ഇന്ന് വായനാദിനം
ഷൊർണൂരുകാരുടെ സ്വന്തം "പ്രഭാതം'

എം സനോജ്
ഷൊർണൂർ
ഷൊർണൂരുകാർക്ക് ‘പ്രഭാതം പബ്ലിക് ലൈബ്രറി’ തങ്ങളുടെ വായനയുടെ മുത്തശ്ശിയാണ്. 86ന്റെ നിറവിലും തിരക്കൊഴിയാതെ വായനക്കാരെ വരവേൽക്കുന്ന തിരക്കിലാണ് ഇൗ വായനശാല. നിലവിൽ 19,000 പുസ്തകങ്ങളും 1000 അംഗങ്ങളുമുണ്ട്. ‘ചിറമണ്ണൂർ'പ്രദേശം ബ്രിട്ടീഷുകാരുടെ ഉച്ചാരണസൗകര്യത്തിനായി ഷൊർണൂരാകുമ്പോൾ മുതൽ ‘പ്രഭാത'മുണ്ട്. ഇ എം എസ് നമ്പൂതിരിപ്പാട് അടക്കമുള്ള പുരോഗമനവാദികളുടെ കേന്ദ്രമായി ഇവിടം പ്രവർത്തിച്ചു. പ്രഭാതംവാരിക പ്രവർത്തനങ്ങൾക്ക് വായനശാലയുടെ പഴയമുറികൾ സാക്ഷികളായി. ഷൊർണൂർ പഞ്ചായത്ത് ബോർഡിന്റെ നേതൃത്വത്തിൽ ‘പഞ്ചായത്ത് റീഡിങ് റൂം ആൻഡ് ലൈബ്രറി’ എന്ന പേരിൽ 1940-– ലാണ് വായനശാല ആരംഭിക്കുന്നത്. ഷൊർണൂർ പോസ്റ്റ്ഓഫീസിന് എതിർവശത്തുള്ള പഞ്ചായത്ത് കെട്ടിടത്തിലായിരുന്നു ആദ്യകാലം. കൊടുങ്ങല്ലൂർ സ്വദേശി അമ്മൂഞ്ഞിയായിരുന്നു ആദ്യ ലൈബ്രേറിയൻ. നിലവിൽ സി കെ ഗോവിന്ദൻകുട്ടിയും എം റംലയുമാണ് ലൈബ്രേറിയൻ. 1955 മുതൽ മലബാർ ജില്ലാ ലോക്കൽ ലൈബ്രറി അതോറിറ്റിയുടെ ശാഖാ ഗ്രന്ഥാലയമായി പ്രവർത്തിക്കാൻ തുടങ്ങി. പിന്നീട് പൊലീസ് സ്‌റ്റേഷനുപിൻവശത്തെ കെട്ടിടത്തിലേക്ക് മാറി. 1955 – 1959 വരെയുള്ള ആഴ്ചപ്പതിപ്പുകൾ ചരിത്ര രേഖകളായി ഇവിടെ സൂക്ഷിക്കുന്നുണ്ട്. 1956–-ൽ കേരള സംസ്ഥാനം നിലവിൽ വന്നപ്പോൾ ‘ബ്രാഞ്ച് ലോക്കൽ ലൈബ്രറി അതോറിറ്റി ഷൊർണൂർ' എന്ന പേരിലായി. 1986– ൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലേക്ക് മാറിയതോടെയാണ് ‘പ്രഭാതം’ ലൈബ്രറി എന്ന പേര് ലഭിക്കുന്നത്. 2015-–16ൽ ജില്ലയിലെയും താലൂക്കിലെയും മികച്ച ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ടു. എസ് കൃഷ്ണദാസ് പ്രസിഡന്റും കെ സി രാജൻ സെക്രട്ടറിയുമാണ്. ബാലവേദിയും കരിയർ ഗൈഡൻസും സർഗോത്സവവും അനൗദ്യോഗിക റഫറൻസ് ലൈബ്രറിയുമടങ്ങുന്നതാണ് വായനശാല.










0 comments