അന്താരാഷ്‌ട്ര ഭിന്നശേഷിദിനം
ആഘോഷിച്ച് കുട്ടികൾ

പത്തനംതിട്ട
അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ സാമൂഹികനീതി വകുപ്പിന്റെയും ജില്ലാ ഭരണകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവക പാരിഷ് ഹാളിൽ ജില്ലാ ഭിന്നശേഷി കലാമേള "ഉണർവ് 2025' സംഘടിപ്പിച്ചു. പൊതുസമ്മേളനം ഉദ്ഘാടനവും സമ്മാനവിതരണവും കലക്‌ടർ എസ് പ്രേം കൃഷ്ണൻ നിർവഹിച്ചു.
ജില്ലാ സാമൂഹ്യനീതി ഓഫീസർ ജെ ഷംലാ ബീഗം അധ്യക്ഷയായി. ചടങ്ങിൽ മഹരാഷ്ട്രയിലെ പൂനെയിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്സ് നീന്തൽ മത്സരത്തിൽ 25 മീറ്ററിൽ വെള്ളിയും 50 മീറ്ററിൽ വെങ്കലവും കരസ്ഥമാക്കിയ എംസിആർഡി നവജ്യോതി സ്കൂൾ വിദ്യാർഥി നിധിൻ മുരളിയെയും
സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ 96 ശതമാനം മാർക്കോടെ വിജയിച്ച 100 ശതമാനം കേൾവി പരിമിതി ഉള്ള ആർ ശിവാനിയെയും കലക്ടർ ആദരിച്ചു.
രാവിലെ വിളംബര ഘോഷയാത്രയോടെ ആരംഭിച്ച കലാകായികമേള ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി അരുൺ ബെച്ചു പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഭിന്നശേഷി കുട്ടികളുടെ കലാകായിക പ്രകടനങ്ങൾ നടന്നു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഭിന്നശേഷി വിദ്യാർഥികളെ മാർ ഗ്രേഗോറിയസ് ശാന്തി സദനം ഡയറക്ടർ റവ. ബാർസ്‌കീപ്പ റമ്പാൻ അനുമോദിച്ചു. വിവിധ ഭിന്നശേഷി സ്ഥാപനങ്ങളിലെ 900ലധികം കുട്ടികൾ കലാ, കായികമേളയിൽ പങ്കാളികളായി.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതകുമാരി, സാമൂഹ്യനീതി വകുപ്പ് പ്രൊബേഷൻ ഓഫീസർ ജി സന്തോഷ്, ജില്ലാ ടൗൺ പ്ലാനർ ജി അരുൺ, കുടുംബശ്രീ ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ എസ് ആദില, ജില്ലാ വനിതാ ശിശുവികസന ഓഫീസർ കെ വി ആശാമോൾ, സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവക വികാരി ഫാ. ജോർജ് പ്രസാദ്, അസിസ്റ്റന്റ് വികാരി ഫാ. അബിമോൻ വി റോയ് തുടങ്ങിയവരും പങ്കെടുത്തു.








0 comments