ഒരുക്കങ്ങൾ പൂർണം; ആവേശത്തിൽ ആറന്മുള


സ്വന്തം ലേഖകൻ
Published on Sep 09, 2025, 12:05 AM | 1 min read
കോഴഞ്ചേരി
വള്ളപ്പാട്ടിന്റെ ആരവവും വള്ളസദ്യയുടെ രുചിയുമുള്ള ആറന്മുളയിൽ ചൊവ്വാഴ്ച വള്ളംകളിയുടെ ആവേശക്കാഴ്ച. വള്ളംകളിയുടെ ഓരോ നിമിഷവും ഒപ്പിയെടുക്കാൻ നാനാഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് വള്ളപ്രേമികൾ പമ്പയുടെ തീരങ്ങളിൽ ഇടം പിടിക്കും.
ജലമേളയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പള്ളിയോട സേവാസംഘം ഭാരവാഹികൾ അറിയിച്ചു.
സുരക്ഷക്കായി 650 പൊലീസ് ഉദ്യോഗസ്ഥരെ പമ്പാനദിയുടെ ഇരുകരകളിലുമായി വിന്യസിക്കും. അഞ്ച് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയിൽനിന്ന് 30 പേരും 15 മുങ്ങൽ വിദഗ്ധരും പള്ളിയോട സേവാസംഘത്തിന്റെ 20 വളന്റിയർമാരും സുരക്ഷയുടെ ഭാഗമായുണ്ടാകും. അഞ്ച് സ്പീഡ് ബോട്ട്, ഏഴ് യന്ത്ര ബോട്ടുകൾ, നാല് യന്ത്രം ഘടിപ്പിച്ച വള്ളങ്ങൾ എന്നിവ നദിയിൽ സുരക്ഷയൊരുക്കും.
നിലവിൽ നദിയിൽ ജലനിരപ്പ് കുറവായതിനാൽ ജലമേളയുടെ സുഗമമായ നടത്തിപ്പിനായി കരിക്കയം ഡാമിൽ സംഭരിച്ചിരിക്കുന്ന ജലം ചൊവ്വ പുലർച്ചെ നാലിന് തുറന്നുവിട്ടു. രാവിലെ ഒമ്പതിന് വേലകളി, നാദസ്വരം തുടങ്ങിയവയുടെ അകമ്പടിയോടെ ആറന്മുള ക്ഷേത്ര ശ്രീകോവിലിൽനിന്ന് ഭദ്രദീപം സത്രം പവലിയനിൽ എത്തിക്കും. 10ന് കലക്‌ടർ എസ് പ്രേം കൃഷ്‌ണൻ പതാക ഉയർത്തും. പകൽ ഒന്നിന് പള്ളിയോടങ്ങൾ ക്ഷേത്രക്കടവിലെത്തി ചന്ദനവും പൂമാലയും സ്വീകരിച്ച് ഫിനിഷിങ് പോയിന്റിൽ അണിനിരക്കും.
ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചാണ് സ്റ്റാർട്ടിങ്ങും ഫിനിഷിങ്ങും ക്രമീകരിച്ചിരിക്കുന്നത്. ഓരോ പള്ളിയോടവും സ്റ്റാർട്ടിങ് പോയിന്റുമുതൽ ഫിനിഷിങ് പോയിന്റുവരെ എത്താനുള്ള കൃത്യസമയം തിട്ടപ്പെടുത്തും. എ, ബി ബാച്ചുകളിൽ ഏറ്റവും കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്യുന്ന നാല് പള്ളിയോടങ്ങളെ ഫൈനലിലും തൊട്ടുപിന്നിലുള്ള നാല് പള്ളിയോടങ്ങളെ ലൂസേഴ്‌സ് ഫൈനലിലും പങ്കെടുപ്പിച്ച് വിജയികളെ തീരുമാനിക്കും. പുറത്തുനിന്നുള്ള തുഴച്ചിൽക്കാർ പള്ളിയോടത്തിൽ കയറുന്നുണ്ടോ എന്ന് പ്രത്യേകം നിരീക്ഷിക്കും. അങ്ങനെയുള്ള പള്ളിയോടങ്ങളെ അയോഗ്യരാക്കുമെന്നും പള്ളിയോട സേവാസംഘം അറിയിച്ചു.










0 comments