങ്ങും കഴിഞ്ഞു. നടപ്പാതയുടെ കൈവരി നിർമാണം മാത്രമാണ്‌ ശേഷിക്കുന്നത്‌. അതും ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ട്‌. സർവീസ് റോഡുകളുടെ സംരക്ഷണഭിത്തികളുടെയും അപ്രോച്ച് റോഡുകളുടെയും പണി ഇതിനകം പൂർത്തിയായിരുന്നു.
​​അബാൻ മേൽപാലം
​611 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമുള്ള അബാൻ മേൽപാലത്തിന്‌ 20 സ്‌പാനുകളാണുള്ളത്‌. ഇതിൽ 18 എണ്ണവും പൂർത്തിയായി. ശേഷിക്കുന്നവയുടെ നിർമാണം യുദ്ധകാലടിസ്ഥാനത്തിലാണ്‌ പുരോഗമിക്കുന്നത്‌. സർവീസ്‌ റോഡിന്‌ ഇരുവശങ്ങളിലെയും ഓടനിർമാണം പൂർത്തിയാകാറായി. മുത്തൂറ്റ്‌ ആശുപത്രി ഭാഗത്ത്‌ മേൽപ്പാലം റോഡുമായി ചേരുന്നിടത്ത്‌ പില്ലർ നിർമിക്കുന്നതുമായി ബന്ധപ്പെട്ട നിർമാണപ്രവൃത്തിയിൽ പുനക്രമീകരണമുണ്ടായി. ഇതിന്റെ അനുമതി ലഭിക്കാൻ വന്ന കാലതാമസമാണ്‌ അപ്രോച്ച്‌ റോഡ്‌ നിർമാണം വൈകാൻ കാരണം. അതേസമയം ശ്രീവത്സം ഭാഗത്തെ അപ്രോച്ച്‌ റോഡ്‌ നിർമാണം അതിവേഗത്തിലാണ്‌ പുരോഗമിക്കുന്നത്‌. മേൽപാലത്തിന്‌ ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകൾക്ക്‌ നഷ്ടപരിഹാരം നൽകാൻ കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ 6.88 കോടി രൂപയും അനുവദിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home