ad
Deshabhimani

രാമശേരിയിലുണ്ട് രുചിയുടെ ഇഡ്ഡലിക്കഥ

രാമശേരി 
ഇഡ്ഡലിയുണ്ടാക്കുന്ന 
ശ്രീ സരസ്വതി ടീ 
സ്റ്റാളിലെ തൊഴിലാളികളായ കൗസല്യയും രുഗ്മണിയും

രാമശേരി 
ഇഡ്ഡലിയുണ്ടാക്കുന്ന 
ശ്രീ സരസ്വതി ടീ 
സ്റ്റാളിലെ തൊഴിലാളികളായ കൗസല്യയും രുഗ്മണിയും

avatar
എസ്‌ നന്ദകുമാർ

Published on May 28, 2026, 12:50 AM | 1 min read

എലപ്പുള്ളി

കടലുകടന്ന ഇഡ്ഡലി പെരുമ രാമശേരി എന്ന ഗ്രാമത്തിന് മാത്രം സ്വന്തം. പാലക്കാട് എത്തുന്ന ഭക്ഷണപ്രേമികൾ ആദ്യം അന്വേഷിക്കുന്നത് രാമശേരി ഇഡ്ഡലിയാണ്‌.നഗരത്തിൽ അങ്ങിങ്ങായി ഇഡ്ഡലി കടകളുണ്ടെങ്കിലും യഥാർഥ സ്വാദ് അനുഭവിച്ചറിയണമെങ്കിൽ നഗരത്തിൽ നിന്നും അഞ്ചുകിലോമീറ്റർ മാത്രം അകലെയുള്ള രാമശേരി എന്ന ഗ്രാമത്തിലെത്തണം. ആദ്യമായി കാണുന്നവർക്ക് ദോശയാണോ ഇഡ്ഡലിയാണോ എന്ന സംശയം വരുന്ന പലഹാരമാണിത്. "ദൊഡ്ഡലിയെന്ന്" ട്രോളന്മാർ വിളിക്കുന്നു. രാമശേരിയിലെ ഭാഗ്യലക്ഷ്മിയമ്മയുടെ ശ്രീ സരസ്വതി ടീ സ്റ്റാളാണ് വർഷങ്ങളായി ഇഡ്ഡലിയുടെ സ്വാദ് വിളമ്പുന്നതിൽ മുൻപിൽ. പുലർച്ചെ അഞ്ച് മുതൽ ടീ സ്റ്റാളിൽ നിന്നും പുക ഉയർന്ന് തുടങ്ങും. പതിറ്റാണ്ടുകളായി ഭാഗ്യലക്ഷ്മിയമ്മയാണ് ഇഡ്ഡലിയുണ്ടാക്കുന്നത്. ഇപ്പോൾ വിശ്രമത്തിലാണെങ്കിലും കടയിൽ എത്താറുണ്ട്. മരുമകൾ രൂപിതയാണ് കടയിൽ മേൽനോട്ടം. പത്ത് ജോലിക്കാർ കൂടെയുണ്ട്. ദിവസേന 500 മുതൽ 1000 ഇഡ്ഡലിവരെയാണ് പാചകം ചെയ്യുന്നത്. ഒരു സെറ്റ് ഇഡ്ഡലിക്ക് 30 രൂപയാണ്. ഇതിന്റെ കൂടെ ലഭിക്കുന്ന മുളക് ചട്ണി, ചമ്മന്തി, സാമ്പാർ, ഇഡ്ഡലി പൊടി, തേങ്ങ ചട്ണി എന്നിവക്ക് ആരാധകരേറെ. പത്ത് കിലോ പൊന്നിയരിക്ക് ഒന്നര കിലോ ഉഴുന്നുപരിപ്പും 50 ഗ്രാം ഉലുവയും എന്ന തോതിലാണ് കൂട്ട് തയ്യാറാക്കുന്നത്. മൂന്നും കൂടി തലേദിവസം നന്നായി അരച്ച് വയ്‌ക്കും. നേരത്തെ പുളി വിറകുപയോഗിച്ച് അടുപ്പിൽ മൺപാത്രത്തിലായിരുന്നു പാചകം. മൺപാത്രത്തിന് മുകളിൽ തലങ്ങും വിലങ്ങും നൂൽകെട്ടി തുണി വിരിച്ച് അഞ്ച് തട്ടുകളിലായി മാവൊഴിക്കും. ആവി പുറത്ത് പോകാതിരിക്കാൻ മുകൾ ഭാഗം പാത്രം കൊണ്ട് മൂടും. ആവിയിൽ വെന്തതിന് ശേഷം ഓരോ തട്ടുകളായി ഇറക്കി വച്ച് ഇഡ്ഡലി ഇളക്കിയെടുക്കുന്നതാണ് രീതി. മൺപാത്രങ്ങൾ പെട്ടെന്ന് പൊട്ടാൻ തുടങ്ങിയതും പുളി വിറകിന്റെ ദൗർലഭ്യവും കാരണം അലുമിനിയം പാത്രത്തിലേക്കും ഗ്യാസ് അടുപ്പിലേക്കും പാചകം മാറി. പണ്ട് ഒരു ഇഡ്ഡലിക്ക് എട്ട്‌ പൈസയായിരുന്നു വില. അന്ന്‌ ഒരാഴ്ചയോളം കേടുവരാതെയിരിക്കുമായിരുന്നു. ഇപ്പോൾ അരിയുടെ മാറ്റവും മാറിയ പാചക രീതിയും കാരണം മൂന്ന് ദിവസം വരെ മാത്രമേ സൂക്ഷിക്കാൻ പറ്റുകയുള്ളൂ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home