ചെര്‍പ്പുളശേരിയിലെ ഗതാഗത പരിഷ്‌കരണം; പൊലീസ് ഇടപെടൽ ശക്തമാക്കണം

ചെർപ്പുളശേരി
നഗരത്തിലെ പഴയ ബസ് സ്റ്റാൻഡ് കോംപ്ലക്സിന്റെ അപകടാവസ്ഥയ്‌ക്ക് പരിഹാരം കാണാനായി നഗരസഭ നടപ്പാക്കിയ ട്രാഫിക് പരിഷ്കരണം പ്രതീക്ഷയുണർത്തുന്നുണ്ടെങ്കിലും പൊലീസിന്റെ ഇടപെടൽ കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പുതിയ ബസ്‌സ്റ്റാൻഡ് പൂർണമായി ഉപയോഗപ്പെടുത്താത്തതാണ് നിലവിലെ ഗതാഗത തടസ്സങ്ങൾക്ക് പ്രധാന കാരണം. ഹൈസ്കൂൾ ജങ്‌ഷൻ, കോ-–ഓപ്പറേറ്റീവ് ആശുപത്രിക്ക് മുൻവശം തുടങ്ങിയ തിരക്കേറിയ മേഖലകളിൽ ബസുകൾ തിരിക്കുന്നത് ഗതാഗതക്കുരുക്കിനും അപകടസാധ്യതയ്‌ക്കും ഇടയാക്കുന്നുണ്ട്. ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി നഗരസഭ ബസുകൾക്കും പാർക്കിങ്ങിനും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അവ കൃത്യമായി പാലിക്കപ്പെടുന്നില്ല. യു-ടേൺ മേഖലകളിലെ അനധികൃത പാർക്കിങ്ങും റോഡരികിലെ വാഹനത്തിരക്കും നിയന്ത്രണവിധേയമാക്കാൻ പൊലീസ് ഇടപെടണം. ബസ് ജീവനക്കാർ, ഓട്ടോ തൊഴിലാളികൾ, വ്യാപാരികൾ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണവും ഉറപ്പാക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം പഴയ ബസ് സ്റ്റാൻഡിലെ ശുചിമുറികൾ അടച്ചതോടെ സ്ത്രീകളും കുട്ടികളും വയോധികരും ഉൾപ്പെടെയുള്ള യാത്രക്കാർ വലിയ ബുദ്ധിമുട്ടിലാണ്. യാത്രക്കാർക്കായി താൽക്കാലിക ശുചിമുറി സൗകര്യമൊരുക്കണമെന്ന ആവശ്യവുമുണ്ട്.










0 comments