ജീവനെടുക്കുന്ന വാളയാർ ആഴം

വാളയാർ അണക്കെട്ടിൽ മുങ്ങി മരിച്ച യുവാവിന്റെ മൃതദേഹം അഗ്നിരക്ഷാസേന പുറത്തെടുക്കുന്നു
എസ് നന്ദകുമാർ
Published on Apr 20, 2026, 12:34 AM | 2 min read
വാളയാർ
ആറുവർഷത്തിനിടെ വാളയാർ അണക്കെട്ടിന്റെ ആഴങ്ങളിൽ പൊലിഞ്ഞത് ആറ് സ്ത്രീകൾ ഉൾപ്പെടെ 36 പേർ. ഇതിൽ 25 പേരും തമിഴ്നാട് സ്വദേശികൾ. രണ്ടുവർഷത്തിനിടെ മാത്രം പൊലിഞ്ഞത് 18 ജീവനുകളാണ്. 2017 നവംബറിൽ തമിഴ്‌നാട്ടിലെ സ്വകാര്യ കോളേജുകളിലെ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചതിനെ തുടർന്ന് അണക്കെട്ടിനകത്ത് അഗ്നിരക്ഷാസേന സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, അതിനുശേഷം 2018 ഏപ്രിലിൽ അച്ഛനും മകളുമുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേർ രാത്രി കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു. അതേ വർഷംതന്നെ കോവൈ പുതൂർ സ്വദേശികളായ അഞ്ചുപേരും അണക്കെട്ടിൽ മരിച്ചു. 2021ൽ മൂന്ന് വിദ്യാർഥികളും മുങ്ങിമരിച്ചു. അതിർത്തിയോട് ചേർന്നുകിടക്കുന്ന കോയമ്പത്തൂരിലെ സ്വകാര്യ കോളേജുകളിൽനിന്ന് നിരവധിപേരാണ് അവധി ദിവസങ്ങളിലും മറ്റും വാളയാർ സന്ദർശിക്കുന്നത്. 2026ൽ മാത്രം നാല് തമിഴ്നാട് സ്വദേശികൾ അണക്കെട്ടിൽ മുങ്ങി മരിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ മൂന്നുപേരാണ് അണക്കെട്ടിൽ മുങ്ങി മരിച്ചത്. വെള്ളം കുറഞ്ഞ അവസ്ഥയിൽ അണക്കെട്ടിൽ അപകടമൊന്നും തോന്നിപ്പിക്കാത്ത പുല്ലുകൾ നിറഞ്ഞ ചതുപ്പുകൾ, ആഴം തോന്നിപ്പിക്കാത്ത വെള്ളത്തിലെ കുഴികൾ, മണലെടുത്ത കുഴികൾ എന്നിവയെല്ലാം മരണത്തിന് കാരണമാണ്. നീന്തൽ അറിയുന്നവർപോലും ഈ ഭാഗത്ത് വെള്ളത്തിൽപ്പെട്ടാൽ രക്ഷപ്പെടാൻ സാധ്യത കുറവാണ്. നിലവിൽ അണക്കെട്ടിൽ ഏതുസമയത്തും, പല വഴികളിലൂടെയും പ്രവേശിക്കാം എന്ന സ്ഥിതിയാണുള്ളത്. പ്രധാനമായും തമിഴ്‌നാടുമായി ചേർന്നുകിടക്കുന്ന പ്രദേശങ്ങളിൽനിന്ന് അനധികൃതമായി അണക്കെട്ടിൽ പ്രവേശിക്കാൻ നിരവധി വഴികളുണ്ട്. വർഷങ്ങൾക്കുമുന്പ് ഇവിടം മദ്യപാനികളുൾപ്പെടെയുള്ള സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായിരുന്നു. കന്നുകാലികളും മീൻ പിടിത്തക്കാരും സഞ്ചാരികളും ഒരു സുരക്ഷയുമില്ലാതെയാണ് അണക്കെട്ടിലേക്ക് ഇറങ്ങുന്നത്. അഗ്നിരക്ഷാസേനയുടെ മുന്നറിയിപ്പ് ബോർഡുകളിൽ പലതും സാമുഹ്യവിരുദ്ധർ നശിപ്പിച്ചു. തമിഴ്നാടിന്റെ ഭാഗമായ ഊടുവഴികൾ അടയ്‌ക്കാൻ തമിഴ്നാട് സർക്കാരും തയ്യാറാകുന്നില്ല.
പ്രവേശനം തടയാൻ അഗ്നിരക്ഷാസേന
വാളയാർ അണക്കെട്ടിൽ പതിവായ മുങ്ങിമരണം തടയാൻ വൈദ്യുതി വേലി നിര്‍മിച്ച് തമിഴ്‌നാട് ഭാഗത്തുകൂടിയുള്ള പ്രവേശനം തടയുമെന്നും മുന്നറിയിപ്പ് സംവിധാനമൊരുക്കുമെന്നും അഗ്നിരക്ഷാസേന പറഞ്ഞു. തീരുമാനമെടുക്കാൻ പൊലീസ്, വാളയാർ ഡാം ഇഗിറേഷൻ വിഭാഗം, തമിഴ്‌നാട് പൊലീസ് എന്നിവരുമായി അടുത്ത ദിവസം യോഗം ചേരുമെന്നും കഞ്ചിക്കോട് അഗ്നിരക്ഷാസേനയിലെ ഗ്രേഡ് സ്‌റ്റേഷൻ ഓഫിസർ ബെന്നി കെ ആൻഡ്രൂസ് അറിയിച്ചു. നിലവിൽ അണക്കെട്ടിലേക്ക് ഏതുസമയത്തും പല വഴികളിലൂടെ പ്രവേശിക്കാം. തമിഴ്‌നാടുമായി ചേർന്ന പ്രദേശങ്ങളിൽനിന്ന് നാല് വഴികളുണ്ട്. കന്നുകാലികളും മീൻപിടിത്തക്കാരും വരുന്ന വഴിയിലാണ് സഞ്ചാരികളും അണക്കെട്ടിൽ പ്രവേശിക്കുന്നത്. ഇത് നിയന്ത്രിച്ചാൽ അപകടം കുറക്കാം. തമിഴ്‌നാട് പൊലീസ് നിരീക്ഷണവും മേഖലയിൽ ഉറപ്പാക്കണമെന്ന് അഗ്നിരക്ഷാസേന നിർദേശിക്കുന്നുണ്ട്.










0 comments