ദേശീയപാതയിൽ അപകടം തുടർക്കഥ

പുതുശേരി ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപം ചളിക്കുളമായ റോഡ്
എസ് നന്ദകുമാർ
Published on Jul 31, 2026, 12:47 AM | 2 min read
പുതുശേരി
വാളയാർ-– വടക്കഞ്ചേരി ദേശീയപാതയിൽ മേൽപ്പാലം പണി നടക്കുന്നതിന്റെ ഭാഗമായി ചെയ്‌ത അശാസ്‌ത്രീയ ഗതാഗത പരിഷ്‌കരണം കാരണം രണ്ട് മാസത്തിനിടെ പൊലിഞ്ഞത് അഞ്ച് ജീവനുകൾ. 16 ആളുകൾക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം പുതുശേരി കുരുടിക്കാട് ഗതാഗത പരിഷ്കരണത്തിനായി റോഡിൽവച്ച കോൺക്രീറ്റ് ഡിവൈഡറിൽ ബൈക്കിടിച്ച് പുതുശേരി സ്വദേശി സുഭാഷ് മരിച്ചതാണ് ഒടുവിലത്തെ സംഭവം. തിങ്കളാഴ്ച ഡിവൈഡറിലിടിച്ച് കണ്ടെയ്നർ ലോറി മറിഞ്ഞിരുന്നു. കുരുടിക്കാടാണ് കൂടുതൽ അപകടങ്ങളുണ്ടാകുന്നത്. ജൂലൈ 18ന് മേൽപ്പാലം പണിക്ക് റോഡിൽ നിരത്തിയ ചാക്ക് ടയറിൽ കുരുങ്ങി സ്കൂട്ടർ യാത്രികനും ഒരു മാസം മുമ്പ് ടാങ്കർ ലോറിയും ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. ജൂണിൽ പുതുശേരി പെട്രോൾ പന്പിന് സമീപം കണ്ണാടി സ്വദേശിയായ യുവാവ്, അതിന് രണ്ട് ദിവസം മുമ്പ് ചന്ദ്രനഗറിൽ തമിഴ്നാട് സ്വദേശിയായ യുവാവ്, മെയ് 26ന് പുതുശേരിയിൽ കൊടുമ്പ് സ്വദേശിയായ യുവാവ് എന്നിവരാണ് മരിച്ചത്. ഇതിൽ പുതുശേരിയിൽ മരിച്ച രണ്ട് പേരും പുതിയ ഗതാഗത ക്രമീകരണം തിരിച്ചറിയാതെ മറ്റ് വാഹനങ്ങളിൽ ഇടിച്ചാണ് മരിച്ചത്. ചന്ദ്രനഗറിൽ പാലം പണിക്കായി റോഡിൽ സ്ഥാപിച്ച കോൺക്രീറ്റ് ഡിവൈഡറിലിടിച്ചാണ് തമിഴ്നാട് സ്വദേശി മരിച്ചത്. നിലവിൽ ചന്ദ്രനഗർ, പുതുശേരി, കുരുടിക്കാട്, കഞ്ചിക്കോട്, പഞ്ചായത്ത് ഓഫീസിന് സമീപം, ആലാമരം എന്നിവിടങ്ങളിലാണ് മേൽപ്പാലം പണികൾ പുരോഗമിക്കുന്നത്. ചന്ദ്രനഗർ, പുതുശേരി, പഞ്ചായത്ത് ഓഫീസിന് സമീപം എന്നിവിടങ്ങളിൽ ദേശീയപാതയുടെ ഒരു ഭാഗം പൊളിച്ച് കോൺക്രീറ്റ് ഡിവൈഡർ സ്ഥാപിച്ച് വടംകെട്ടി ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. ഇത് തിരിച്ചറിയാതെ വരുന്നവരാണ് അപകടത്തിൽപ്പെടുന്നത്. രാത്രിയിലാണ് കൂടുതൽ അപകടങ്ങളും. മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വേഗത്തിൽ വരുന്ന വാഹനങ്ങൾ തിരിയേണ്ട സ്ഥലത്തുവച്ച മുന്നറിയിപ്പ് ബോർഡ് ശ്രദ്ധിക്കാതെവരുന്നു. രാത്രി ഇവിടങ്ങളിൽ വേണ്ടത്ര വെളിച്ചമില്ലാത്തതും അപകടം വർധിപ്പിക്കുന്നു. പുതുശേരിയിൽ ഭാരത് പെട്രോളിയം പമ്പിന് സമീപവും ആലാമരത്തിന് സമീപവും പഴയ ഡിവൈഡർ പൊളിച്ചാണ് വാഹനങ്ങൾ തിരിയാനുള്ള സ്ഥലം താൽക്കാലികമായി ഉണ്ടാക്കിയിരിക്കുന്നത്. കോയമ്പത്തൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളും പാലക്കാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങളും ഒരേ ദിശയിൽ തിരിക്കുന്നതും പുതുശേരിയിൽ ബസ് സ്റ്റോപ്പ് ആയതിനാൽ കൂടുതൽ കാൽനട യാത്രക്കാർ പൊളിച്ച വഴിയിലൂടെ എത്തുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. വെളിച്ചക്കുറവ് ഉള്ളതിനാൽ ഇവിടെ റിഫ്ലക്ടർ സ്ഥാപിക്കണമെന്നും പകൽസമയം ദേശീയപാത കരാർക്കമ്പനി ജീവനക്കാർ ഗതാഗത നിയന്ത്രണത്തിന് നിൽക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
അനക്കമില്ലാതെ അധികൃതർ
ദേശീയപാത മേൽപ്പാല നിർമാണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ അശാസ്ത്രീയ ഗതാഗത പരിഷ്കാരം കാരണം അഞ്ച് ജീവൻ നഷ്ടമായിട്ടും അധികൃതർക്ക് അനക്കമില്ല. ദേശീയപാത അതോറിറ്റിയോ പൊലീസോ ഹൈവേ പൊലീസോ മോട്ടർവാഹന വകുപ്പോ ഇതുവരെ വിഷയത്തിൽ ഇടപെട്ടിട്ടില്ല. കരാർ കമ്പനി ജീവനക്കാർ വാഹന നിയന്ത്രണവും സുരക്ഷയും ഒരുക്കണമെന്ന നിബന്ധനയുണ്ടെങ്കിലും ഒരിടത്തും സുരക്ഷയ്ക്ക് ഉദ്യോഗസ്ഥരില്ല. പുതുശേരി പഞ്ചായത്ത് ജങ്‌ഷനിലും കഞ്ചിക്കോട് ആശുപത്രി ജങ്‌ഷനിലും വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ചീറിപ്പായുന്ന, വാഹനങ്ങൾക്കു മുന്നിലൂടെ ജീവൻ കൈയിൽ പിടിച്ചാണ് ദേശീയപാത കുറുകേ കടക്കുന്നത്. സുരക്ഷ ഒരുക്കിയില്ലെങ്കിൽ ഏതു നിമിഷവും ഇവിടെ അപകടം സംഭവിക്കാം.
നരഹത്യക്ക് കേസെടുക്കണം: സിപിഐ എം
ദേശീയപാതയിലെ അശാസ്ത്രീയ ഗതാഗത പരിഷ്കരണത്തിനും അപകടമരണം വർധിക്കുന്നതിനും ഉത്തരവാദികൾ കരാർ കമ്പനിയും എൻഎച്ച്എഎയുമാണ്. ഇവർക്കെതിരെയും ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും നരഹത്യക്ക് കേസെടുക്കണമെന്ന് സിപിഐ എം പുതുശേരി ഏരിയ സെക്രട്ടറി നിതിൻ കണിച്ചേരി പറഞ്ഞു. ഏറെ അപകടമുണ്ടാക്കുന്ന കോൺക്രീറ്റ് ഡിവൈഡറുകൾ പലയിടങ്ങളിൽ സ്ഥാപിച്ചതും കൃത്യമായ സൂചനാ ബോർഡുകൾ ഇല്ലാത്തതും അപകടം വർധിപ്പിക്കുന്നുണ്ട്. ചന്ദ്രനഗർ, പുതുശേരി എന്നിവിടങ്ങളിൽ മേൽപ്പാലം പണി കാരണം മഴയത്ത് വെള്ളക്കെട്ട് രൂക്ഷമായതും പരിഹരിക്കാൻ കരാർ കമ്പനി തയ്യാറാകണം. അപകടത്തിൽപ്പെട്ടവർക്ക് കരാർ കമ്പനി നഷ്ടപരിഹാരം നൽകണം.
വെള്ളക്കെട്ടിലും ഗതാഗതക്കുരുക്കിലും വലഞ്ഞ് പുതുശേരി ജങ്‌ഷൻ
ദേശീയപാതയിലെ തിരക്കേറിയ ജങ്‌ഷനായ പുതുശേരിയിൽ മേൽപ്പാല നിർമാണം കാരണം ബുദ്ധിമുട്ടുകയാണ് യാത്രക്കാരും വ്യാപാരികളും. ദേശീയപാത ഒരു ഭാഗം അടച്ചതിനാൽ കോയമ്പത്തൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ജങ്ഷന് തൊട്ടടുത്തുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലൂടെയാണ് കടന്നുപോകുന്നത്. ഇവിടെ മഴവെള്ളം കയറി റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട് നിറഞ്ഞുകവിഞ്ഞ് കടകളിലേക്ക് കയറിത്തുടങ്ങി. വാഹനങ്ങൾ ചെറിയ റോഡിലൂടെ തിങ്ങിനിരങ്ങി പോകുന്നതിനാൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. പ്രദേശത്ത് പൊലീസും ദേശീയപാത സുരക്ഷാ ജീവനക്കാരും ഇല്ലാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു









0 comments