ad
Deshabhimani

ഒരുങ്ങാം ഫസ്റ്റ് ബെല്ലിന്

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സുൽത്താൻപേട്ട ഗവ. എൽപി സ്കൂളിലെ ക്ലാസ്മുറി ഒരുക്കുന്ന അധ്യാപകർ

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സുൽത്താൻപേട്ട ഗവ. എൽപി സ്കൂളിലെ ക്ലാസ്മുറി ഒരുക്കുന്ന അധ്യാപകർ

avatar
സ്വന്തം ലേഖിക

Published on May 24, 2026, 12:49 AM | 1 min read

പാലക്കാട്

‘പല വർണങ്ങളിലുള്ള ബഞ്ചും ഡസ്കും ഒരുങ്ങി. ബ്ലാക്ക്‌ ബോർഡിൽ പുതുപുത്തൻ ഡസ്‌റ്റർ കൊണ്ട്‌ കഴിഞ്ഞ വർഷത്തെ കുട്ടിക്കുറുമ്പുകൾ മായ്ച്ചു.’ പൂമ്പാറ്റകൾക്കായി പൂന്തോട്ടം ചെത്തിമിനുക്കുന്ന ആവേശത്തോടെ സ്കൂളുകൾ ഒരുക്കുന്ന തിരക്കിലാണ്‌ ജില്ലയിലെ അധ്യാപകർ. ഒരാഴ്‌ച മാത്രം ശേഷിക്കേ, ക്ലാസ്‌മുറികളെല്ലാം വൃത്തിയാക്കണം. അറ്റകുറ്റപണികൾ ചെയ്യണം, ഫാനോ ബൾബോ മാറ്റണമെങ്കിൽ അതുവേണം. പ്രവേശനോത്സവം ചുരുക്കണമെന്നാണ്‌ പുതിയ സർക്കാരിന്റെ തീരുമാനമെങ്കിലും അക്ഷരമുറ്റത്തേക്കുള്ള ചുവടുവയ്‌പ്പിനേക്കാൾ വലുത്‌ മറ്റെന്ത്‌ ആഘോഷമെന്നാണ്‌ അധ്യാപകർ പറയുന്നത്‌. എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ വർണക്കൂടാരങ്ങൾ ഉള്ളതുകൊണ്ടുതന്നെ സ്കൂളിലെത്തുമ്പോൾ കുട്ടികൾ കരയുന്ന കാഴ്‌ച ഇപ്പോഴില്ല. കുട്ടികൾക്ക്‌ ഏറ്റവും സുരക്ഷിതമായി ഇരിക്കാൻ മികച്ച സ‍ൗകര്യങ്ങളാണ്‌ സർക്കാർ സ്കൂളിലാകെയുള്ളത്‌. ക്ലാസ്‌ മുറികളിലും മതിലുകളിലും ചിത്രങ്ങൾ വരച്ച്‌ മനോഹരമാക്കുന്ന പണികൾ നേരത്തെ തന്നെ സ്കൂളുകളിൽ തുടങ്ങിയിരുന്നു. ബസുകളുടെ ഫിറ്റ്‌നസ്‌ പരിശോധന പുരോഗമിക്കുകയാണ്‌. സ്‌കൂള്‍ കെട്ടിടങ്ങള്‍ കൃത്യമായി അറ്റകുറ്റപ്പണി നടത്തി തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന്‌ കെഇആര്‍ പ്രകാരമുള്ള ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന്‌ കലക്ടറുടെ പ്രത്യേക നിർദേശമുണ്ട്‌. കളിസ്ഥലങ്ങളിലും സമീപപ്രദേശങ്ങളിലും പടര്‍ന്നുപിടിച്ച ചെടികൾ വെട്ടിവൃത്തിയാക്കണം. കെട്ടിക്കിടക്കുന്ന വെള്ളം, ഇഴജന്തുക്കളോ വന്യജീവികള്‍ എന്നിവയിലൂടെയുള്ള അപകടങ്ങള്‍ എന്നിവ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണം. ഉപയോഗശൂന്യമായ ഉപകരണങ്ങളും ഫര്‍ണിച്ചറും സ്‌കൂള്‍ പരിസരത്തുനിന്ന് നീക്കണം. സ്‌കൂളുകള്‍ ഭിന്നശേഷി സൗഹൃദമാണെന്ന് ഉറപ്പാക്കണം. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. കിണറുകള്‍ക്ക് സംരക്ഷണഭിത്തി ഉറപ്പാക്കണം തുടങ്ങിയ മാർഗനിർദേശങ്ങൾ ഒരാഴ്‌ച മുമ്പ്‌ വിദ്യാഭ്യാസ വകുപ്പ്‌ പുറപ്പെടുവിച്ചു. വിദ്യാലയങ്ങളുടെ അറ്റകുപണികൾക്ക്‌ ജില്ലാ പഞ്ചായത്ത് 20,000 രൂപ വീതം അനുവദിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home