6 വർഷം
2.45 ലക്ഷം കുടുംബങ്ങളിൽ വെള്ളമെത്തി


സ്വന്തം ലേഖകൻ
Published on Sep 01, 2025, 02:00 AM | 1 min read
പാലക്കാട്
ജില്ലയിൽ കഴിഞ്ഞ ആറുവർഷത്തിനുള്ളിൽ കുടിവെള്ളമെത്തിയത് 2,45,042 കുടുംബങ്ങളിൽ. ഗ്രാമീണ ജനതയ്‌ക്ക് കുടിവെള്ളം ഉറപ്പാക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ കീഴിൽ ആരംഭിച്ച "ജല്‍ജീവന്‍ മിഷൻ' പദ്ധതിയിലൂടെയാണ് നേട്ടം. 2019ൽ പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് 1,39,041 വീടുകളിലാണ് ടാപ്പിലൂടെ കുടിവെള്ളം ലഭ്യമായിരുന്നത്. നിലവിൽ അത് 3,84,083 ആയി ഉയർന്നിട്ടുണ്ട്. രൂക്ഷമായ ജലക്ഷാമം നേരിടുന്ന അട്ടപ്പാടി, കൊല്ലങ്കോട് ബ്ലോക്കുകളിലെ ആദിവാസി മേഖലകളിലും വെള്ളമെത്തിക്കാൻ പദ്ധതിയിലൂടെ സാധിച്ചു. ഇവിടെ 60 ശതമാനം വീടുകളില്‍ കുടിവെള്ള കണക്ഷൻ നൽകി. ബാക്കിയുള്ള വീടുകളിലേക്കുകൂടി വെള്ളമെത്തിക്കാനുള്ള പ്രവൃത്തിയുടെ അവസാന ഘട്ടത്തിലാണിപ്പോൾ. ഈ പ്രദേശങ്ങളില്‍ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ജലസ്രോതസ്സുകളുടെ ലഭ്യത വര്‍ധിപ്പിക്കാനായി പ്രത്യേക പദ്ധതികളും നടപ്പാക്കി. സംസ്ഥാന സർക്കാർ 50 ശതമാനവും കേന്ദ്ര സർക്കാർ 50 ശതമാനവും വിഹിതംനൽകിയാണ് ജൽജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ 50 ശതമാനം വിഹിതത്തില്‍ 25 ശതമാനം സര്‍ക്കാര്‍ നേരിട്ടും 15 ശതമാനം പഞ്ചായത്ത് ഫണ്ടും 10 ശതമാനം കണ്‍സ്യൂമര്‍ ഫണ്ടുമാണ്. എന്നാൽ നിലവില്‍ പഞ്ചായത്ത്- കണ്‍സ്യൂമര്‍ ഫണ്ടുകള്‍ വിനിയോഗിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍തന്നെയാണ്. ജില്ലയിൽ പദ്ധതിയുടെ നടത്തിപ്പിനായി ആകെ 1,473.94 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. തുക ഉപയോഗിച്ച് പൈപ്പ് ലൈനുകള്‍, ജലശുദ്ധീകരണ പ്ലാന്റുകള്‍, സംഭരണ ടാങ്കുകള്‍, പമ്പ് ഹൗസുകള്‍, 39 വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ എന്നിവ നിർമിച്ചു. തദ്ദേശസ്വയംഭരണം, വനം, വൈദ്യുതി, റെയില്‍വേ, പിഎംജിഎസ്‌വൈ തുടങ്ങിയ വകുപ്പുകളുടെ സഹകരണവും നടത്തിപ്പിനെ സുഗമമാക്കുന്നു.








0 comments