ad
Deshabhimani

ഉത്സവത്തിമിര്‍പ്പിൽ തൂത

തൂത പൂരത്തിന്റെ ഭാഗമായി ബി വിഭാഗം സംഘടിപ്പിച്ച ചമയ പ്രദർശനം
വെബ് ഡെസ്ക്

Published on May 11, 2026, 02:00 AM | 1 min read

ചെർപ്പുളശേരി

തൂത ഭഗവതിക്ഷേത്രവും തട്ടകദേശങ്ങളും കാളവേല, പൂരാഘോഷം എന്നിവയ്‌ക്കൊരുങ്ങി. പൂരത്തിന്റെ വരവറിയിക്കുന്ന കാളവേല തിങ്കളാഴ്ച ആഘോഷിക്കും. തൂതപ്പുഴയോരത്ത് കൂടിക്കാഴ്ചയുടെയും കുടമാറ്റത്തിന്റെയും വിസ്മയക്കാഴ്ചകൾ വിരിയിക്കുന്ന തൂതപ്പൂരം 12-ന് കൊണ്ടാടും. ‘എ’, ‘ബി’ എന്നീ വിഭാഗങ്ങളില്‍ 15 വീതം ആനകള്‍ അണിനിരക്കും. ‘എ’ വിഭാഗത്തില്‍ എറണാകുളം ശിവകുമാറും ‘ബി’ വിഭാഗത്തില്‍ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനും ദേവസ്വം എഴുന്നള്ളിപ്പില്‍ പാറന്നൂര്‍ നന്ദനും തിടമ്പേറ്റും. നാഗത്തറമേളത്തിന് പെരുവനം കുട്ടൻമാരാർ പ്രമാണികത്വം വഹിക്കും. പൂരത്തിനുമുന്നോടിയായി ബി വിഭാഗത്തിന്റെ ചമയ പ്രദർശനവും തുടങ്ങി. തൂത സർഗ ഓഡിറ്റോറിയത്തിൽ നഗരസഭാ ചെയർപേഴ്സൺ കെ ടി ജംസിയ ഉദ്ഘാടനം ചെയ്തു. 10 ലക്ഷമെന്ന റെക്കോഡ് ഏക്കത്തുകയ്ക്കാണ് രാമചന്ദ്രനെ മൂച്ചിത്തോട്ടം കമ്മിറ്റി എത്തിക്കുന്നത്. കിഴക്കോട്ടഭിമുഖമായാണ് ബി വിഭാഗം ഇത്തവണ അണിനിരക്കുക. പടിഞ്ഞാറ്‌ അഭിമുഖമായി എ വിഭാഗവും അണിനിരക്കും. തിരുവമ്പാടി ദേവസ്വത്തിന്റെ വർണക്കുടകളും, ഗുരുവായൂർ ചൂണ്ടൽ ശ്രീപാദത്തിന്റെ ചമയങ്ങളാണ് ബി വിഭാഗം പ്രദർശിപ്പിക്കുന്നത്. കാളവേല ദിവസം അർധരാത്രിവരെ പ്രദർശനം തുടരും. ബി വിഭാഗത്തിന്റെ അലങ്കാരപ്പന്തലും തൂതയിൽ ഒരുങ്ങിയിട്ടുണ്ട്. തിങ്കളാഴ്ച അമ്പതോളം ഇണക്കാളക്കോലങ്ങള്‍ വര്‍ണംവിതറുന്ന കാളവേല ആഘോഷിക്കും. രാവിലെ ഏഴിന് ആറാട്ടുകടവില്‍ ആറാട്ടോടെയാണ് തുടക്കം. തന്ത്രി നാരായണമംഗലത്ത് ആമയൂര്‍ മനക്കല്‍ രാമന്‍ നമ്പൂതിരിപ്പാട് കാര്‍മികനാകും. കൃഷ്ണാനന്ദിന്റെ മേളവുമുണ്ടാകും. വൈകിട്ട് അഞ്ചിന് തട്ടകദേശങ്ങളില്‍നിന്ന് വാദ്യഘോഷങ്ങളും ചവിട്ടുകളിയുമായി ഇണക്കാളക്കോലങ്ങള്‍ തൂതയിലേക്ക് നീങ്ങും. രാത്രി ഏഴിന് വേലവരവുമുണ്ടാകും. കാളക്കുന്നില്‍ അണിനിരന്ന കാളക്കോലങ്ങളെ രാത്രി 10-ന് വേലയോടുകൂടി വെളിച്ചപ്പാട് അരിയെറിഞ്ഞ് സ്വീകരിക്കും. 10.30ന് കാളയിറക്കം തുടങ്ങും. 12-ന് മേളത്തോടുകൂടിയാണ് പ്രദക്ഷിണം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home