മുണ്ടത്തിക്കോട് സ്‌ഫോടനത്തിൽ മരിച്ച വാസുദേവന്റെ മൃതദേഹം സംസ്‌കരിച്ചു
ചിതറി, സ്വപ്‌നങ്ങൾ

വാസുദേവന് അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലെത്തിയ ജനാവലി
സി കെ ഉണ്ണികൃഷ്‌ണൻ
Published on Apr 23, 2026, 12:43 AM | 1 min read
കൂറ്റനാട്
ജീവിതത്തിന് നിറം പകരാനായിരുന്നു വാസുദേവൻ വെടിമരുന്ന് കൈയിലെടുത്ത്. മൂന്നുവർഷമായി തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കോപ്പ് നിർമാണശാലയിൽ കപ്പൂർ കൊടിക്കാംകുന്ന് മാടിപ്പുറത്ത് വാസുദേവനുണ്ട്. നല്ല കൂലിയാണ് പ്രധാന ആകർഷണം. ജീവിക്കാൻ നിർത്താത്ത ഓട്ടത്തിലായിരുന്നു ആ അമ്പത്തിനാലുകാരൻ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബം, പണിതീരാത്ത വീട്, മക്കളുടെ വിദ്യാഭ്യാസം ജീവിത പ്രതിസന്ധികൾ നിറയെ. പുല്ലുവെട്ടാണ് സ്ഥിരം തൊഴിൽ. നാട്ടിലെ ക്ഷേത്രങ്ങളിൽ ഉത്സവത്തിന് മുന്നോടിയായും മറ്റും കാടുംപൊന്തയും വെട്ടിത്തെളിക്കുന്നത് വാസുദേവനാണ്. വാസുവിനെ പണിയേൽപ്പിച്ചാൽ കൃത്യമായി നടക്കുമെന്ന് നാടിന് അറിയാമായിരുന്നു. "തിരക്കാണ്, മറ്റൊരാളെ പറഞ്ഞയക്കാം' എന്ന് പറഞ്ഞാലും ആവശ്യക്കാർ വാസുദേവനെ കാത്തിരിക്കും. പുല്ലുവെട്ടില്ലാത്ത സമയത്ത് പടക്കനിർമാണത്തിന് പോകും. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്നു. നാട്ടുകാരുമായി നല്ല ബന്ധം. വിഷുദിനത്തിൽ പാലക്കാട് വിഷുവേലയുമായി ബന്ധപ്പെട്ട ജോലിയിലായിരുന്നു. കുടുംബത്തിനൊപ്പം വിഷു ആഘോഷിച്ചത് തലേന്ന്. വേല കഴിഞ്ഞുപോയത് മുണ്ടത്തിക്കോട്ടെ വെടിക്കോപ്പ് നിർമാണശാലയിലേക്ക്. പിന്നീട് വീട്ടിലേക്ക് മടങ്ങിയത് 19ന്. 20ന് വീണ്ടും മുണ്ടത്തിക്കോട്ടിലേക്ക്. അടുത്ത ആഴ്‌ച വരാമെന്ന് പറഞ്ഞാണ് വീട്ടിൽനിന്നിറങ്ങിയത്. എന്നാൽ, പ്രിയപ്പെട്ടവരുടെ കാത്തിരിപ്പിലേക്ക് തിരിച്ചെത്തിയത് ചേതനയറ്റ്. ദുരന്തമുണ്ടായ ചൊവ്വാഴ്‌ച രാത്രിതന്നെ വാസുദേവന്റെ മൃതദേഹം തിരിച്ചറിഞ്ഞിരുന്നു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്ന മൃതദേഹം ചൊവ്വ രാത്രി ൧൨നാണ് വീട്ടിലെത്തിച്ചത്. പൊന്നാനി ഈശ്വരമംഗലം പൊതുശ്മശാനത്തിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌കരിച്ചു. മന്ത്രി എം ബി രാജേഷ് വാസുദേവന്റെ വീട് സന്ദർശിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആർ കുഞ്ഞുണ്ണി, സിപിഐ എം ഏരിയ സെക്രട്ടറി ടി പി മുഹമ്മദ് എന്നിവർ അന്ത്യാഞ്‌ജലി അർപ്പിച്ചു. ഭാര്യ സനിത തൊഴിലുറപ്പ് തൊഴിലാളിയാണ്. മക്കൾ: അശ്വിൻദേവ് (ബിഎ എച്ച്‌ആർഎം വിദ്യാർഥി, കുന്നംകുളം ശ്രീവിവേകാനന്ദ കോളേജ്), അനുശ്രീ (ഒന്പതാം ക്ലാസ് വിദ്യാർഥി ജിഎച്ച്‌എസ് കുമരനല്ലൂർ).









0 comments