കാട്ടാനക്കുട്ടി ചരിഞ്ഞു


സ്വന്തം ലേഖകൻ
Published on Apr 27, 2026, 02:00 AM | 1 min read
പാലക്കാട്
അട്ടപ്പാടി മേലേ അബ്ബണ്ണൂരിൽ പാറയിടുക്കിൽനിന്ന് വനംവകുപ്പ് രക്ഷിച്ച് ധോണിയിലെ ആന പരിചരണ കേന്ദ്രത്തിൽ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ച കാട്ടാനക്കുട്ടി ചരിഞ്ഞു. 15 ദിവസം പ്രായമുള്ള കുട്ടിയാന ഞായർ രാവിലെയാണ് ചരിഞ്ഞത്. ഹൃദയ സംബന്ധമായ അസുഖമാണ് മരണ കാരണമെന്ന് എസ്‌എഫ്‌ഒ ശശിഭൂഷൺ പറഞ്ഞു. കഴിഞ്ഞ ദിവസം വയറിളക്കവും പിടിപെട്ടിരുന്നു. ഡിഎഫ്ഒ രവികുമാർ മീണ, അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എം കെ സമീർ, റേഞ്ച് ഓഫീസർ കെ ആർ കൃഷ്ണദാസ്, അസിസ്റ്റന്റ് വെറ്ററിനറി സർജൻ ഡോ. എബ്രഹാം, ഡോ. ജിബിൻ, പാലക്കാട് നാച്വറൽ ഹിസ്റ്ററി സൊസൈറ്റി ഭാരവാഹി അഡ്വ. ലിജോ പനങ്ങാടൻ, ബയോളജിസ്റ്റ് അനീഷ് ശങ്കരൻകുട്ടി, പഞ്ചായത്തംഗം പി എ സജിത എന്നിവരടങ്ങിയ ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ജഡം ധോണി മൃഗാശുപത്രിക്കുസമീപം സംസ്‌കരിച്ചു. കുട്ടിയാനയെ കഴിഞ്ഞ 18നാണ് ധോണിയിലെ ആന പരിചരണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. പാറയിടുക്കിൽപ്പെട്ടതിനാൽ ആനയുടെ പുറത്തെ തൊലിക്കുമേലെ ചെറിയ പരിക്കേറ്റിരുന്നു. ഓയിൻമെന്റുകളും ബാമുകളും ഉപയോഗിച്ച് മുറിവ് ഉണക്കാനുള്ള ചികിത്സ നടത്തി. ധോണിയിലെ വെറ്ററിനറി ആശുപത്രിയിലെ ഷെഡ്ഡിൽ ഡോ. ഡേവിസ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. കേന്ദ്രത്തിലുള്ള അഗസ്റ്റിൻ എന്ന കുങ്കിയാനയുടെ പാപ്പാനും അദ്ദേഹത്തിന്റെ ഭാര്യയും കേന്ദ്രത്തിലെ ജീവനക്കാരുമായിരുന്നു പരിചരിച്ചിരുന്നത്. ഒറ്റപ്പെട്ടുപോയ കാട്ടാനക്കുട്ടി അഞ്ചുദിവസം കാത്തിരുന്നെങ്കിലും ഒപ്പംകൂട്ടാൻ അമ്മയാന തയ്യാറായിരുന്നില്ല. ആദ്യം പ്രദേശത്ത് ഉണ്ടായിരുന്ന അമ്മയാന കാടുകയറിയതോടെ വനംവകുപ്പ് അബ്ബണ്ണൂരിൽ വനത്തിൽ ഒരുക്കിയ താൽക്കാലിക കൂട്ടിൽ ആനക്കുട്ടിയെ പാർപ്പിച്ചു. പിന്നീടാണ് ധോണിയിലേക്ക് കൊണ്ടുവന്നത്.










0 comments