ഉരുകിത്തിളച്ച്; ഉയിർവറ്റി
8 പശുക്കളും ഒരു ആടും ചത്തു

അഖില ബാലകൃഷ്‍ണന്‍
Published on Apr 26, 2026, 01:42 AM | 2 min read
പാലക്കാട്
ജില്ലയിൽ വേനൽ കടുക്കുന്നതോടെ കന്നുകാലികൾക്കും വളർത്തുമൃഗങ്ങൾക്കും ദുരിതകാലം. കൊടുംചൂട് താങ്ങാനാകാതെ കഴിഞ്ഞ രണ്ടുമാസത്തിനിടെ വിവിധ പ്രദേശങ്ങളിലായി എട്ട് പശുക്കളും ഒരു ആടും ചത്തതായി മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകൾ പറയുന്നു. ഇതിൽ ഏപ്രിലിൽ മാത്രം ഏഴ് മൃഗങ്ങളാണ് ചത്തത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം ചൂടിന്റെ ആഘാതമാണെന്ന് കണ്ടെത്തിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ പി ജി രാജേഷ്‌കുമാർ വ്യക്തമാക്കി. ഫെബ്രുവരി 26-ന് പള്ളിപ്പുറത്ത് കെ പി സുരേഷ് എന്നയാളുടെ പശു ചത്തതാണ് ഈ വർഷത്തെ ആദ്യ ചൂട് സമ്മർദം (ഹീറ്റ് സ്ട്രെസ്) കാരണമുള്ള മരണമായി റിപ്പോർട്ട് ചെയ്തത്. തുടർന്ന് മാർച്ച് 30-ന് കുലുക്കല്ലൂരിലും ഏപ്രിൽ മാസത്തിൽ കമ്പിളിച്ചുങ്കം, പറളി, ശ്രീകൃഷ്ണപുരം, മുണ്ടൂർ, അഗളി എന്നിവിടങ്ങളിലും കന്നുകാലികൾ ചത്തു. ചൊവ്വാഴ്‌ച അഗളിയിൽ ഒരു ആടും ബുധനാഴ്‌ച കരിമ്പുഴയിൽ ഒരു പശുവും ചത്തു. അഗളി, പറളി, മുണ്ടൂർ തുടങ്ങിയ പ്രദേശങ്ങളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നത് ക്ഷീരകർഷകരെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. കുടിവെള്ള ക്ഷാമവും തീറ്റപ്പുല്ല് ലഭ്യതക്കുറവും പ്രയാസമുണ്ടാക്കുന്നു. പാലുൽപ്പാദനത്തിൽ 30 ശതമാനംവരെ ഇടിവുണ്ടായി. വേനലിൽ കൊയ്‌ത്തുകഴിഞ്ഞ പാടശേഖരങ്ങളിലേക്കുപോലും പശുക്കളെ അഴിച്ചുകെട്ടാൻ കഴിയുന്നില്ല. കന്നുകാലികൾ തീറ്റയെടുക്കാൻ മടിക്കുന്നതായും അകിടുവീക്കം പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായും കർഷകർ പറഞ്ഞു. മലമ്പുഴ, മുതലമട ഭാഗങ്ങളിൽ കന്നുകാലികളെ കൂടാതെ മത്സ്യകൃഷിയെയും ചൂട് ബാധിച്ചിട്ടുണ്ട്. മീനുകൾ ചത്തുപൊങ്ങുന്ന സ്ഥിതിയും പലയിടങ്ങളിൽ റിപ്പോർട്ട് ചെയ്തു.
കൺട്രോൾ റൂമിൽ ബന്ധപ്പെടാം
അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് ജില്ലാ മൃഗാശുപത്രിയുമായിചേർന്ന് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. വിവരങ്ങൾക്കും ഉടൻ ചികിത്സയ്ക്കുമായി 9400600589 എന്ന നമ്പറിൽ ബന്ധപ്പെടാം. എല്ലാ മൃഗാശുപത്രികളിലും ചികിത്സ ലഭ്യമാണ്.
ചൂട് സമ്മർദം
ഉയർന്ന താപനിലയും അന്തരീക്ഷത്തിലെ ഈർപ്പവും കാരണം മൃഗങ്ങളുടെ ശരീരത്തിലെ ചൂട് പുറന്തള്ളാൻ കഴിയാതെ വരുന്നത് ‘ചൂട് സമ്മർദം' (Heat Stress) എന്ന ഗുരുതരമായ അവസ്ഥയ്ക്ക് കാരണമാകും. വേഗത്തിലുള്ള ശ്വസനം, തീറ്റ എടുക്കുന്നതിലെ കുറവ്, അമിതമായ ദാഹം, പാലുൽപ്പാദനത്തിലെ ഇടിവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ശരിയായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ ഇത് മൃഗങ്ങളുടെ മരണത്തിനുവരെ കാരണമായേക്കാം.
▶ വായുസഞ്ചാരമുള്ള കൂടുകൾ: തൊഴുത്തുകളിലും പക്ഷിക്കൂടുകളിലും ഫാനുകൾ സ്ഥാപിച്ച് വായുസഞ്ചാരം ഉറപ്പാക്കണം. ടിൻ ഷീറ്റുകൾക്കുപകരം ചൂട് പ്രതിരോധിക്കുന്ന മേൽക്കൂരകളോ പനയോല കൊണ്ടുള്ള അടിക്കൂരകളോ ഉപയോഗിക്കുന്നത് ഉചിതം. ▶ ജലലഭ്യത: സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് മടങ്ങുവരെ കൂടുതൽ വെള്ളം മൃഗങ്ങൾക്ക് ഈ സമയത്ത് ആവശ്യമാണ്. എപ്പോഴും തണുത്തതും ശുദ്ധവുമായ കുടിവെള്ളം ലഭ്യമാക്കണം. ▶ തീറ്റക്രമീകരണം: ചൂട് കുറഞ്ഞ അതിരാവിലെയോ വൈകുന്നേരമോ മാത്രം തീറ്റ നൽകുക. ഉമിനീർ നഷ്ടപ്പെടുന്നത് മൂലമുണ്ടാകുന്ന അസിഡിറ്റി തടയാൻ കാലിത്തീറ്റയിൽ നിശ്ചിത അളവിൽ അപ്പക്കാരം ചേർക്കാവുന്നതാണ്. ▶ കുളിപ്പിക്കൽ: പശുക്കളെയും മറ്റും ദിവസം ഒന്നോ രണ്ടോ തവണ കുളിപ്പിക്കുന്നത് ശരീരതാപനില ക്രമീകരിക്കാൻ സഹായിക്കും.










0 comments