ad
Deshabhimani

എല്‍ഡിഎഫ് സര്‍ക്കാരുകളുടെ വികസനവഴിയില്‍ ജില്ലയുടെ മാറിയ ആരോഗ്യഭൂപടം

ഹെല്‍ത്തി വൈബ്; എല്ലാവര്‍ക്കും സൗഖ്യം

അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി

അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി

വെബ് ഡെസ്ക്

Published on Mar 21, 2026, 12:56 AM | 4 min read

ജനകീയ ആരോഗ്യകേന്ദ്രങ്ങൾ മുതൽ അത്യാധുനിക മെഡിക്കൽ കോളേജ് വരെ– 10 വർഷത്തിനിടയിൽ ജില്ലയുടെ ആരോഗ്യഭൂപടം അടിമുടി മാറി. കിഫ്‌ബി വഴി അത്യാധുനിക നിലവാരത്തിലുള്ള കെട്ടിടങ്ങൾ പണിതു. അടിസ്ഥാന സ‍ൗകര്യങ്ങൾ മെച്ചപ്പെടുത്തി. രണ്ട് എൽഡിഎഫ് സർക്കാരുകളുടെ തുടർച്ചയായ ഇടപെടലിലൂടെ ജില്ലയിലെ ആതുരാലയങ്ങൾ ഹെെടെക്കായി. ഈ കുതിപ്പ് തുടരാൻ ആഗ്രഹിക്കുകയാണ് നാട്.


10 വർഷം, 1,810 കോടി

• ആർദ്രം മിഷൻ പദ്ധതിയിലൂടെ 76 
 കുടുംബാരോഗ്യ കേന്ദ്രങ്ങളിലും 504 ജനകീയ 
 ആരോഗ്യ കേന്ദ്രങ്ങളിലും ലോകോത്തര 
 നിലവാരമുള്ള ചികിത്സ ഉറപ്പാക്കി. • ഒപികൾ നവീകരിച്ചു, ഡോക്ടർമാരുടെ 
 എണ്ണം വർധിപ്പിച്ചു. • 202 പുതിയ ആരോഗ്യ വകുപ്പ് തസ്തികകളും 
 ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ 22 
 തസ്തികകളും അടുത്തിടെ സൃഷ്ടിച്ചു. • ഓൺലൈൻ തിരക്ക് ഒഴിവാക്കാൻ 
 'ഇ-ഹെൽത്ത്', ടെലിമെഡിസിൻ 
 സംവിധാനങ്ങൾ • യുഡിഎഫ് കാലത്ത് പരിമിതമായ 
 സൗകര്യങ്ങളിൽ ശ്വാസം മുട്ടിയിരുന്ന 
 പാലക്കാട് മെഡിക്കൽ കോളേജിൽ മാത്രം 
 1500 കോടി രൂപ ചെലവിട്ട്‌ വികസനം • പാലക്കാട് ജില്ലാ ആശുപത്രിക്ക് മികച്ച 
 സേവനത്തിനുള്ള 'കായ കൽപ്പം' 
 പുരസ്‌കാരം ലഭിച്ചു


കിഫ്‌ബി കരുത്ത്‌

• കിഫ്ബി വഴി 246.80 കോടി രൂപയാണ് 
 ജില്ലയിലെ പ്രധാന ആശുപത്രികളുടെ 
 നവീകരണത്തിന്‌ അനുവദിച്ചത്. • ജില്ലാ ആശുപത്രിയിൽ 127.15 കോടിയുടെ 
 പുതിയ കെട്ടിടം നിർമാണം പൂർത്തിയായി. • താലൂക്ക് ആശുപത്രികൾ: ചിറ്റൂർ (70.51 
 കോടി), ഒറ്റപ്പാലം (11.29 കോടി), ആലത്തൂർ 
 (12.31 കോടി), മണ്ണാർക്കാട് (12.27 കോടി), 
 പട്ടാമ്പി (13.27 കോടി).


ടോപ്ക്ലാസ്‌

പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ പുതിയ കെട്ടിടം തയ്യാർ. കിഫ്ബിയിൽ 127.15 കോടി രൂപ ചെലവിട്ടാണ്‌ നിർമാണം. അവസാനഘട്ട പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു. പാർക്കിങ് സൗകര്യം ഒരുക്കുന്ന പണിയാണ്‌ ബാക്കി. 1,85,000 ചതുരശ്ര അടിയിൽ അഞ്ച്‌ നിലയിലാണ് കെട്ടിടം. മെഡിക്കൽ സ്‌പെഷ്യാലിറ്റി, സർജിക്കൽ സ്‌പെഷ്യാലിറ്റി, റേഡിയോളജി വിഭാഗം‌ എന്നിവയുണ്ടാകും. താഴത്തെ നില, ഒന്നാംനില എന്നിവിടങ്ങളിൽ ഒപിയും രണ്ടും മൂന്നും നിലയിൽ വാർഡും ഐസിയുവുമാണ്‌. നാലാം നിലയിൽ അഞ്ച്‌ ഓപ്പറേഷൻ തിയറ്റർ, 240 കിടക്കകളുള്ള സ്ത്രീ-–പുരുഷ വാർഡുകൾ, ഐസിയു, നിരീക്ഷണ ഐസിയു (സ്‌റ്റെപ്പ്‌ഡൗൺ ഐസിയു) റിക്കവറി, പോസ്‌റ്റ്‌ ഓപ്പറേഷൻ, പ്രീ–-ഓപ്പറേഷൻ വാർഡ് എന്നിവയുണ്ടാകും. ​തുക വകയിരുത്തിയതിങ്ങനെ: കെട്ടിടനിർമാണം– 64.11 കോടി, അനുബന്ധ പ്രവർത്തനം– 4.21 കോടി, പ്ലമ്പിങ്‌–6.68 കോടി, വൈദ്യുതീകരണം– 9.29 കോടി, ലിഫ്‌റ്റുകൾ– 2.13 കോടി, എയർ കണ്ടീഷൻ‌– 1.62 കോടി, സബ്‌ സ്‌റ്റേഷൻ ഉപകരണങ്ങൾ– 8.29 കോടി, വാട്ടർ ടാങ്ക്‌– 1.08 കോടി, മറ്റ്‌ വികസന പ്രവർത്തനം– 1.61 കോടി, സർവീസ്‌ കെട്ടിടം– 70 ലക്ഷം, മെഡിക്കൽ ഉപകരണങ്ങൾ, ഫർണിച്ചർ– 27.43 കോടി.


എല്ലാം ഉഷാർ

ഒറ്റപ്പാലത്ത്‌ ഒന്നാംതരം ചികിത്സ. സ്വകാര്യ ആശുപത്രിയെ വെല്ലുന്ന കെട്ടിടങ്ങളും സ‍ൗകര്യവുമാണ്‌ താലൂക്ക്‌ ആശുപത്രിയിൽ. കിഫ്‌ബി മുഖേന 11.36 കോടി രൂപ വിനിയോഗിച്ച്‌ പുതിയ ഒ പി, കാഷ്വാലിറ്റി ബ്ലോക്കുകൾ. 18,804 ചതുരശ്രഅടിയിൽ മൂന്ന്‌ നില കെട്ടിടമാണ്‌ ഒരുക്കിയത്‌. ഒ പി കാഷ്വാലിറ്റി എന്നിവയ്‌ക്കുപുറമെ ലാബ്, ഇ സി ജി എന്നിവ ഇങ്ങോട്ട്‌ മാറ്റി. 24 മണിക്കൂർ പ്രവർത്തിക്കുന്ന ഡിജിറ്റൽ എക്സ്റേ യൂണിറ്റ്‌, ലാബ്‌, ബ്ലഡ് ബാങ്ക്‌, നേത്ര ചികിത്സാ വിഭാഗത്തിൽ ശസ്ത്രക്രിയ എന്നിവയുണ്ട്‌. 1943 ൽ ഗവ. ഡിസ്‌പെൻസറിയായി ആരംഭിച്ചതാണ്‌ ഒറ്റപ്പാലം– ചെർപ്പുളശേരി റോഡിലെ താലൂക്ക് ആശുപത്രി. ദിവസവും 1500ലധികംപേർ ഒപിലെത്തുന്നു. കീമോ തെറാപ്പി യൂണിറ്റുമുണ്ട്‌. ആഴ്ചയിൽ മൂന്നുദിവസം ഓങ്കോളജിസ്‌റ്റ്‌ സേവനവും ലഭിക്കും.


വ്യാധിയിൽ ആധിയില്ല

പത്തുവർഷംമുന്പ്‌ ഇല്ലായ്‌മയുടെ കഥ മാത്രമായിരുന്നു ഇവിടെ. ഇപ്പോൾ എല്ലാം മാറി. ഏഴുനിലയിൽ തലയുയർത്തി നിൽക്കുകയാണ്‌ ചിറ്റൂർ താലൂക്ക്‌ ആശുപത്രി. കിഫ്ബിയിൽ 70.51 കോടി രൂപ ചെലവിട്ടാണ്‌ കെട്ടിട നിർമാണം. സ്‌ത്രീകൾക്കും കുട്ടികൾക്കുമായി ബ്ലോക്കും (നാലുകോടി) തുറന്നു. നിലവിൽ 16 ഡോക്ടർമാരാണുള്ളത്‌. തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കും. ഓപ്പറേഷൻ തിയറ്റർ, ഐസിയു, ഡയാലിസിസ് യൂണിറ്റ്, സ്കാൻ സെന്റർ, വാർഡ്‌, ലാബ്‌, സൂപ്പർ സ്പെഷ്യാലിറ്റി ഒപികൾ എന്നിവയുണ്ട്‌. ​താഴേനിലയിൽ അത്യാഹിത വിഭാഗം, ഐസിയു യൂണിറ്റുകൾ, ഓപ്പറേഷൻ തിയറ്റർ, എംആർഐ, സിടി സ്കാൻ, എക‍്സ‍്റേ യൂണിറ്റ്, നഴ്‌സിങ്‌ റൂം എന്നിവയാണുള്ളത്‌. ഒന്നാം നില– ഡോക്ടർമാരുടെ പരിശോധനാ കേന്ദ്രം, ഓഫീസുകൾ, മെഡിക്കൽ ഷോപ്പ്, ഒ പി കൗണ്ടർ, കോൺഫറൻസ് ഹാൾ.രണ്ടാംനില–ബ്ലഡ് ബാങ്ക്, ഡയാലിസിസ് യൂണിറ്റ്, വിവിധ വാർഡുകൾ. മൂന്നാംനില–ഇഎൻടി, ശിശുരോഗ വിഭാഗം, കണ്ണുരോഗ വിഭാഗം, വിവിധ വാർഡുകൾ. നാലാംനില–വിവിധ ഐസിയു യൂണിറ്റുകൾ, ഓപ്പറേഷൻ വാർഡുകൾ. അഞ്ചാംനില– അനസ്തേഷ്യാ മുറികൾ, സ്റ്റോർമുറികൾ. ഏറ്റവുംമുകളിൽ തുണിഅലക്കൽ പോലുള്ളവയ്‌ക്കുള്ളതാണ്‌.


അമ്മമാരുടെ കണ്ണീർതുടച്ച കാലം

ഒരു കാലത്ത് ശിശുമരണത്തിന്റെ വാർത്തകളാൽ നിറഞ്ഞ അട്ടപ്പാടിയുടെ കഥ മാറി. മുപ്പതുശതമാനമായിരുന്ന ശിശുമരണനിരക്കാണ് മികച്ച ആരോഗ്യ അടിസ്ഥാന സ‍ൗകര്യങ്ങൾ മെച്ചപ്പെടുത്തി സംസ്ഥാന സർക്കാർ 6.8 ശതമാനമായി പിടിച്ചുനിർത്തിയത്‌. ‘അമ്മവീട്‌’ പദ്ധതിയിലൂടെ ദുർഘടമായ ഭൂപ്രകൃതിയിലും യാത്രാസൗകര്യങ്ങളിലും ആദിവാസി വിഭാഗത്തിലെ ഗർഭിണികൾക്ക് പ്രസവത്തിനുമുമ്പും ശേഷവും സുരക്ഷിത താമസവും പോഷകാഹാരവും ഉറപ്പാക്കി. ഉൾവനങ്ങളിലും എത്തിപ്പെടാൻ പ്രയാസമുള്ള ഊരുകളിലും കഴിയുന്ന ഗർഭിണികളെ പ്രസവത്തിന് ആഴ്ചകൾക്കുമുമ്പേ ‘അമ്മവീടു’കളിലേക്ക് മാറ്റി ഡോക്ടർമാരുടെയും നഴ്സുമാരുടെയും നിരന്തര നിരീക്ഷണം ഏർപ്പെടുത്തി. ഗർഭിണികൾക്കായി അട്ടപ്പാടിയിൽ 28 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സ്ത്രീകളുടെ ആരോഗ്യ വിവരങ്ങൾ ശേഖരിക്കാനും അവർക്ക് ആവശ്യമായ പിന്തുണ നൽകാനും 174 അങ്കണവാടികൾ കേന്ദ്രീകരിച്ച് ‘പെൺട്രിക’ കൂട്ടായ്മയും പ്രവർത്തിക്കുന്നു. ​

സൂപ്പർ സ്പെഷ്യൽ’ കോട്ടത്തറ

31 കോടി രൂപ ചെലവിട്ടതാണ്‌ കോട്ടത്തറ ആശുപത്രിയെ സംസ്ഥാന സർക്കാർ ആധുനിക നിലവാരത്തിലേക്കുയർത്തിയത്‌. റോബോട്ടിക്‌ ശസ്ത്രക്രിയ, ലേബർ റൂം, പേ വാർഡ്‌, 250 ലധികം പേർക്ക്‌ കിടത്തിചികിത്സാ സ‍ൗകര്യം തുടങ്ങിയവ നടപ്പാക്കി. ഒരു ദിവസം 500 രോഗികളെങ്കിലും ഇവിടെ ചികിത്സക്കെത്തുന്നു. ഒരു വർഷം 1000ലധികം ശസ്ത്രക്രിയകളും നടക്കുന്നു. വിമുക്തി പദ്ധതിക്ക്‌ എയിംസ്‌ അക്രഡിറ്റേഷൻ കിട്ടിയ ഏക ആശുപത്രിയും കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി താലൂക്ക്‌ ആശുപത്രിയാണ്‌.

പ്രധാന പദ്ധതികൾ

​• സിടി സ്കാൻ ഇൻസ്റ്റലേഷൻ – 3 കോടി • ലേബർ റൂം നവീകരണം – 2.35 കോടി • ഫയർ ഫൈറ്റിങ് സിസ്റ്റം, എസ്‌കേപ്പിങ്‌ സ്റ്റെയർ, പാരപ്പെറ്റ്, റാമ്പ് – 1.5 കോടി • റാമ്പോടുകൂടിയ ഡോർമെറ്ററി – 1.40 കോടി • ഡയാലിസിസ്, കീമോ തെറാപ്പി കേന്ദ്രം–ഒരു കോടി • ഡോക്ടർമാരുടെ താമസസ്ഥലം – 71 ലക്ഷം • വൈദ്യുതി സംവിധാനം– 69 ലക്ഷം • ഫിസിയോ തെറാപ്പി ബിൽഡിങ്‌–40 ലക്ഷം • ഒപി ബ്ലോക്ക് – 34 ലക്ഷം. • സ്ക്രീനിങ് ബ്ലോക്ക് –31 ലക്ഷം. • കാന്റീൻ സ്റ്റോർ – 21 ലക്ഷം • പവർ ലോൺട്രി –20 ലക്ഷം


ആലത്തൂർ മോഡൽ

പതിനാറ്‌ പഞ്ചായത്തിലെ ജനങ്ങളുടെ ആശ്രയമാണ്‌ ആലത്തൂർ താലൂക്ക്‌ ആശുപത്രി. ദിവസവും ആയിരത്തിലധികം പേരെത്തുന്നു. കിഫ്‌ബി ഫണ്ട്‌ 14.40 കോടി രൂപ ചെലവിട്ട്‌ പുതിയ കെട്ടിടം നിർമിച്ചു. വിപുല ഡയാലിസിസ് സെന്ററും (കിഫ്ബിയിലുൾപ്പെടുത്തി സംസ്ഥാനത്തെ 44 ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റ് ഒരുക്കിയതിലൊന്ന്‌) ഐസിയു യൂണിറ്റുമുണ്ട്. തിങ്ങി ഞെരുങ്ങിയ അത്യാഹിത വിഭാഗം ഓർമയായി. ആധുനിക ലാബ്‌, എക്സ്റേ യൂണിറ്റ്‌, സ്പെഷ്യാലിറ്റി ഒ പി, ജനറൽ ലാബ്, ഇസിജി, ടി ബി യൂണിറ്റ് എന്നിവ പുതിയ കെട്ടിടത്തിൽ പ്രവർത്തനംതുടങ്ങി. സ്ഥലം എംഎൽഎ ഫണ്ടിൽനിന്ന്‌ സംസ്ഥാനത്താദ്യമായി ഒരു ആശുപത്രിക്ക് സ്ഥലംവാങ്ങാൻ എംഎൽഎ ഫണ്ടിൽനിന്ന്‌ തുക അനുവദിച്ചു. 46 സെന്റാണ്‌ (1.10 കോടി രൂപ) കെ ഡി പ്രസേനൻ എംഎൽഎ വാങ്ങി നൽകിയത്. ആശുപത്രിക്ക്‌ ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കിയെങ്കിലും സ്ഥലപരിമിതി വിലങ്ങുതടിയായി. ആശുപത്രിയോടുചേർന്നുള്ള ജയിലും കെട്ടിടങ്ങളുടെ നിർമാണത്തിന് തടസ്സമായി. ഇതിന് പരിഹാരമായാണ് ആശുപത്രിയോട് ചേർന്നുള്ള പറമ്പ് എംഎൽഎ വാങ്ങി നൽകിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home