ജില്ലാ സ്‌റ്റേഡിയം പവലിയനുകൾ ഉയരുന്നു

ആർ ഹരീഷ്
Published on Aug 12, 2025, 12:05 AM | 1 min read
പത്തനംതിട്ട
ജില്ലാ സ്‌റ്റേഡിയത്തിന്റെ ഭാഗമായ പവലിയനുകളുടെ നിർമാണം പുരോഗമിക്കുന്നു. ആകെയുള്ള രണ്ട് പവലിയനുകളിൽ ഒന്നിന്റെ നിർമാണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും. പ്രതികൂല കാലാവസ്ഥയിലും സ്‌റ്റേഡിയവുമായി ബന്ധപ്പെട്ട വിവിധ പ്രവൃത്തികൾ അതിവേഗം നീങ്ങുകയാണ്. 2026 മാർച്ചോടെ സ്‌റ്റേഡിയം തുറന്നു നൽകാൻ കഴിയുന്ന നിലയിലാണ് നിർമാണം നടക്കുന്നത്. ട്രാക്ക് നിർമാണം പൂർത്തിയാകാറായി. ട്രാക്കിന്റെ ഇരുവശത്തും നാലരയടിയിൽ ഉയർത്തി ഡ്രൈനേജ് ഭിത്തികൾ നിർമിച്ചാണ് ട്രാക്ക് തീരുന്നത്. 400 മീറ്റർ ദൈർഘ്യമുള്ളതാണ് ട്രാക്ക്. ട്രാക്കിനുള്ളിൽ മണ്ണിട്ട് ഉയർത്താനുള്ള പണികളാണ് ഇനി നടക്കാനുള്ളത്. ഇൻഡോർ സ്‌റ്റേഡിയത്തിന്റെ നിർമാണവും മറ്റൊരു ഭാഗത്ത് വേഗത്തിൽ തന്നെ നടക്കുന്നു. ഇതിലുള്ള നീന്തൽക്കുളമാണ് പ്രധാനപ്പെട്ടത്. 50 മീറ്റർ നീളവും 25 മീറ്റർ വീതിയും രണ്ട് മീറ്റർ താഴ്‌ചയുമുള്ളതാണ് നീന്തൽക്കുളം. എട്ട് ട്രാക്കുകളും ഉണ്ടാകും. ഇതിന്റെ ഭിത്തി നിർമാണം പൂർത്തിയായി. വെള്ളം കെട്ടി നിൽക്കുന്നതിനാൽ മറ്റ് പണികൾ ഭാഗികമായി തടസപ്പെട്ടിരിക്കുകയാണ്. കുളത്തിലെ ഉപയോഗശേഷമുള്ള വെള്ളം നീക്കം ചെയ്യുന്ന ബാലൻസിങ് ടാങ്കിന്റെ നിർമാണവും പൂർത്തിയാകാറായി. വസ്‌ത്രമാറ്റ മുറിയും ശുചിമുറിയും നീന്തൽ കുളത്തിന്റെ ഭാഗമായുണ്ട്. വോളിബോൾ– ബാഡ്‌മിന്റൺ കോർട്ട് ഉൾപ്പെടെ ഇൻഡോർ സ്‌റ്റേഡിയം ഡിസംബറോടെ പൂർത്തിയാകും. സ്‌റ്റേഡിയത്തിന് ചുറ്റും വെള്ളം ഒഴുകിപ്പോകുന്നതിനായി അരകിലോ മീറ്റർ ദൂരത്തിൽ തോട് സജ്ജീകരിച്ചിട്ടുണ്ട്. ഇത് സ്‌റ്റേഡിയത്തെ ചുറ്റിയും കുറുകെയുമാണ് കടന്നു പോകുന്നത്. 60 ശതമാനത്തോളം ഇതിന്റെ നിർമാണം പൂർത്തിയായി. റിങ് റോഡ് വശത്തെ സംരക്ഷണഭിത്തി ഉയർത്തി നിർമിച്ചു. എല്ലാ നിർമാണവും ഇൗ വർഷാവസനത്തോടെ പൂർത്തിയാക്കുകയും തുടർന്ന് രണ്ട് മാസമെടുത്തുള്ള മിനുക്ക് പണികൾ തീർത്തി മാർച്ചിൽ സ്‌റ്റേഡിയം തുറന്ന് നൽകാവുന്ന പ്രതീക്ഷയാണുള്ളതെന്ന് നിർമാണ കമ്പനി അധികൃതർ അറിയിച്ചു.
Highlights: നീന്തൽക്കുളം നിർമാണം പുരോഗമിക്കുന്നു
മാർച്ചിൽ സ്‌റ്റേഡിയം തുറന്ന് കൊടുക്കും
Caption: ചിത്രം ..










0 comments