മൺസൂണിലും ഇളനീരിന് ആളുണ്ട്

സായൂജ് ചന്ദ്രൻ
പാലക്കാട്
മൺസൂൺ തുടങ്ങിയിട്ടും ഇളനീർ വിൽപ്പനയിൽ ഇടിവില്ല. കഴിഞ്ഞ കാലവർഷത്തെ അപേക്ഷിച്ച് ഉഷ്ണമുള്ള കാലാവസ്ഥ കച്ചവടത്തിന് കരുത്തായി. തെരുവോരക്കടകളിൽ ദിവസവും 150 മുതൽ 200 വരെ ഇളനീരുകൾ വിൽക്കുന്നുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. വേനലിൽ ഇത് 400 വരെ ഉയർന്നിരുന്നു. ഫെബ്രുവരിയിൽ ചൂട് കൂടിയതോടെയാണ് കച്ചവടം പൊടിപൊടിച്ചത്. മാർച്ച്, ഏപ്രിൽ മാസത്തിൽ വിൽപ്പന ഇരട്ടിയായി. തെരുവോരങ്ങളിലും പഴക്കടകളിലും ഇളനീർക്കുലകൾ നിറഞ്ഞു. അവധിക്കാല ആഘോഷങ്ങളിൽ മിൽക്ക് ഷേക്കുകളിലും ഫ്രൂട്ട് സാലഡുകളിലും ഇളനീർ സ്ഥാനം പിടിച്ചിരുന്നു. മഴക്കാലം തുടങ്ങിയാൽ വിൽപ്പനയിൽ ഇടിവുണ്ടാകുമെന്നിരിക്കെ ഇത്തവണയുണ്ടായില്ല. മെയ് പകുതിയായിട്ടും വേനൽമഴ ലഭിക്കാതായതോടെ ആവശ്യക്കാരുടെ എണ്ണം വീണ്ടും വർധിച്ചു. ജൂണിൽ മഴ പെയ്ത് തുടങ്ങിയപ്പോൾ ആശുപത്രികളിലേക്ക് മാത്രമാണ് വിൽപ്പനയുണ്ടായിരുന്നത്. പിന്നീട് മഴ കുറഞ്ഞ് വീണ്ടും ചൂട് കൂടിയതോടെ വിൽപ്പനയുംകൂടി. കൊഴിഞ്ഞാമ്പാറ, ചിറ്റൂർ, വേലന്താവളം തുടങ്ങി ജില്ലയുടെ കിഴക്കൻ മേഖലകളിൽനിന്നാണ് ഇളനീർ വ്യാപകമായി വിൽപ്പനക്കെത്തിക്കുന്നത്. മറ്റ് ജില്ലകളിലേക്കും വൻതോതിൽ കയറ്റുമതിയുണ്ട്. കായ തേങ്ങയാകാൻ മൂന്ന് മാസമെടുക്കും. ഇളനീർ കുലകൾ അതിന് മുമ്പെ വെട്ടുന്നതിനാൽ ഇക്കാലയളവിൽ നിരവധി തവണ വിളവെടുക്കാനാകും. ഇത് കർഷകരെ കൂടുതൽ ഇളനീരിനോടടുപ്പിക്കുന്നുണ്ട്. പലരും തേങ്ങയാകാൻ കാത്തുനിൽക്കാതെ ഇളനീർ വിളവെടുക്കുകയാണ്. കായ്ക്ക് 32 രൂപ മുതൽ വില നൽകിയാണ് കച്ചവടക്കാർ കർഷകരിൽനിന്ന് വാങ്ങുന്നത്. 50 രൂപ മുതലാണ് കടകളിൽ വിൽപ്പന.










0 comments