ad
Deshabhimani

കണ്ണീർക്കടൽ

വാൽപ്പാറയിൽ അപകടത്തിൽപ്പെട്ട് മരിച്ച റംലയുടെ മകൻ ഷംഷാദ് പൊള്ളാച്ചി ഗവ.ആശുപത്രി മോർച്ചറിക്ക് മുമ്പിൽ വിതുമ്പുന്നു  | ഫോട്ടോ: ശരത് കൽപ്പാത്തി

വാൽപ്പാറയിൽ അപകടത്തിൽപ്പെട്ട് മരിച്ച റംലയുടെ മകൻ ഷംഷാദ് പൊള്ളാച്ചി ഗവ.ആശുപത്രി മോർച്ചറിക്ക് മുമ്പിൽ വിതുമ്പുന്നു | ഫോട്ടോ: ശരത് കൽപ്പാത്തി

വെബ് ഡെസ്ക്

Published on Apr 18, 2026, 12:53 AM | 1 min read

പെള്ളാച്ചി

സങ്കടക്കടലായി പൊള്ളാച്ചി ജില്ലാ ആശുപത്രിയും പരിസരവും. എങ്ങും മരവിച്ചുറച്ചുപോയ മുഖങ്ങൾ. തമിഴും മലയാളവും കലർന്ന് സഹായത്തിന്റെ കരുതലുകൾ. നേരം വൈകിയും നിരവധിപേരാണ് ആശുപത്രിക്കും മോർച്ചറിക്കും മുന്നിൽ കാത്തുനിന്നത്. കിലോമീറ്ററുകൾ താണ്ടി പ്രിയപ്പെട്ടവരുടെ മുഖം അവസാനനോക്ക് കാണാനെത്തിയവർ. ഒരു പരിചയവും ഇല്ലെങ്കിലും വേദന പങ്കുവയ്‌ക്കാനെത്തിയവർ. വെള്ളി രാത്രി വൈകിയാണ് മരിച്ചവരുടെ ബന്ധുക്കൾ ആശുപത്രിയിലെത്തിയത്. അതിനുമുമ്പുതന്നെ പരിസരത്തുള്ള മലയാളികളുൾപ്പെടെ സ്ഥലത്തെത്തിയിരുന്നു. വീട്ടിൽനിന്ന് ചിരിച്ചുകളിച്ച് പോയവരുടെ ചേതനയറ്റ ശരീരം കണ്ട ബന്ധുക്കളുടെ വിലാപം കൂടിനിന്നവരുടെയും കണ്ണുനനയിച്ചു. അപകടത്തിൽപ്പെട്ടവരെ രാത്രി ഏഴോടെയാണ്‌ പൊള്ളാച്ചിയിലെ ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്‌ക്ക് കൊണ്ടുപോകാൻ ആംബുലൻസുകൾ ഉടൻ സജ്ജമാക്കി. മരിച്ചവർ അധ്യാപകരാണെന്ന് അറിഞ്ഞതോടെ തമിഴ്നാട്ടിലെ അധ്യാപക സംഘടനയായ തമിഴ്നാട് ആരംഭ പള്ളി ആസിരിയർ കൂട്ടണി നേതാക്കളും എത്തി. ആശുപത്രിയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചിറ്റൂർ ഡിവൈഎസ്‌പി എ കുട്ടികൃഷ്ണനെ സംസ്ഥാന സർക്കാർ പൊള്ളാച്ചിയിലേക്കയച്ചു. സംഭവമറിഞ്ഞ് മന്ത്രി കെ കൃഷ്ണൻകുട്ടി രാത്രി ഒമ്പതോടെ പൊള്ളാച്ചി ജില്ലാ ആശുപത്രിയിലെത്തി. തമിഴ്നാട്ടിലെ അധ്യാപക സംഘടനാ നേതാക്കളായ ഹേമഭാരതി, ശ്രീനിവാസൻ, തങ്കബാസു, പഴനികുമാർ, സിപിഐ എം ഊത്തുക്കുളി ബ്രാഞ്ച് സെക്രട്ടറി ഇ പി സത്യനാഥൻ എന്നിവരും സ്ഥലത്തെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home