ഒരാഴ്‌ചയ്‌ക്കിടെ ചികിത്സതേടിയത് 5,547 പേർ
മഴ തുടങ്ങി പനിയുംകൂടി


സ്വന്തം ലേഖകൻ
Published on Jun 09, 2026, 12:00 AM | 1 min read
പാലക്കാട്
മഴക്കാലം തുടങ്ങിയതോടെ പനി ബാധിച്ചവരുടെ എണ്ണത്തിലും വർധന. ജില്ലയിൽ കഴിഞ്ഞ ഏഴ് ദിവസത്തിൽ പനിയെത്തുടർന്ന് ആശുപത്രികളിൽ ചികിത്സ തേടിയവരുടെ എണ്ണം 5,547. ഇതിൽ 99 പേർ വിവിധ ആശുപത്രികളിൽ കിടത്തിച്ചികിത്സയിലാണ്. 17 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കാലാവസ്ഥയിലെ മാറ്റങ്ങളാണ് പനികൂടാനുള്ള കാരണമായി കണക്കാക്കുന്നത്. തണുത്ത കാലാവസ്ഥ, ചുമ, ജലദോഷം തുടങ്ങിയ ആരോഗ്യാവസ്ഥയും ഉണ്ടാക്കുന്നു. കൊതുക് വ്യാപനമാണ് ഡെങ്കിപ്പനി ഉയർത്തുന്നത്. ജില്ലയിൽ തുടർച്ചയായി മഴ ലഭിക്കാത്തതിനാൽ കെട്ടിനിൽക്കുന്ന വെള്ളം ഒഴുകിപ്പോകാനുള്ള സാഹചര്യമില്ല. ഇങ്ങനെ കെട്ടിനിൽക്കുന്ന വെള്ളത്തിലാണ് ഡെങ്കിപ്പനിക്ക് കാരണക്കാരായ ഇൗഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്. ഉപേക്ഷിച്ച ചിരട്ടകൾ, പ്ലാസ്റ്റിക് കപ്പുകൾ, പൂച്ചട്ടികൾ, ടയറുകൾ, ടെറസ്, സൺഷെയ്ഡുകൾ, ഫ്രിഡ്‌ജിന്റെ പുറകിലെ ട്രേ, എയർ കൂളറുകൾ, ഉപേക്ഷിച്ച പാത്രങ്ങൾ, ജലസംഭരണി തുടങ്ങിയവയെല്ലാം കൊതുക് പെരുകാൻ സാധ്യതയുള്ള ഇടങ്ങളാണ്. ചില പഞ്ചായത്തുകളിലും നഗരസഭകളിലും വേണ്ടവിധത്തിൽ മഴക്കാലപൂർവ ശുചീകരണം നടത്താത്തത് കൊതുക് വ്യാപനത്തിന് കാരണമായിട്ടുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ഡെങ്കിപ്പനി നിസാരമല്ല
ഡെങ്കിപ്പനി നിസാരമായി കാണേണ്ട രോഗമല്ല. കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ ജീവനുതന്നെയാണ് അപകടം. ഉയർന്ന പനി, പേശികളിലും സന്ധികളിലും വേദന, കഠിനമായ തലവേദന, കണ്ണുകളുടെ പിൻഭാഗത്തുള്ള വേദന, ശരീരത്തിൽ ചുവന്ന പാടുകൾ, ഓക്കാനം, ഛർദി, അതിസാരം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. കഠിനമായ വയറുവേദന, വിട്ടുമാറാത്ത ഛർദി, മലത്തിലൂടെയോ മൂക്കിലൂടെയോ വായിലൂടെയോ ഉള്ള രക്തസ്രാവം, അമിതമായ തളർച്ച എന്നിവയാണ് ഡെങ്കിപ്പനി ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങൾ. സ്വയംചികിത്സ പൂർണമായി ഒഴിവാക്കണം. ഉടൻ വൈദ്യസഹായം തേടണം. ഡോക്ടറുടെ നിർദേശമില്ലാതെ വേദനസംഹാരികളും മറ്റ് മരുന്നുകളും കഴിക്കുന്നത് ആരോഗ്യാവസ്ഥ കൂടുതൽ സങ്കീർണമാക്കും. രോഗം മാറുന്നതുവരെ ശരീരത്തിന് പൂർണ വിശ്രമം നൽകണം.










0 comments