പൊലിഞ്ഞത് നാടിന് പ്രിയപ്പെട്ടവൻ

നാലുദിവസം മുമ്പ് പ്രവീൺ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിൽ ജോലിയിൽ | പ്രവീണിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ
പി കെ സുമേഷ്
Published on Apr 23, 2026, 12:51 AM | 1 min read
പട്ടാമ്പി
ഉയരങ്ങളിൽക്കയറി ജോലി ചെയ്യാനുള്ള ശാരീരിക പ്രശ്നങ്ങളാണ് നിർമാണത്തൊഴിലാളിയായിരുന്ന പ്രവീണിനെ വെടിക്കെട്ട് സാമഗ്രികളുടെ ജോലിയിലേക്ക് ആകർഷിച്ചത്. നിർമാണമേഖലയിൽ തൊഴിലെടുക്കുമ്പോഴും ഒഴിവുസമയങ്ങളിൽ വെടിക്കെട്ടുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. സീസണുകളിൽ മോശമല്ലാത്ത വരുമാനവും ഉണ്ടാകും. അഞ്ചുമാസമായി വെടിക്കോപ്പ് നിർമാണത്തിൽ സജീവമായിരുന്നു. നാട്ടിലെ എല്ലാ വിഷയങ്ങളിലും സജീവമായി ഇടപെടുന്ന പ്രവീണിന് വലിയ സുഹൃദ് ബന്ധങ്ങളുമുണ്ട്. അവസാനമായി നാട്ടിലെത്തിയത് വിഷുവിനാണ്. കൂട്ടുമായി ആഘോഷം പൊടിപൊടിച്ചു. പ്രദേശത്ത് 26ന് നടക്കുന്ന ഉത്സവമായ മുത്തശ്ശിയാർക്കാവിലെ കൂത്തുതാലപ്പൊലിക്ക് വരാം എന്നുപറഞ്ഞാണ് പ്രവീൺ മടങ്ങിയതെന്ന് പറയുമ്പോൾ കൂട്ടുകാർക്ക് സങ്കടം അടക്കാൻ കഴിയുന്നില്ല. അത്രമാത്രം അവർക്ക് പ്രിയപ്പെട്ടവനായിരുന്നു അവൻ. ‘വിഷുവിന് പതിവുപോലെ എന്റടുക്കൽവന്ന് കൈനീട്ടം വാങ്ങി പോയതാണ്. മൂത്തശ്ശിയാർക്കാവിലെ കൂത്തുതാലപ്പൊലിക്ക് വരാമെന്ന് പറഞ്ഞുപോയതാണ് അവൻ’–ഇതു പറയുമ്പോൾ പ്രദേശവാസി ഗോപന്റെ കണ്ഠമിടറി. ‘കാവിൽ കൂത്ത് തുടങ്ങുന്ന ദിവസവും വിഷുവിനും അവൻ അമിട്ട് പൊട്ടിച്ചിരുന്നു. ഇനി പൂരത്തിന് പൊട്ടിക്കാം എന്നും പറഞ്ഞിരുന്നു. എന്നാൽ ഞായറാഴ്ച നടക്കുന്ന താലപ്പൊലിക്ക് അവനില്ലല്ലോ എന്ന് ഓർക്കാൻപോലും കഴിയുന്നില്ല’– അയൽവാസികൂടിയായ പനമ്പറ്റ ചോഴിയത്ത് പി സി ഗോപാലകൃഷ്ണൻ പറഞ്ഞു.










0 comments