ഭരണമാറ്റത്തിൽ പരിഷ്‌കരണം നിലച്ചു

ഉപയോഗശൂന്യമായ കെട്ടിടങ്ങൾ
എസ് നന്ദകുമാർ
Published on Aug 09, 2026, 12:44 AM | 2 min read
വാളയാർ
വാളയാറിലെ അഴിമതി തുടച്ചുനീക്കണം, ഇതിനായി സംസ്ഥാനത്തെ മോട്ടോർ വാഹന ചെക്ക്പോസ്റ്റ് പൂർണമായും ഓൺലൈനാകണം. ഇതായിരുന്നു മുൻ എൽഡിഎഫ് സർക്കാർ ലക്ഷ്യമിട്ടത്. ഇതിന്റെ ഭാഗമായി പ്രാഥമിക രൂപരേഖയും തയ്യാറാക്കി. അതിർത്തി കടന്നെത്തുന്ന ചരക്കുവാഹനങ്ങൾ പൂർണമായി എഐ കാമറകളും സ്കാനറുകളും ഉപയോഗിച്ച് പരിശോധിക്കും. വാഹനം കടന്നെത്തുമ്പോൾ തന്നെ ഇ വേ ബില്ലിന്റെ ലിങ്ക് ആർടിഓഫീസിന്റെ കൺട്രോൾ റൂമിലെത്തും. പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയാൽ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളെ ഉപയോഗിച്ച് വാഹനം പിടിച്ചെടുത്ത് നിയമ നടപടിയെടുക്കും. പുതിയ പരിഷ്കാരത്തിന്റെ ഭാഗമായി സാങ്കേതിക സംവിധാനം ഒരുക്കാനുള്ള പ്രവത്തനം തുടങ്ങിയപ്പോഴാണ് ഭരണം മാറിയത്. ഇതോടെ പ്രർത്തനങ്ങളെല്ലാം നിലച്ചു. സംയുക്ത പരിശോധനയ്‌ക്ക് സംവിധാനമുണ്ട് മുൻ മന്ത്രി തോമസ് ഐസക്കിന്റെ "അഴിമതി രഹിത വാളയാർ’ പദ്ധതി പ്രകാരം പൊലീസ്, മോട്ടോർ വാഹന വകുപ്പ്, എക്‌സൈസ്, മൃഗസംരക്ഷണ വകുപ്പ് എന്നിവയ്‌ക്ക് സംയുക്ത പരിശോധന നടത്താനുള്ള സംവിധാനവും സ്ഥലവും വാളയാറിലുണ്ട്. പൂട്ടിക്കിടക്കുന്ന വാണിജ്യനികുതി ചെക്ക് പോസ്റ്റ് ഇതിനായി ഉപയോഗിക്കാം. പഴയ മോട്ടോർ വാഹന വകുപ്പ് പ്രവർത്തിച്ച സ്ഥലത്ത് പുതിയ കെട്ടിടം നിർമിച്ച് പരിശോധന തുടർന്നാൽ കള്ളക്കടത്തും നികുതി വെട്ടിപ്പും തടയാം. വാഹനം പാർക്ക് ചെയ്യാനും ഡ്രൈവർമാർക്ക് ശുചിമുറി ഉൾപ്പെടെ ഉപയോഗിക്കാനുള്ള സൗകര്യവും കെട്ടിടങ്ങളിലും പരിസര പ്രദേശങ്ങളിലുമുണ്ട്. സംയോജിത ചെക്ക്പോസ്റ്റ് നടപ്പാക്കിയാൽ മാത്രമേ വാളയാർ വഴിയുള്ള ലഹരിക്കടത്തും മറ്റും പൂർണമായും തടയാൻ സാധിക്കൂ. നിലവിൽ മഴയത്തും വെയിലത്തും വാളയാർ ടോൾ പ്ലാസയിലാണ് പൊലീസും എക്‌സൈസുമെല്ലാം വാഹനപരിശോധന നടത്തുന്നത്. വ്യവസായ ഇടനാഴി പ്രതീക്ഷ കോയമ്പത്തൂരിനോട് ചേർന്ന് സ്ഥിതി ചെയ്തിട്ടും വികസനത്തിന്റെ കാര്യത്തിൽ പിന്നിലാണ് വാളയാർ. കാടുപിടിച്ച അവസ്ഥയിലുള്ള റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾപോലും പരിമിതമാണ്. മലബാർ സിമന്റ്സ്, അഹല്യ, പിംസ് ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ദൂരദേശങ്ങളിൽനിന്ന് എത്തുന്നവർക്ക് സ്റ്റേഷൻ ഏറെ സഹായകരമായിട്ടും ഭൂരിഭാഗം ട്രെയിനുകളും ഇവിടെ നിർത്താറില്ല. അന്തർസംസ്ഥാന ബസ് ടെർമിനൽ എന്ന ആവശ്യം രണ്ടുപതിറ്റാണ്ടിലേറെയായി ഉയരുന്നുണ്ടെങ്കിലും ഇതുവരെ യാഥാർഥ്യമായിട്ടില്ല. കേരള–തമിഴ്നാട് അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ യാത്രക്കാർക്ക് ഇന്നും ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നു. അതേസമയം, വാളയാർ അണക്കെട്ട്, കൊട്ടാമുട്ടി വെള്ളച്ചാട്ടം, നടുപ്പതി ഉന്നതി, തേക്കിൻകാടുകൾ തുടങ്ങിയ ടൂറിസം സാധ്യതകൾ പ്രദേശത്തിനുണ്ട്. സമീപത്ത് നിർദിഷ്ട വ്യവസായ പാർക്കും കഞ്ചിക്കോട് വ്യവസായ മേഖലയുമായുള്ള ബന്ധവും വാളയാറിന്റെ വികസന പ്രതീക്ഷകൾക്ക് ശക്തിപകരുന്നു. വ്യവസായ ഇടനാഴി യാഥാർഥ്യമാകുന്നതോടെ വാളയാറിനും സമീപ റെയിൽവേ സ്റ്റേഷനുകൾക്കും കൂടുതൽ പുരോഗതി കൈവരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.










0 comments