രുചിക്കൂട്ട്
നുകരാം തമിഴകത്തിന്റെ 'കേരള' രുചി

മംഗലാംകുന്ന് മുറുക്ക്
എം സി അനിൽകുമാർ
Published on Jun 25, 2026, 01:53 AM | 1 min read
ശ്രീകൃഷ്ണപുരം
മംഗലാംകുന്ന് എന്ന പേർ പ്രശസ്തമാണ് മുറുക്കിനും ആനകൾക്കും. മുണ്ടൂർ -– പെരിന്തൽമണ്ണ സംസ്ഥാന പാതയിലെ മംഗലാംകുന്ന് ജങ്‌ഷനിൽ പാതയോരത്തെ വീടുകൾക്കുമുന്നിൽ ചില്ലുകൂട്ടിൽ അടുക്കിവച്ച അരിമുറുക്ക് കാണാം. ഗ്രാമീണ രുചിയേറെയുള്ള ഈ മുറുക്കിനെ അവഗണിച്ച് ഇതുവഴി കടന്നുപോകാനാകില്ല. നൂറ്റാണ്ടുകൾക്ക് മുന്പ് തമിഴ്‌നാട്ടിൽനിന്നെത്തിയവരാണ് മുറുക്ക് ഇവിടെ അവതരിപ്പിച്ചത്. ദൂരദേശങ്ങളിൽനിന്നുപോലും മുറുക്ക് വാങ്ങാൻ സ്ഥിരമായി എത്തുന്നവരുണ്ട്. ഉത്സവങ്ങൾ ഏറെയുള്ള വേനൽക്കാലത്താണ് വിൽപ്പനകൂടുതൽ. പതിറ്റാണ്ടുകളുടെ രുചി പാരമ്പര്യമുള്ള മുറുക്ക് ‘മംഗലാംകുന്ന്' ഗ്രാമത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. വള്ളുവനാട്ടിലെ ഭൂരിഭാഗം ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്കും ഇവിടെനിന്നുള്ള മുറുക്ക് വിൽപ്പനയ്‌ക്കെത്തും. ഉത്സവം കണ്ട് പോകുന്നവരുടെ കൈയിൽ മുറുക്കും ഒപ്പം പൊരിയും ഉൾപ്പെടുന്ന കൂട് ഉണ്ടാകും. സമീപത്തെ പരിയാനമ്പറ്റ ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്നവരും മംഗലാംകുന്ന് ജങ്‌ഷനിൽ എത്തി മുറുക്ക് വാങ്ങാറുണ്ട്. ഇവിടെ മൊത്തമായും ചില്ലറയായും വിൽപ്പനയുണ്ട്. അരിപ്പൊടി, ഉഴുന്നുമാവ്, മഞ്ഞൾ, എള്ള്, ജീരകം, ഉപ്പ് എന്നിവ പ്രത്യേക അളവിൽ കൂട്ടിക്കുഴച്ച് കൈകൊണ്ടാണ് മുറുക്ക് ചുറ്റുന്നത്. തുടർന്ന് എണ്ണയിൽ വറുത്തുകോരും. വലുതും ചെറുതുമായി വിവിധ വലിപ്പത്തിലുള്ള മുറുക്കുണ്ട്. മംഗലാംകുന്ന് മുറുക്കിന് 100 വർഷത്തിലധികം പഴക്കമുണ്ട്. നേരത്തെ ഒരുപാട് കുടുംബങ്ങൾ മുറുക്ക് വ്യവസായത്തിന്റെ ഭാഗമായിരുന്നെങ്കിലും ഇപ്പോൾ പത്തോളം കുടുംബങ്ങൾ മാത്രമാണ് മുറുക്കുണ്ടാക്കുന്നത്. ഇന്നും പല കുടുംബങ്ങളും ഇൗ വ്യവസായത്തെ ആശ്രയിച്ച് ജീവിക്കുന്നുണ്ടെന്ന് മുറുക്ക് വിൽക്കുന്ന മംഗലാംകുന്ന് അങ്ങാടിയിലെ കുമാരി രാജു പറയുന്നു.









0 comments