പോത്തുണ്ടി അണക്കെട്ട് തുറന്നു

നെന്മാറ
പോത്തുണ്ടി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ സ്പില്‍വേ ഷട്ടറുകൾ തുറന്ന് വെള്ളം പുഴയിലേക്ക് ഒഴുക്കി. വെള്ളി പകൽ ഒന്നിനാണ് അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ രണ്ട് സെന്റീമീറ്റർ വീതം തുറന്നത്. 55 അടി സംഭരണശേഷിയുള്ള ഡാമിൽ നിലവിൽ 52 അടിക്കുമുകളിൽ വെള്ളമുണ്ട്. കഴിഞ്ഞവർഷം ഇതേ ദിവസം 30 അടി വെള്ളമാണ് ഡാമിൽ ഉണ്ടായിരുന്നത്. മഴ കൂടുതൽ ശക്തമാവുകയാണെങ്കിൽ ഡാമിലേക്കുള്ള നീരൊഴുക്കിന് ആനുപാതികമായി പുഴയിലേക്ക് കൂടുതൽ വെള്ളം തുറന്നു വിടാൻ സാധ്യതയുണ്ട്. പോത്തുണ്ടി പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
പറമ്പിക്കുളം തുറന്നേക്കും
പാലക്കാട്
ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ പറമ്പിക്കുളം അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ടെന്ന് ജല വിഭവ വകുപ്പ് പറമ്പിക്കുളം ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. നീരൊഴുക്കിന്റെയും അടുത്ത ദിവസങ്ങളിൽ മഴയുടെ അളവും അനുസരിച്ചായിരിക്കും തീരുമാനം. വെള്ളിയാഴ്‌ച ജലനിരപ്പ് 1820.38 അടിയായതോടെ രണ്ടാം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് 4.62 അടികൂടി ഉയർന്നാൽ പൂർണ സംഭരണ ശേഷിയിലേക്കെത്തും. നിലവിൽ 1,861 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ടണൽ വഴി 40 ഘനയടി വെള്ളം പുറത്തേക്കും ഒഴുക്കുന്നുണ്ട്.










0 comments