ad
Deshabhimani

ഭൂജല സംരക്ഷണമാണ്‌ പദ്ധതിയിൽ പ്രധാനം

അതിരുമായ്‌ച്ച്‌ 
തൃത്താലപ്പെരുമ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 20, 2026, 02:00 AM | 1 min read

പാലക്കാട്‌

ദേശാതിർത്തികൾക്കപ്പുറം പടരുകയാണ്‌ തൃത്താലപ്പെരുമ. തൃത്താലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ "സുസ്ഥിര തൃത്താല' പദ്ധതിയാണ്‌ രാജ്യശ്രദ്ധ നേടുന്നത്‌. ഭാരതപ്പുഴയുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾ, മണ്ണ്‌–ജലസംരക്ഷണ പ്രവർത്തനങ്ങൾ, ജലസ്രോതസ്സുകളുടെ സംരക്ഷണം, കാർഷികോൽപ്പാദന വർധന, തരിശുരഹിത പ്രവർത്തനങ്ങൾ, ശാസ്‌ത്രീയ മാലിന്യ സംസ്‌കരണം എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയത്‌. ജാർഖണ്ഡിൽനിന്നുള്ള സംഘം തിങ്കളാഴ്‌ച ഇ‍ൗ നാട്ടിൻപുറത്തെത്തിയതും അതുകാണാനാണ്. ഭൂജല സംരക്ഷണമാണ്‌ പദ്ധതിയിൽ പ്രധാനം. 30 കൃത്രിമ ഭൂജല സംപോഷണ പദ്ധതികളാണ് നടപ്പാക്കിയത്‌. മണ്ഡലത്തിലെ 66 കുളങ്ങൾക്ക്‌ പുതുജീവനേകി. ജലവിഭവവകുപ്പ് എട്ട്‌ പഞ്ചായത്തുകളിലായി 11 ലിഫ്റ്റ് ഇറിഗേഷൻ സ്കീമുകൾ നവീകരിച്ചു. 1410 ഹെക്‌ടർ കൃഷിയിടത്തിൽ ജലസേചനം സാധ്യമാക്കി. 110 കാർഷിക കുളങ്ങൾ മഴവെള്ള സംഭരണത്തിലൂടെ ജലസമൃദ്ധമാക്കി. ഇതിലൂടെ കുളങ്ങൾക്ക്‌ സമീപത്തുള്ള കിണറുകളും നിറഞ്ഞു. താൽക്കാലിക തടയണകൾ നിർമിച്ച് വെള്ളത്തിന്റെ ഒഴുക്ക് വർധിച്ചതോടെ വറ്റാത്ത തോടുകളുണ്ടായി. ഉൾനാടൻ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കാൻ 84 കുളങ്ങളിലേക്ക് മത്സ്യബന്ധനം വ്യാപിപ്പിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി 600 കിണറുകൾ റീചാർജ് ചെയ്‌തു. 436 പുതിയ കിണറുകൾ നിർമിച്ചു. 6,017 മഴക്കുഴികളും നിർമിച്ചു. 110 കാർഷികകുളങ്ങൾ, 100 നീർച്ചാലുകൾ, 20 പച്ചത്തുരുത്ത് എന്നിങ്ങനെ പദ്ധതികളിലൂടെ പച്ചയണിയിച്ചു. ഭൂഗർഭജല സംരക്ഷണത്തിന്‌ 135 വാർഡുകളിലായി ഒരു ലക്ഷം തെങ്ങിൻതൈകളാണ് തൊഴിലുറപ്പ്‌ പദ്ധതിയിലൂടെ നട്ടുപിടിപ്പിച്ചത്. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനൊപ്പം തൃത്താലയുടെ കാർഷിക മേഖലയിലും പുത്തനുണർവുണ്ടായി. 49.01 ലക്ഷം രൂപയാണ് പദ്ധതികൾക്കായി വിനിയോഗിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home