വിട, വേല– പൂരക്കാലത്തിന്


സ്വന്തം ലേഖകൻ
Published on May 21, 2026, 12:44 AM | 1 min read
പാലക്കാട്
കൊയ്തൊഴിഞ്ഞ പാടങ്ങളിലും ക്ഷേത്ര മൈതാനങ്ങളിലും ഉയർന്ന മേളപ്പെരുക്കത്തിന് വിട. ഞായറാഴ്‌ച കണ്ണമ്പ്ര വേലയ്‌ക്ക് കൊടിയിറങ്ങുന്നതോടെ ഈ വർഷത്തെ പ്രധാന വേല, പൂരങ്ങൾക്ക് പരിസമാപ്തി. ശേഷം നാലോ അഞ്ചോ ചെറിയ ഉത്സവങ്ങൾമാത്രം. മതപരമായ ചടങ്ങുകളല്ല, ജാതിമതഭേദമെന്യേ ജനങ്ങളെ കൂട്ടിച്ചേർക്കുന്ന കാർഷിക സംസ്കൃതിയുടെ ഭാഗമാണ് ഓരോ ആഘോഷവും. പഴയ തലമുറ മാത്രമല്ല, ജെൻസികൾക്കും ഒത്തുചേരലിന്റെ ആനന്ദമായിരുന്നു. നെൽപ്പാടങ്ങൾ കൊയ്‌തൊഴിഞ്ഞ മകരംമുതൽ വേലയും പൂരവും തേരും കുമ്മാട്ടിയും നേർച്ചയും പെരുന്നാളുമായി നാട് ആഘോഷത്തിമിർപ്പിലായിരുന്നു. തലയെടുപ്പുള്ള ഗജവീരന്മാരും പ്രഗത്ഭരായ വാദ്യകുലപതികളും ഉത്സവങ്ങൾക്കായി ജില്ലയിലെത്തി. വേലകളുടെ വേല എന്നറിയപ്പെടുന്ന നെന്മാറ–-വല്ലങ്ങി വേലയും ഏറ്റവും വലിയ പകൽ വെടിക്കെട്ട് നടക്കുന്ന കാവശേരി പൂരവും കാണാൻ ചൂടിനെപ്പോലും വകവെയ്‌ക്കാതെ ജനം ഒഴുകിയെത്തി. പരിയാനംപറ്റ, ചിനക്കത്തൂർ, മണ്ണാർക്കാട്, ചാലിശേരി, ആമക്കാവ് പൂരങ്ങളും ചിറ്റൂർ കൊങ്ങൻപട, മുണ്ടൂർ കുമ്മാട്ടി, കല്ലേപ്പുള്ളി കുമ്മാട്ടി, പട്ടാന്പി നേർച്ച, കൂറ്റനാട് നേർച്ച, പുതുശേരി വെടി, മണപ്പുള്ളി വേല, പുത്തനാൽക്കൽ കാളവേല എന്നിവയും ആഘോഷത്തിന്റെ പെരുന്പറ മുഴക്കി. മതമൈത്രിയുടെ അടയാളമായ തെരുവത്തുപള്ളി നേർച്ചയും പ്രാദേശിക വേല–പൂരങ്ങളും ചേർന്നതോടെ വേനൽ ആനന്ദത്തിലായി. ഉത്സവകാലം ഉപജീവനമാർഗംകൂടിയാണ്. കച്ചവടക്കാർ, വാദ്യക്കാർ, നാടകം, ഗാനമേള, ബാലെ തുടങ്ങിയ കലാരംഗത്തുള്ളവർ, പന്തൽ നിർമാതാക്കൾ, തെരുവ് അഭ്യാസക്കാർ, ആനച്ചമയക്കാർ, ആനപ്പുറത്ത് കയറുന്നവർ, ആനപ്പാപ്പാന്മാർ എന്നിങ്ങനെ ഉത്സവകാലംകൊണ്ട് ഒരുവർഷത്തെ ജീവിതം മെനയുന്നവർ നിരവധി. അതിനിടെയുണ്ടായ മുണ്ടത്തിക്കോട് വെടിക്കോപ്പ് അപകടം ഉത്സവപ്പറന്പുകളെ കണ്ണീരാലാഴ്‌ത്തി. ഉത്സവകാലം കഴിഞ്ഞതോടെ പാലക്കാടൻ പാടങ്ങൾ ഒന്നാംവിള കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലാണ്.









0 comments