ശബരിമല– ക്രിസ്‌മസ്– ന്യൂഇയർ– തെരഞ്ഞെടുപ്പ് അവധി
ട്രെയിനുകളിൽ കാലുകുത്താനിടമില്ല

സ്വന്തം ലേഖകൻ
Published on Dec 11, 2025, 12:01 AM | 1 min read
പാലക്കാട്
തെരഞ്ഞെടുപ്പിന് നാട്ടിലെത്താൻ ട്രെയിൻ ടിക്കറ്റ് കിട്ടാതെ വലഞ്ഞ് യാത്രക്കാർ. മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരുൾപ്പെടെ ടിക്കറ്റ് കിട്ടാതെ കുടുങ്ങി. സ്ലീപ്പർ, സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾ കിട്ടാതായതോടെ ജനറൽ കോച്ചുകളിൽ മണിക്കൂറോളം നിന്നാണ് ദീർഘദൂര യാത്രക്കാർ നാട്ടിലെത്തിയത്. കോച്ചുകൾ വെട്ടിക്കുറച്ചതോടെ ട്രെയിനുകളിൽ കാലുകുത്താൻ ഇടമില്ല. ശബരിമല മണ്ഡലകാലവും ക്രിസ്‌മസ്, പുതുവത്സര ആഘോഷവും തിരക്ക് വർധിപ്പിച്ചു. ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതും മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള യാത്രക്കാരെ ബാധിച്ചു. ഡിസംബർ ആദ്യ ആഴ്‌ച മുതൽ ഓൺലൈനിൽ ടിക്കറ്റുകൾ കിട്ടാനില്ല. 50ന് മുകളിലാണ് വെയിറ്റിങ് ലിസ്റ്റ്. തൽക്കാൽ ടിക്കറ്റും നിമിഷം നേരംകൊണ്ട് വിറ്റഴിയുന്നു. യാത്രക്കാരുടെ തിരക്ക് വർധിച്ചതോടെ 23 മുതൽ ഫെസ്റ്റിവൽ സ്‌പെഷ്യൽ എക്സ്‌പ്രസ് ട്രെയിനുകൾ ഓടുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഒന്നിടവിട്ട ദിവസങ്ങളിലുള്ള സ്പെഷ്യൽ ട്രെയിനുകൾക്ക് യാത്രാക്ലേശം പൂർണമായി തീർപ്പാക്കാനാകുമെന്ന് സംശയമാണ്. ട്രെയിനുകളുടെ ലഭ്യതക്കുറവ് ദീർഘദൂര സ്വകാര്യ ബസുകൾ മുതലെടുക്കുകയാണ്. കഴിഞ്ഞ വിഷു, ഓണം അവധികളിലെല്ലാം ഇത്തരത്തിൽ വലിയ തുക ഇൗടാക്കിയാണ് ബസുകൾ സർവീസ് നടത്തിയത്.










0 comments