മില്ലറ്റിൽ മിന്നും ഈ ഊരിന്റെ പേര്

ബ്ലസൻ രാജു
Published on Aug 06, 2025, 12:05 AM | 1 min read
ഇരവിപേരൂർ
‘ആഹാരത്തിലൂടെ ആരോഗ്യം’ എന്ന ആശയത്തിലൂന്നിയതാണ് ഇവിടത്തെ നാട്ടുവിപണി. അത് സാധ്യമാക്കാൻ എല്ലാത്തരം കൃഷിയെയും ഇരുകൈയുംനീട്ടി സ്വീകരിച്ചിരിക്കുകയാണ് ഇരവിപേരൂർ പഞ്ചായത്ത്. മില്ലറ്റാണ് അതിൽ പ്രധാനം. ധാരാളം ആരോഗ്യഗുണമുള്ള ഈ ധാന്യത്തെക്കുറിച്ച് കൂടുതലറിയാൻ മറ്റെങ്ങും പോവേണ്ട. ഇവിടത്തുകാരോട് ചോദിച്ചാൽ മതി. 16 ഏക്കറിലാണ് മില്ലറ്റ് കൃഷിചെയ്യുന്നത്.
കൃഷിഭവന്റെ സഹകരണത്തോടെ പഞ്ചായത്ത് സംഘടിപ്പിച്ചിട്ടുള്ള ഗ്രാമചന്ത നാടിന് സമ്മാനിച്ചിരിക്കുന്നത് ആരോഗ്യത്തിലൂന്നിയ വികസനം. പച്ചക്കറി, പേരയ്‌ക്ക, മാങ്ങ, കുളമ്പ് മാങ്ങ, കിളിച്ചുണ്ടൻ മാങ്ങ, ഡ്രാഗൺ ഫ്രൂട്ട്, ചക്ക, അവക്കാഡോ, വാഴക്കൂമ്പ് എന്നുവേണ്ട പാലും മുട്ടയുംവരെ ചന്തയിലുണ്ട്. എല്ലാ വ്യാഴവും വൈകിട്ട് 4.30 മുതൽ നെല്ലാട് ജങ്‌ഷനുസമീപമാണ് ഇരവിപേരൂർ നാട്ടുവിപണിയുടെ പ്രവർത്തനം.
കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവിലയും ഉപഭോക്താക്കൾക്ക് സുരക്ഷിതഭക്ഷണവും ഉറപ്പാക്കുകയാണ് പഞ്ചായത്ത്. 30-ഓളം കർഷകരുടെ ഉൽപ്പന്നങ്ങൾ ഇതുവഴി വിപണിയിലെത്തുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരൻപിള്ള പറഞ്ഞു. മനോസോടിത്തിരി മണ്ണ് പദ്ധതിയിൽ അതിദാരിദ്ര്യ പട്ടികയിൽനിന്നും അഞ്ചുപേർക്ക് മൂന്നുസെന്റ് സ്ഥലം കണ്ടെത്തി നൽകി. ഭൂമി കണ്ടത്തിയാണ് അഞ്ച് അങ്കണവാടി നിർമിച്ചുനൽകിയത്. ആധുനിക അറവുശാലയും തുറന്നു. 400 കിലോ തൂക്കമുള്ള പോത്തിനെ 20 മിനിറ്റുകൊണ്ട് വിൽപനയ്‌ക്ക് സജ്ജമാക്കാം. അതും പൂർണമായ യന്ത്രസഹായത്തോടെ. ഓതറ ജനകീയ ആരോഗ്യകേന്ദ്രം 1.45 കോടി ചെലവഴിച്ചാണ് പുനർനിർമിക്കുന്നത്. 146 ലൈഫ് വീടും ഉയരുന്നു.










0 comments