രൂപമാറ്റത്തിലും കുലുങ്ങില്ല കോട്ട

എസ് സുധീഷ്
Published on Dec 03, 2025, 12:01 AM | 1 min read
ചിറ്റൂർ
കാളപൂട്ടിന് പേരുകേട്ട മണ്ണ്. കാർഷികമേഖലയിൽ പ്രധാനം നെൽകൃഷിതന്നെ. എക്കാലവും ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിൽക്കുന്ന പ്രദേശങ്ങളാണ് ഇൗ പുതിയ ഡിവിഷനിൽ. നേരത്തെ കൊഴിഞ്ഞാമ്പാറ ഡിവിഷന്റെ ഭാഗമായിരുന്നു. നല്ലേപ്പിള്ളി, പൊൽപ്പുള്ളി പഞ്ചായത്തിലെ മുഴുവൻ വാർഡ്, കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ അഞ്ച് വാർഡ്, പെരുമാട്ടിയിലെ രണ്ട് വാർഡ് എന്നിവ ഉൾപ്പെടുന്നു(ആകെ 42). ജില്ലാ പഞ്ചായത്ത് പ്രസിന്റായിരുന്ന കെ ബിനുമോൾ മലന്പുഴ ഡിവിഷനെ പ്രതിനിധീകരിച്ച് റോഡ് വികസനത്തിനുമാത്രം 8.11 കോടി രൂപ ഇവിടങ്ങളിൽ വിനിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞതവണ കൊഴിഞ്ഞാന്പാറ ഡിവിഷനെ പ്രതിനിധീകരിച്ച എൽഡിഎഫിലെ മിനി മുരളി നടപ്പാക്കിയതും നിരവധി പദ്ധതികൾ. ഖാദി യൂണിറ്റ് നവീകരണം (20 ലക്ഷം), അങ്കരാത്ത് കനാൽ നവീകരണം (40 ലക്ഷം), കുടിവെള്ള പൈപ്പ് ലൈൻ (20 ലക്ഷം), മിനിമാസ്റ്റ് ലൈറ്റ് (30 ലക്ഷം), ചെറിയ കണക്കൻപാറ കുളം നവീകരണം (30 ലക്ഷം), തേനാരി ഹൈസ്കൂൾ നവീകരണം (20 ലക്ഷം) എന്നിവ പ്രധാനം. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന എം വി ധന്യയാണ് എൽഡിഎഫ് സ്ഥാനാർഥി. ജനാധിപത്യ മഹിളാ അസോസിയേഷൻ വില്ലേജ് ജോയിന്റ് സെക്രട്ടറിയും സിപിഐ എം മേപ്പള്ളം ബ്രാഞ്ചംഗവുമാണ്. കെ ദേവയാനി (യുഡിഎഫ്), സൗമിനി (ബിജെപി) എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ. ആകെ വോട്ടർമാർ: 51,358







0 comments