അമ്മയ്ക്കും മകൾക്കും ഗ്രാമം കണ്ണീരോടെ വിട നൽകി
അജ്മൽ ഏകനായി

സെൽവം മുഹമ്മദും മകൾ ഹൽബി ജലാലും
എം സുജേഷ്
Published on May 14, 2026, 12:05 AM | 1 min read
പന്തളം
മങ്ങാരം ഗ്രാമത്തിന് പ്രിയങ്കരികളായ അമ്മയും മകളും നഷ്ടമായത് നാടിന് തേങ്ങലായി. മങ്ങാരം സെലിൻ നിവാസിൽ സെൽവം മുഹമ്മദിന്റെയും മകൾ ഹൽബി ജലാലിന്റെയും വേർപാടാണ് ഗ്രാമത്തിന് തീരാ നൊമ്പരമായത്. ആതുര സേവനരംഗത്തെ സ്നേഹസ്പർശം കൊണ്ട്
ഏവരുടെയും പ്രിയപ്പെട്ടവളായി മാറിയ സെൽവം മുഹമ്മദ് ചെന്നീർക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സിംഗ് അസിസ്റ്റന്റായിരുന്നു.നാട്ടിലും അയൽപക്കത്തും സ്നേഹസമ്പന്നമായ പെരുമാറ്റം കൊണ്ട് പ്രിയപ്പെട്ടവരായിരുന്നു സെൽവം മുഹമ്മദും മകൾ ഹൽബി ജലാലും.
ജോലി സ്ഥലത്തും പ്രവർത്തിച്ചുവന്ന കേരള എൻജിഒ യൂണിയനിലും മികച്ച സംഘാടകയും കർമനിരതയുമായിരുന്നു സെൽവം മുഹമ്മദ്.
പഠിക്കാൻ മിടുക്കിയായിരുന്ന ഹൽബി ചുട്ടിപ്പാറ സ്റ്റാർസ് കോളേജിലെ വിദ്യാർഥികൾക്ക് പ്രിയപ്പെട്ടവളായിരുന്നു.
എം സി റോഡിൽ നിലമേൽ ചൊവ്വാഴ്ച രാത്രിയുണ്ടായ വാഹനനാപകടത്തിലാണ് അമ്മയെയും മകളെയും നാടിന് നഷ്ടമായത്. അമ്മയും മകളും ചേർന്ന് പന്തളത്തേക്ക് സ്കൂട്ടറിൽ മടങ്ങുന്ന സമയത്താണ് ഇതുവരെയും കാർ ഇടിച്ച് തെറിപ്പിച്ചത്. സെൽവം മുഹമ്മദ് അപകടസ്ഥലത്തുവെച്ചും മണിക്കൂറുകൾ കഴിഞ്ഞ് മകൾ ആൽബി വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. ഹൽബിയുടെ ഏക സഹോദരൻ അജ്മൽ ഇതോടെ സെലിൻ നിവാസിൽ ഏകനായി. അമ്മയെയും സഹോദരിയെയും നഷ്ടപ്പെട്ട അജ്മലിന്റെ പിതാവ് ജലാൽ വർഷങ്ങൾക്കുമുമ്പ് മരിച്ചതാണ്.
വിദേശത്തായിരുന്ന അജ്മൽ നാട്ടിൽ ഏറെനാൾ ഡിവൈഎഫ്ഐയിൽ സജീവ പ്രവർത്തകനായിരുന്നു. നൂറുകണക്കിനാളുകളാണ് അമ്മയെയും മകളെയും യാത്രയാക്കാൻ കബറടക്കം നടന്ന മുട്ടാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ എത്തിയത്.










0 comments