ad
Deshabhimani

2 കുട്ടികളുടെ നില ഗുരുതരം

പൊൽപ്പുള്ളിയിൽ കാറിന് തീ പിടിച്ചു 
5 പേർക്ക് പൊള്ളലേറ്റു

The car caught fire and 5 people were injured

പൊൽപ്പുള്ളി അത്തിക്കോട്ടിൽ കത്തിനശിച്ച കാർ

വെബ് ഡെസ്ക്

Published on Jul 12, 2025, 12:05 AM | 1 min read

പൊൽപ്പുള്ളി

അത്തിക്കോട്‌ പൂളക്കാട്ടിൽ കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീ പിടിച്ച് അമ്മയും കുട്ടികളുമടക്കം അഞ്ചുപേർക്ക് പൊള്ളലേറ്റു. രണ്ട് കുട്ടികളുടെ നില ഗുരുതരം. പരേതനായ മാർട്ടിന്റെ ഭാര്യ എൽസി മാർട്ടിൻ (37), മക്കളായ അലീന (10), ആൽഫിൻ (6), എമിലി (4), കുട്ടികളുടെ മുത്തശ്ശി ഡെയ്‌സി (65) എന്നിവർക്കാണ് പൊള്ളലേറ്റത്. വെള്ളി വൈകിട്ട് അഞ്ചിനാണ് അപകടം. പാലന ആശുപത്രിയിലെ നഴ്സ്- എൽസി ജോലി കഴിഞ്ഞ് വീട്ടിലെത്തിയശേഷം മക്കളുമായി പുറത്തേക്ക്‌ പോകാൻ ഇറങ്ങിയതായിരുന്നു. വാഹനം സ്റ്റാർട്ട് ചെയ്‌തപ്പോൾ പെട്രോൾ ടാങ്കിന്റെ ഭാഗത്ത്‌ തീ പിടിച്ചു. എൽസി ഉടൻ രണ്ട് മക്കളെ താഴെ വലിച്ചിട്ടെങ്കിലും ഇതിനകം തീ ആളിപ്പടർന്നു. ഇവരെ രക്ഷിക്കാന്‍ ഓടിയെത്തുന്നതിനിടെയാണ് മുത്തശ്ശിക്ക് പൊള്ളലേറ്റത്. കാറിന്റെ ഡോർ ലോക്കായത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി. ബഹളം കേട്ടെത്തിയ നാട്ടുകാർ തീയണച്ചാണ് ഇവരെ പുറത്തെടുത്തത്‌. ആംബുലൻസിൽ ആദ്യം പാലന ആശുപത്രിയിലെത്തിച്ചു. എൽസി മാർട്ടിൻ, ആൽഫിൻ, എമിലി എന്നിവരെ പൊള്ളലുകളോടെ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡെയ്‌സിയും അലീനയും പാലനയിൽ ചികിത്സയിലാണ്‌. അട്ടപ്പാടി സ്വദേശിയായ എൽസി നാലുവർഷംമുമ്പാണ് അത്തിക്കോട്ടിൽ താമസമാക്കിയത്‌. ഭർത്താവ് മാർട്ടിൻ ഒന്നര മാസംമുമ്പ് അസുഖബാധിതനായി മരിച്ചു. പൊള്ളലേറ്റ കുട്ടികൾ പൊൽപ്പുള്ളി കെവിഎം യുപി സ്കൂളിലെ വിദ്യാർഥികളാണ്. അലീന അഞ്ചിലും ആൽഫിൻ ഒന്നിലും എമിലി എൽകെജിയിലുമാണ്‌ പഠിക്കുന്നത്‌. ചിറ്റൂർ പൊലീസും കഞ്ചിക്കോട് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home