സസ്യശാസ്‌ത്രത്തിൽനിന്ന് വിരമിക്കലില്ല
മനസ്സായ് ഇൗ ബോൺസായ്

അനിൽ കുറിച്ചിമുട്ടം
Published on Apr 27, 2026, 12:05 AM | 1 min read
കോഴഞ്ചേരി
സസ്യശാസ്‌ത്രമാണ് പ്രൊഫ. സി ജി വർഗീസിന്റെ ജീവിതം. വിരമിച്ച ശേഷവും പ്രിയപ്പെട്ടതായി അത് തുടരുന്നു. വീട്ടുമുറ്റത്തെ മുപ്പതിലധികം വരുന്ന ബോൺസായ് മരങ്ങളിലൂടെയാണ് അദ്ദേഹം തന്റെ ഇഷ്‌ടവിഷയം ആഴത്തിൽ പഠിക്കുന്നത്.
കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ സസ്യശാസ്ത്ര വിഭാഗത്തിൽനിന്ന് വിരമിച്ച പ്രൊഫ. സി ജി വർഗീസിന്റെയും ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ ഭൗതികശാസ്ത്ര വിഭാഗത്തിൽനിന്ന് വിരമിച്ച പ്രൊഫ. മറിയാമ്മ ജോണിന്റെയും കോഴഞ്ചേരിയിലെ ചാവടിയിൽ വീടിനെ മനോഹരമാക്കുന്നത് ബോൺസായ് ചെടികളുടെ അപൂർവ ശേഖരമാണ്.
ചൈനീസ് പാരമ്പര്യമനുസരിച്ച് ഐക്യത്തിന്റെയും ക്ഷമയുടെയും സന്തുലിതാവസ്ഥയുടെയും പ്രതീകങ്ങളാണിവ. മുപ്പതിലധികം ബോൺസായ് ചെടികൾ ചാവടിയിലെ വീട്ടുമുറ്റത്തുണ്ട്. ഇതിൽ 25 വർഷമായ ഫൈക്കസ് ബംഗാലെൻസിസ് എന്ന ശാസ്ത്ര നാമമുള്ള പേരാലാണ് ഏറ്റവും പ്രായമുള്ളത്. ലോകത്ത് ഏറ്റവുമധികം കാലം ജീവിക്കുന്ന സസ്യങ്ങളിൽ ഒന്നാണ് പേരാൽ. കോഴഞ്ചേരി നഗരത്തിൽനിന്ന് 25 വർഷം മുമ്പ് ലഭിച്ച ഒരു വേരാണ് ഇന്ന് ഏകദേശം അഞ്ചടി പൊക്കമുള്ള പേരാലായി ചെടിച്ചട്ടിയിൽ നിൽക്കുന്നത്. വിപണിയിൽ ആയിരങ്ങളാണ് ബോൺസായ് ചെടികളുടെ വില. എന്നാൽ വർഗീസ് സാറിന്റെ വീട്ടുമുറ്റത്തുള്ളതെല്ലാം സ്വന്തമായി നട്ടുപരിപാലിച്ചു വളർത്തിയെടുത്തതാണ് എന്നതാണ് ഏറെ കൗതുകം.
ടാമരിൻഡസ് ഇൻഡിക്കസ് എന്ന ശാസ്ത്രനാമമുള്ള വാളൻപുളി, മുറയ പാനിക്കുലേറ്റ എന്ന ശാസ്ത്രനാമമുള്ള മരമുല്ല, സാമ്യ പിഗ്മി എന്ന സാമിയ, ജിബോസ എന്ന ഇത്തി, ഫൈക്കസ് ബെഞ്ചാമിന തുടങ്ങിയ ഇനത്തിൽപ്പെട്ട ബോൺസായ് ചെടികളാണ് പ്രധാനമായും വർഗീസ് വളർത്തിയെടുത്തത്. ആലിന്റെ ഇനത്തിൽപ്പെട്ട ഇരുപതും കറിവേപ്പ് വർഗത്തിൽപ്പെട്ട ആറ് ബോൺസായ് ചെടികളും ശേഖരത്തിലുണ്ട്.
പ്രത്യേക വളമൊന്നും ആവശ്യമില്ലാത്ത ബോൺസായ് ചെടികൾക്ക് രാവിലെയും വൈകുന്നേരവും വെള്ളം തളിക്കുന്നതാണ് പ്രധാനം. ഒപ്പം ഇടവേളകളിൽ വെട്ടിനിർത്തലും പതിവാണ്. 19 വർഷം മുന്പ് അധ്യാപകവൃത്തിയിൽനിന്ന് വിരമിച്ച ശേഷം കൃഷിയാണ് പ്രൊഫ. വർഗീസിന്റെ പ്രധാന വിനോദം. ഏക മകൾ നീതു വിദേശത്താണ്.










0 comments