മാലിന്യ നിർമാർജനം
തലയുയർത്തി തദ്ദേശ വകുപ്പും ശുചിത്വ മിഷനും

സ്വച്ഛതാ ഗ്രീന്‍ ലീഫ് റേറ്റിങിന് അര്‍ഹരായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ കലക്ടർ ജി പ്രിയങ്ക വിതരണംചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Aug 04, 2025, 12:00 AM | 1 min read
പാലക്കാട്
സംസ്ഥാനത്തെ മാലിന്യ നിർമാർജന പ്രവർത്തനത്തിൽ മികച്ച മുന്നേറ്റവുമായി ജില്ല കുതിക്കുമ്പോൾ അഭിമാനത്തോടെ തലയുയർത്തുകയാണ് തദ്ദേശ വകുപ്പും ജില്ലാ ശുചിത്വ മിഷനും. ശുചിത്വ - മാലിന്യ പദ്ധതികളിൽ വലിയപങ്കാണ് ഇവർ നിർവഹിക്കുന്നത്.
സ്വച്ഛതാ ഗ്രീന്‍ ലീഫ് റേറ്റിങ്
ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ എന്നിവയുടെ ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ജില്ലാതലത്തിൽ നടത്തിയ വിലയിരുത്തലാണ് സ്വച്ഛത ഗ്രീന്‍ ലീഫ് റേറ്റിങ്. 14 ഹോട്ടലുകളും രണ്ട് ഹോംസ്റ്റേകള്‍ക്കുമായി 16 സ്ഥാപനങ്ങളാണ് മികച്ച റേറ്റിങ് നേടിയത്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ശുചിത്വ മിഷനാണ്. മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി തദ്ദേശവകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ സഹായമായി.
സ്വച്ഛ് സർവേക്ഷൻ ദേശീയ റാങ്കിങ്
ദേശീയ സ്വച്ഛ് സർവേക്ഷൻ റാങ്കിങ്ങിൽ മികച്ച നേട്ടമാണ് ജില്ല കൈവരിച്ചത്. നഗരസഭകളുടെ റാങ്കിങ് മെച്ചപ്പെടുത്തുന്നതിന് നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കി. ഖരമാലിന്യ സംസ്കരണത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തി. പൊതുയിടങ്ങളിലെയും ജലാശയങ്ങളിലെയും വൃത്തി ഉറപ്പാക്കി. മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ വൃത്തിയാക്കി പൂന്തോട്ടങ്ങളാക്കി പരിപാലിച്ചു. ശുചിത്വ -മാലിന്യ സംസ്കരണ സന്ദേശങ്ങളടങ്ങിയ ചുവർ ചിത്രങ്ങൾ, നഗരസൗന്ദര്യ വൽക്കരണം, പ്രത്യേക പ്ലാന്റുകൾ, കലക്ഷൻ പോയിന്റുകൾ, വേസ്റ്റ് ടു ആർട്ട് ഉദ്യമങ്ങൾ, സീറോ വേസ്റ്റ് - ഗ്രീൻ പ്രോട്ടോകോൾ, ആർആർആർ സെന്ററുകൾ തുടങ്ങിയവ നഗരസഭകളുടെ റാങ്കിങ്ങിലെ കുതിപ്പിന് സഹായകമായി. കഴിഞ്ഞ മാസമാണ് റാങ്കിങ് പ്രഖ്യാപിച്ചത്. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി വാതിൽപ്പടി മാലിന്യ ശേഖരണം നൂറുശതമാനത്തിലെത്തിക്കാനുമായി.
സ്റ്റാർ റേറ്റിങ്ങിലും തിളങ്ങി
കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയം പുറപ്പെടുവിച്ച സ്റ്റാർ റേറ്റിങ് പ്രോട്ടോകോളാണ് ഗാർബേജ് ഫ്രീ സിറ്റീസ് സർട്ടിഫിക്കേഷൻ. പട്ടാമ്പി, ഷൊർണൂർ നഗരസഭകളാണ് മൂന്ന് സ്റ്റാർ റേറ്റിങ് കരസ്ഥമാക്കിയത്. ചെർപ്പുളശേരി നഗരസഭ ഒരു സ്റ്റാർ നേടി.










0 comments